സുനില്‍ മിത്തല്‍ ജിഎസ്എംഎ ചെയര്‍മാന്‍

സുനില്‍ മിത്തല്‍ ജിഎസ്എംഎ ചെയര്‍മാന്‍

ന്യൂഡെല്‍ഹി: ആഗോളതലത്തിലെ മൊബീല്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ ജിഎസ്എംഎ യുടെ ചെയര്‍മാനായി സുനിര്‍ ഭാരതി മിത്തലിനെ തെരഞ്ഞെടുത്തു. 2017 മുതലുള്ളരണ്ട് വര്‍ഷത്തേക്കാണ് ഭാരതി എയര്‍ടെല്‍ ചെയര്‍മാനായ സുനില്‍ മിത്തല്‍ ജിഎസ്എംഎ യെ നയിക്കുക. ചെയര്‍മാന്‍ എന്ന നിലയില്‍ ജിഎസ്എംഎ യുടെ തന്ത്രപരമായ ഇടപെടലുകള്‍ക്ക് മിത്തല്‍ നേതൃത്വം നല്‍കുമെന്നും സംഘന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 800ഓളം മൊബീല്‍ ഓപ്പറേറ്റിംഗ് കമ്പനികളുടെ പ്രതിനിധികളാണ് ജിഎസ്എംഎ യില്‍ ഉള്ളത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വ്യക്തികളിലും സമൂഹത്തിലും ബിസിനസിലും പരിവര്‍ത്തനം സാധ്യമാക്കിയ ഒന്നായി മൊബീല്‍ മാറിയിട്ടുണ്ടെന്നും പ്രാദേശിക സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ചയ്ക്ക് ലോകത്ത് എല്ലായിടത്തും ഈ സാങ്കേതിക വിദ്യ വലിയ പങ്കുവഹിക്കുകയാണെന്നും സുനില്‍ മിത്തല്‍ പറഞ്ഞു.
ജിഎസ്എംഎ ചെയര്‍മാന്‍ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരാനാണ് സുനില്‍ മിത്തല്‍. ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അധ്യക്ഷനായി ഈ വര്‍ഷം ആദ്യം മിത്തല്‍ ചുമതലയേറ്റിരുന്നു. ഇതുകൂടാതെ നിരവധി അന്താരാഷ്ട്ര വ്യവസായ സംഘടനകളിലും അദ്ദേഹം നേതൃതലത്തില്‍ ഇരുന്നിട്ടുണ്ട്. ന്യൂഡെല്‍ഹിയില്‍ ഈയാഴ്ച നടന്ന ജിഎസ്എംഎ മൊബീല്‍-360 ഇന്ത്യാ സമ്മേളനത്തിന് ആതിഥ്യം വഹിച്ചത് ഭാരതി എയര്‍ടെല്‍ ആയിരുന്നു. ജിഎസ്എംഎ ബോര്‍ഡ് യോഗവും ഇതിന്റെ ഭാഗമായാണ് നടന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മൊബീല്‍ ഓപ്പറേറ്റര്‍മാരെ പ്രതിനിധീകരിച്ച് 26 അംഗങ്ങളാണ് ബോര്‍ഡിലുള്ളത്.

Comments

comments

Categories: Branding