പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ റിഫൈനറി വിപുലീകരണത്തിലേക്ക്

പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ റിഫൈനറി വിപുലീകരണത്തിലേക്ക്

 

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ റിഫൈനറികളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും വിപുലീകരണത്തിനുമായി വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ഗ്യാസോലിന്‍, ഡീസല്‍ എന്നിവയെ പോലെ കൂടുതല്‍ ലാഭകരമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യ ഇന്ധന എണ്ണയുടെ കയറ്റുമതി രാജ്യം എന്ന നിലയില്‍ നിന്നും ഇറക്കുമതി രാജ്യം എന്ന നിലയിലേക്ക് മാറുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ പ്രാഥമിക ശുദ്ധീകരണത്തിനു ശേഷം ലഭിക്കുന്നതാണ് ഇന്ധന എണ്ണ. ഇതില്‍ നിന്നാണ് ഗ്യാസോലിനും ഡീസലും വേര്‍തിരിച്ചെടുക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ മൂന്നു പൊതുമേഖലാ എണ്ണ കമ്പനികളും മൊത്തമായി 20 ബില്യണ്‍ ഡോളറോളം റിഫൈനറികളുടെ വിപുലീകരണത്തിനായി 2022 വരെ നിക്ഷേപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വര്‍ധിച്ചു വരുന്ന പ്രാദേശിക ആവശ്യകത കണക്കിലെടുത്ത് ഗ്യാസോലിനും ഡീസലും ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റികളുടെ എണ്ണവും കമ്പനികള്‍ വര്‍ധിപ്പിക്കും.

2020ഓടെ കപ്പല്‍ ഇന്ധനമായി ലോ സള്‍ഫര്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കുന്നതിന് സമാന്തരമായിട്ടാണ് ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വിപുലീകരണത്തിനായി ഏറ്റവുമധികം നിക്ഷേപം നടത്തുന്നത്. 7.48 ബില്യണ്‍ ഡോളര്‍ ചെലവിട്ട് 2022 ആകുമ്പോഴേക്കും ശുദ്ധീകരണ ശേഷി 30 ശതമാനം വര്‍ധിപ്പിക്കുന്നതിനാണ് ഐഒസി ലക്ഷ്യമിടുന്നത്. ഇതോടെ പ്രതിദിനം 2.08 ബാരല്‍ ഇന്ധന എണ്ണ ശുദ്ധീകരിക്കാന്‍ ഇതോടെ കമ്പനിക്കാകും.
എച്ച്പിസിഎലും ബിപിസിഎലും ചേര്‍ന്ന് 11.25 ബില്യണ്‍ ഡോളറിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത. തങ്ങളുടെ എല്ലാ പ്ലാന്റുകളിലെയും ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുന്നതിന് ഈ കമ്പനികള്‍ ലക്ഷ്യമിടുന്നു.

Comments

comments

Categories: Branding