ടാറ്റാഗ്രൂപ്പ് കമ്പനികള്‍ക്ക് മൂന്നു ദിവസത്തില്‍ വിപണിയില്‍ നഷ്ടമായത് 55,000 കോടി

ടാറ്റാഗ്രൂപ്പ് കമ്പനികള്‍ക്ക് മൂന്നു ദിവസത്തില്‍ വിപണിയില്‍ നഷ്ടമായത് 55,000 കോടി

 

ന്യൂഡെല്‍ഹി: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാര്‍ സ്ഥാനത്തു നിന്ന് സൈറസ് മിസ്ട്രി അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ടതിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങളില്‍ ഓഹരി വിപണിയില്‍ ഗ്രൂപ്പിന് വന്‍ തിരിച്ചടി. വിപണി മൂല്യത്തില്‍ 55,000 കോടി രൂപയുടെ ഇടിവാണ് മൂന്നു ദിവസത്തില്‍ ഗ്രൂപ്പിനു കീഴിലെ കമ്പനികള്‍ക്ക് മൊത്തമായി ഉണ്ടായത്.
ഇന്നലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഉള്‍പ്പടെയുള്ള ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത് തന്നെ. ടാറ്റാ ഗ്രൂപ്പിനു കീഴിലെ അഞ്ചോളം ബിസിനസുകള്‍ ലാഭകരമല്ലെന്ന സൂചിപ്പിക്കുന്ന സന്ദേശം മിസ്ട്രി പുറത്താകലിനു പിന്നാലെ ടാറ്റാ സണ്‍സ് ഡയറക്റ്റര്‍ ബോര്‍ഡിന് അയച്ചിരുന്നു. ഇ മെയ്‌ലിലെ വിവരങ്ങള്‍ പുറത്തുവന്നതാണ് വിപണിയില്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളെ ഏറ്റവും പ്രതികൂലമായി ബാധിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ടാറ്റാ ഗ്രൂപ്പ് ഓഹരികളുടെ മൂല്യം ഇനിയും താഴെപ്പോകാനാണ് സാധ്യതയെന്നും ഈ വിഷയം ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളുമായി സംസാരിച്ചിട്ടുണ്ടെന്നും ചോയ്‌സ് ബ്രോക്കിംഗിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് വിഭാഗം വൈസ് പ്രസിഡന്റ് അമിത് സിങ് വ്യക്തമാക്കി. പുറത്താക്കപ്പെട്ട ചെയര്‍മാന്റെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പിനു കീഴിലെ വിവിധ ലിസ്റ്റഡ് കമ്പനികളോട് ബിഎസ്ഇ യും എന്‍എസ്ഇ യും വിശദീകരണം തേടിയിട്ടുണ്ട്. ഈ കമ്പനികളുടെ മൊത്തം മൂല്യത്തില്‍ 1.18 ലക്ഷം കോടി രൂപയുടെ കുറവ് നേരിടേണ്ടി വരുമെന്നാണ് മിസ്ട്രി സൂചിപ്പിക്കുന്നത്. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും അറിയിക്കണമെന്നാണ് ടാറ്റാ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റാ ടെലി സര്‍വീസസ്, ടാറ്റാ പവര്‍ എന്നിവ ഉള്‍പ്പടെയുള്ള കമ്പനികളോട് രാജ്യത്തെ പ്രമുഖ ഓഹരി വിപണികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മിസ്ട്രിയും ടാറ്റാ ഗ്രൂപ്പും പരസ്യമായ വിഴുപ്പലക്കലകള്‍ തുടര്‍ന്നാല്‍ അത് ടാറ്റ എന്ന ബ്രാന്‍ഡിനെ ഇനിയും ദോഷകരമായി ബാധിക്കുമെന്നും വിപണിയിലെ തിരിച്ചടി ചിലപ്പോള്‍ ഒന്നു രണ്ടു മാസത്തേക്ക് നീളുമെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. പുതിയ ചെയര്‍മാന്‍ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും തിരിച്ചുവരവ് സാധ്യമാകുക.
വിപണി നിയന്ത്രകരായ സെബിയും ടാറ്റ- മിസ്ട്രി പോര് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ലിസ്റ്റിംഗ് മാനദണ്‍ണ്ഡങ്ങളിലോ കോര്‍പ്പറേറ്റ് മാനദണ്ഡങ്ങളിലോ എന്തെങ്കിലും ലംഘനമുണ്ടായിട്ടുണ്ടോയെന്നാണ് സെബി പരിശോധിക്കുന്നത്.

Comments

comments

Categories: Slider, Top Stories