ഇന്ത്യന്‍ ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ സമ്മര്‍ദ്ദ കൂട്ടായ്മ രൂപീകരിക്കാന്‍ സച്ചിന്‍ ബന്‍സാലിന്റെ ശ്രമം

ഇന്ത്യന്‍ ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ സമ്മര്‍ദ്ദ കൂട്ടായ്മ രൂപീകരിക്കാന്‍ സച്ചിന്‍ ബന്‍സാലിന്റെ ശ്രമം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഉപഭോക്തൃ ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു സമ്മര്‍ദ്ദ കൂട്ടായ്മ രൂപീകരിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് സഹ ഉടമ സച്ചിന്‍ ബന്‍സാല്‍ ശ്രമം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി സംരംഭകരുമായും വ്യവസായ പ്രമുഖരുമായും ബന്‍സാല്‍ സംസാരിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഐ) നിലവിലുണ്ടെങ്കിലും അത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികളെ പൊതുവില്‍ പ്രതിനിധീകരിക്കുന്നതാണ്. വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കാണ് അതില്‍ മേധാനിത്വമുള്ളത്. അതിനാലാണ് ഇന്റര്‍നെറ്റ് രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കൂട്ടായി നേരിടുന്നതിനുള്ള ഒരു സംവിധാനത്തെ കുറിച്ച് സച്ചിന്‍ ബന്‍സാല്‍ ആലോചിക്കുന്നത്.

ഒലയുടെ ഭവിഷ് അഗര്‍വാള്‍, സ്‌നാപ്ഡീലിന്റെ കുനാല്‍ ബാഹ്ള്‍, പേടിഎമ്മിന്റെ വിജയ്‌ശേഖര്‍ ശര്‍മ, ഐഎഎംഐ ചെയര്‍മാന്‍ കുനാല്‍ ഷാ എന്നിവരെക്കണ്ട് സച്ചിന്‍ ബന്‍സാല്‍ പുതിയൊരു കൂട്ടായ്മയുടെ ഭാഗമാകുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഹൈക്കിന്റെ കെവിന്‍ ഭാരതി മിത്തല്‍, ക്വിക്കറിന്‍ഫെ പ്രണയ് ചൗലത്ത് എന്നിവരെയും ഇതിന്റെ ഭാഗമായി സമീപിച്ചിട്ടുണ്ട്. എന്നാല്‍ ആരെല്ലാമാണ് കൂട്ടായ്മയുടെ ഭാഗമായി എത്തുക എന്ന് ഇപ്പോള്‍ വ്യക്തമല്ല. ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക അവസ്ഥയിലാണ്. ഒരു വര്‍ഷത്തിനടുത്തായി സച്ചിന്‍ ബന്‍സാല്‍ ഇത്തരമൊരു കൂട്ടായ്മ സംബന്ധിച്ച ആലോചനകള്‍ തുടങ്ങിയിട്ട്. ഇതിന്റെ അജണ്ട എന്താകണമെന്നത് സംബന്ധിച്ച കൃത്യമായ രൂപം ആയിട്ടില്ലെങ്കിലും ഫ്‌ളിപ്കാര്‍ട്ട്, ഒല എന്നിവ പോലുള്ള പ്രാദേശിക കമ്പനികളുടെ താല്‍പ്പര്യ സംരക്ഷണം ഉറപ്പാക്കുന്നതിന് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്താനാകുന്ന ഒരു സംഘടനയാണ് ബന്‍സാല്‍ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന.
യുഎസ്, ചൈനീസ് ഉപഭോക്തൃ ഇന്റര്‍നെറ്റ് സംരംഭങ്ങളില്‍ നിന്നുള്ള വെല്ലുവിളി നേരിട്ടുകൊണ്ട് ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് മുന്നേറാനാകുന്ന തരത്തില്‍ നിയമങ്ങള്‍ ക്രമീകരിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ ഈ കൂട്ടായ്മക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ വന്‍കിടക്കാരായ ബ്രിക്ക്‌സ് ആന്‍ഡ് മോര്‍ട്ടാര്‍ റീട്ടെയ്ല്‍ സംഘങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനും ഇത് അനിവാര്യമാണെന്ന് സച്ചിന്‍ ബന്‍സാല്‍ കണക്കുകൂട്ടുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ പോലുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും പ്രാദേശിക സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ചൈനയുടെ മാതൃക ഇന്ത്യയും പിന്തുടരണമെന്നാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകരില്‍ പലരും ആവശ്യപ്പെടുന്നത്.

എന്നാല്‍ വിദേശ ഇന്റര്‍നെറ്റ് സംരംഭങ്ങളില്‍ നിന്ന് വേറിട്ട പരിചരണം ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന ആവശ്യത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫ്‌ളിപ്കാര്‍ട്ടും ഒലയും വിദേശ നിക്ഷേപം വലിയ അളവില്‍ സ്വീകരിച്ചിട്ടുള്ളവരാണെന്ന വൈരുധ്യവും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

Comments

comments

Categories: Branding