സാംസങ് ഉന്നത സമിതിയില്‍ പുതിയ നിയമനം

സാംസങ് ഉന്നത സമിതിയില്‍ പുതിയ നിയമനം

സിയോള്‍: കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങിന്റെ ഉന്നതതല സമിതിയിലേക്ക് ലീ ജെ യങിനെ (ചെയര്‍മാന്‍ ലീ കുന്‍ ഹീയുടെ മകന്‍) നിയമിച്ചു. ഗാലക്‌സി നോട്ട് 7 മോഡലിന്റെ ബാറ്ററി പൊട്ടിത്തെറിച്ച സംഭവങ്ങളിലൂടെ പ്രതിസന്ധിയിലായ കമ്പനിയുടെ നിലവിലെ അവസ്ഥ മറകടക്കുന്നതിനു വേണ്ടിയാണ് ലീ ജെ യങിനെ ബോര്‍ഡിന്റെ ഭാഗമാക്കിയത്.

ഗാലക്‌സി നോട്ട് 7ന്റെ ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്തിവെക്കേണ്ടിവന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ എന്ന ഖ്യാതി നേടിയ സാംസങ് ഇലക്ട്രോണിക്‌സിന്റെ കഴിഞ്ഞ പാദത്തിലെ വരുമാനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ജൂണില്‍ തുടങ്ങി സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 4.4 ട്രില്ല്യണ്‍ ഡോളറിന്റെ അറ്റാദായമാണ് സാംസങ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷത്തേതില്‍(5.3 ട്രില്ല്യണ്‍) നിന്നും അറ്റാദായത്തില്‍ 17% കുറവുണ്ടായതായും കമ്പനി പറയുന്നു. കഴിഞ്ഞവര്‍ഷത്തേതില്‍ നിന്നും പ്രവര്‍ത്തനലാഭ(5.2 ട്രില്ല്യണ്‍)ത്തില്‍ 29.7% കുറവുണ്ടായിട്ടുണ്ട്. മുന്‍പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭം 36.2 ശതമാനമാണ് ഇടിഞ്ഞത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ അറ്റാദായമാണ് കഴിഞ്ഞ പാദത്തില്‍ സാംസങ്‌രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഷിന്‍ഹുഅ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ആപ്പിൡന്റെ ഐ ഫോണിന് വെല്ലുവിളി ഉയര്‍ത്തിക്കൊാണ്ടാണ് ആദ്യഘട്ടത്തില്‍ സാസംങ് ഗാലക്‌സി നോട്ട് 7 അവതരിപ്പിച്ചത്. എന്നാല്‍ പുറത്തിറക്കി രണ്ട് മാസത്തിനുള്ളില്‍ തന്നെ ബാറ്ററി പൊട്ടിത്തെറിച്ച സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് നോട്ട് 7 ഡിവൈസുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിച്ച് പകരം പുതിയ ഡിവൈസുകള്‍ കമ്പനി നല്‍കി. എന്നാല്‍ വീണ്ടും ഓവര്‍ഹീറ്റിംഗ് പ്രശ്‌നം കാണിച്ച് ഉപഭോക്താക്കള്‍ രംഗത്തു വന്നു. ഇതേത്തുടര്‍ന്നാണ് നോട്ട് 7നെ ഉപേക്ഷിക്കാന്‍ സാസങ് തീരുമാനമെടുത്തത്.

ആവര്‍ത്തിച്ചുണ്ടായ മോശം റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നഷ്ടപ്പെട്ട ബ്രാന്‍ഡ് മൂല്യം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ലീ ജെ യങിനെ കമ്പനി തലപ്പത്തേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ഉന്നത മാനേജ്‌മെന്റ് പദവിയിലും പ്രവൃത്തി പരിചയമില്ലാത്ത അദ്ദേഹത്തിന്റെ നിയമനവും നിരവധി ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബേര്‍ഡ് അംഗമാകാന്‍ യോഗ്യനാണെന്ന് തെളിയിക്കുന്ന ഒരു വിജയവും ലീ ജെയ്ക്ക് അവകാശപ്പെടാനില്ലെന്ന് ലോ ആന്‍ഡ് ബിസിനസ് റിസര്‍ച്ച് സെന്റര്‍ മേധാവി ലീ ജീ സൂ നിരീക്ഷിക്കുന്നു. കമ്പനി ചെയര്‍മാന്‍ ലീ കുന്‍ ഹീയുടെ മകന്‍ എന്ന നിലയ്ക്ക് മാത്രമാണ് ലീ ജെയെ ബോര്‍ഡ് അംഗമാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസങിന് മൂന്നു വിഭാഗങ്ങളിലായി ഇപ്പോള്‍ തന്നെ മൂന്നു സിഇഒ മാരാണ് ഉള്ളത്. ഇതിനിടയ്ക്ക് ലീ ജെ യങിന്റെ പ്രവര്‍ത്തനം എത്തരത്തിലാകുമെന്നും പലരും സംശയമുന്നയിക്കുന്നു.

Comments

comments

Categories: Branding