പെരുന്നയിലെ കൃഷിപ്പെരുമയുമായി രമാദേവി

പെരുന്നയിലെ കൃഷിപ്പെരുമയുമായി രമാദേവി

ഗീതു പീറ്റര്‍

ചങ്ങനാശ്ശേരി പെരുന്നയിലെ രമാദേവിയുടെ മട്ടുപാവില്‍ വിളയാത്ത പച്ചക്കറികളുണ്ടാവില്ല. കൃഷിയോടുള്ള താല്‍പര്യം കുറഞ്ഞു വരുന്ന ഇക്കാലത്ത് പുതിയതലമുറയ്ക്ക് കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് ഈ വീട്ടമ്മ. വൈവിധ്യമാര്‍ന്ന പച്ചക്കറികളാണ് രമാദേവിയുടെ തോട്ടത്തിലുള്ളത്. പയര്‍, പാവല്‍, കോളിഫ്‌ളവര്‍, കാരറ്റ്, വെണ്ട, വഴുതന, ചുരക്ക, തക്കാളി, ബ്രെക്കോളി തുടങ്ങി സാധാരണ കണ്ടുവരുന്ന പച്ചക്കറികള്‍ക്കു പുറമെ വിസ്മൃതിയിലാണ്ടു പോയ പഴയ പച്ചക്കറിയായ അടകാപ്പ് തുടങ്ങിയവയും ഇവിടെയുണ്ട്. ഓരോ വിളയുടെയും വിവിധ ഇനങ്ങളും സുലഭം.

വെള്ളച്ചീര, പുള്ളിച്ചീര, കുപ്പച്ചീര, ചുവന്ന ചീര, സുന്ദരിച്ചീര തുടങ്ങിയ വിവിധ ചീരയിനങ്ങള്‍, ചുവപ്പും പച്ചയും വെള്ളയും നിറങ്ങളിലുള്ള വെണ്ട, കടുംപച്ച നിറത്തിലുള്ള സിറ മുളക് തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

മുത്തശ്ശിയില്‍ നിന്നാണ് കൃഷിയോടുള്ള താല്‍പര്യം രമാദേവിക്കു ലഭിക്കുന്നത്. ചെറുപ്പത്തില്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം മുത്തശ്ശി വീട്ടില്‍ തന്നെ കൃഷി ചെയ്യുമായിരുന്നുവെന്ന രമ ഓര്‍മ്മിക്കുന്നു. മുത്തശ്ശിക്ക് കൃഷിയോട് വലിയ താല്‍പര്യമായിരുന്നു. പച്ചക്കറികള്‍ പറിക്കാന്‍ എന്നെയും കൂടെ കൂട്ടാറുണ്ട്. രമ പറഞ്ഞു. കൃഷിയോടുള്ള താല്‍പര്യം കൊണ്ടു തന്നെയാണ് ബോട്ടണി പഠിക്കാന്‍ തീരുമാനിച്ചതെന്ന് രമാദേവി പറയുന്നു പിന്നീട് ബോട്ടണിയില്‍ തന്നെ എംഎസ്‌സിയും ചെയ്തു.

23 വര്‍ഷമായി രമാദേവി മട്ടുപാവു കൃഷി ആരംഭിച്ചിട്ടെങ്കിലും കൃഷി ഇത്ര വികസിപ്പിച്ചിട്ട് കുറച്ചു വര്‍ഷമേ ആയിട്ടുള്ളൂ. കൃഷിക്ക് പറമ്പ് മതിയാകില്ലെന്നു തോന്നിയതോടെയാണ് രമ മട്ടുപ്പാവു കൃഷിയാരംഭിച്ചത്. സിമന്റ് ചാക്കിലായിരുന്നു കൃഷി. മട്ടുപാവു കൃഷി മൂലം വീടിനു ചോര്‍ച്ചയുണ്ടാകുന്നത് തടയാന്‍ ഇരുമ്പു സ്റ്റാന്റുകളിലായിരുന്നു ചാക്ക് സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഈ രീതി ചിലവേറിയതായതിനാല്‍ ഇപ്പോള്‍ ചിരട്ടയുടെ പുറത്താണ് ചാക്കുകള്‍ വെച്ചിരിക്കുന്നതെന്ന് രമാദേവി പറയുന്നു. ഇത്തരത്തില്‍ 2,000 ത്തോളം ഗ്രോബാഗുകളുണ്ട്. മണ്ണോത്തി കൃഷിഭവനില്‍ നിന്നാണ് കൃഷിക്കാവശ്യമായ വിത്തിനങ്ങള്‍ വാങ്ങുന്നത്. രണ്ടു വീടുകളുടെ ടെറസിലും രമാദേവി കൃഷി ചെയ്യുന്നുണ്ട്.

പൂര്‍ണമായി ജൈവവളമാണ് തോട്ടത്തില്‍ ഉപയോഗിക്കുന്നതെന്ന് അവര്‍ പറയുന്നു. പച്ചച്ചാണകത്തോടൊപ്പം ഗ്രോബാഗില്‍ വളരുന്ന പാഴ്‌ചെടികളും കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, വെള്ളം, കുമ്മായപ്പൊടി എന്നിവയും ചേര്‍ത്താണ് തോട്ടത്തില്‍ ഉപയോഗിക്കുന്നത്. വേപ്പിന്‍ പിണ്ണാക്കും വേപ്പെണയും ഉപയോഗിച്ചുള്ള ജൈവകീടനാശിനിയാണ് പച്ചക്കറികളിലെ കീടങ്ങളെ തുരത്താന്‍ ഇവിടെ ഉപയോഗിക്കുന്നത്. കീടങ്ങളുടെ ആക്രമണത്തിന് മുമ്പ് തന്നെ ഇവ തളിക്കണമെന്ന് രമ പറയുന്നു. പച്ചക്കറികള്‍ ആവശ്യമുള്ളവര്‍ രമാദേവിയെത്തേടി വീട്ടിലെത്തുന്നതിനാല്‍ വിപണനവും എളുപ്പമാണ്. വിളവ് കൂടുതലുള്ളപ്പോള്‍ മാത്രം അടുത്ത കടകളില്‍ കൊടുക്കും. ജൈവ പച്ചക്കറിയായതിനാല്‍ അല്‍പ്പം വില കൂടുതലാണെങ്കിലും കടകളില്‍ രമാദേവിയുടെ പച്ചക്കറികള്‍ക്ക് വന്‍ ഡിമാന്റാണ്.

മകള്‍ കാര്‍ത്തികയുടെ പേരില്‍ ഒരു നഴ്‌സറിയും രമാദേവി നടത്തുന്നുണ്ട്. വീടിനോടു ചേര്‍ന്നു നടത്തുന്ന നഴ്‌സറിയില്‍ ആവശ്യക്കാര്‍ക്ക് ഗ്രോബാഗുകളില്‍ പച്ചക്കറി തൈകള്‍ ലഭ്യമാണ്. കരിയില പൊടിച്ചതും ചാണകപ്പൊടിയും ചകിരിച്ചോറും മണ്ണും ചേര്‍ത്തമിശ്രിതമാണ് ഗ്രോബാഗുകളില്‍ ഉപയോഗിക്കുന്നത്.  മട്ടുപാവു കൃഷിയുടെ എല്ലാകാര്യങ്ങളും രമാദേവി ഒറ്റയ്ക്കു തന്നെയാണ് ചെയ്യുന്നത്. നഴ്‌സറിയില്‍ സഹായത്തിനായി ഒരാളുണ്ട്.

മകള്‍ കാര്‍ത്തിക ബാങ്ക് ജീവനക്കാരിയാണ്. മകന്‍ അഭിമന്യു എ ആര്‍ റഹ്മാന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്നു. മക്കള്‍ക്കും കൃഷിയില്‍ താല്‍പര്യമുണ്ടെന്ന് രമാദേവി.

Comments

comments

Categories: FK Special