അഭിമുഖം: ‘ലക്ഷ്യം ആഗോള വിപണി; ബൈജൂസിലൂടെ കുട്ടികള്‍ പഠനത്തെ പ്രണയിക്കുന്നു’

അഭിമുഖം: ‘ലക്ഷ്യം ആഗോള വിപണി; ബൈജൂസിലൂടെ കുട്ടികള്‍ പഠനത്തെ പ്രണയിക്കുന്നു’

ഒരു മലയാളി സംരംഭകന്‍ സുക്കര്‍ബര്‍ഗിന് പ്രിയങ്കരനായ കഥ

ഭാവി തലമുറകളെ സ്വാധീനിക്കാന്‍ കഴിയുന്ന മേഖലകളില്‍ നൂതന ആശയങ്ങളുമായി തുടങ്ങുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുകയെന്നതായിരുന്നു ചാന്‍-സുക്കര്‍ബര്‍ഗ് എന്ന പ്രസ്ഥാനം, ഭാര്യ പ്രിസില്ല ചാനിന്റെയും തന്റെയും പേരില്‍ തുടങ്ങുമ്പോള്‍ ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സ്വപ്നം. അതിന്റെ ഭാഗമായി നിരവധി ഇന്നൊവേറ്റിവ് പദ്ധതികളില്‍ സുക്കര്‍ബര്‍ഗ് നിക്ഷേപം നടത്തി. ഏഷ്യയിലെ ആദ്യ നിക്ഷേപത്തിനായി അവര്‍ തെരഞ്ഞെടുത്തത് ഒരു മലയാളിയുടെ സ്റ്റാര്‍ട്ടപ്പായിരുന്നു. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ബൈജു രവീന്ദ്രന്റെ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ്. ബെംഗളൂരു ആസ്ഥാനമായ ബൈജൂസ് ഇന്ത്യയിലെ ഏറ്റവും വലിയ ലേണിംഗ് ആപ്പാണ്.

മൊബീല്‍ ആപ്പുകളുടെ സഹായത്തോടെ പഠനം എളുപ്പമാക്കുകയാണ് ബൈജൂസ് ചെയ്യുന്നത്. സുക്കര്‍ബര്‍ഗിനോടൊപ്പം സെക്വയ കാപ്പിറ്റല്‍, ബെല്‍ജിയം ആസ്ഥാനമായ സോഫിന, ലൈറ്റ്‌സ്പീഡ് വെഞ്ച്വേഴ്‌സ്, ടൈംസ് ഇന്റര്‍നെറ്റ് എന്നീ നിക്ഷേപ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഏകദേശം 330 കോടി രൂപയാണ് ബൈജൂസില്‍ നിക്ഷേപിച്ചിരിക്കുന്നത്. ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് കണക്കുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ വ്യക്ത്യാധിഷ്ഠിത പഠനത്തിനുള്ള അവസരമാണ് ബൈജൂസ് ഒരുക്കുന്നത്. ബൈജൂസ് ആപ്പ് ഇതിനോടകം തന്നെ 5.5 ദശലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. 250,000 വാര്‍ഷിക പെയ്ഡ് ഉപഭോക്താക്കളുണ്ട്. ഇന്ന് 3,500 കോടി രൂപയുടെ മൂല്യമാണ് ബൈജൂസിന് കല്‍പ്പിക്കപ്പെടുന്നത്. ആഗോള വിപണി ലക്ഷ്യമിട്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബൈജു. ദിപിന്‍ ദാമോദരന് അനുവദിച്ച പ്രത്യകേ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍….

എങ്ങനെയായിരുന്നു ബൈജൂസ് ആപ്പിന്റെ തുടക്കം? എഡ്യുടെക് സംരംഭകനായത് എങ്ങനെ, ഒന്നോര്‍ത്തെടുക്കാമോ

എന്റെ അഭിനിവേശം കൊണ്ട് മാത്രം സംഭവിച്ച, ആര്‍ക്കും താല്‍പ്പര്യമുണര്‍ത്തുന്ന ഒരു യാത്രയാണത്. എന്റെ പശ്ചാത്തലം പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും, ഞാനൊരു എന്‍ജിനീയറാണ്, അവിചാരിതമായി ഒരു സംരംഭകനായി. എന്റെ ചോയ്‌സ് ടീച്ചറുടേതായിരുന്നു. ആഴ്ച്ചാവസാനം ഒരു ഹോബിയായി ആണ് മറ്റുള്ളവരെ പഠിപ്പിച്ചു തുടങ്ങിയത്. പിന്നെ അത് ഒരു സംരംഭമായി മാറി. ഇത്രയും വലിയ ഒരു ബിസിനസ് ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

കണ്ണൂരിലെ അഴീക്കോടായിരുന്നു എന്റെ സ്‌കൂള്‍ പഠനം. ഞാന്‍ പഠിച്ചിരുന്ന മലയാളം മീഡിയം സ്‌കൂളില്‍ ടീച്ചര്‍മാരായിരുന്നു അച്ഛനും അമ്മയും. അന്ന് മുതലേ ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ ഗെയിംസില്‍ വലിയ താല്‍പ്പര്യമായിരുന്നു. ഇപ്പോഴും കളിക്കും. ലീഡര്‍ഷിപ്പ് സ്‌കില്‍, സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ മാനേജ് ചെയ്യുക തുടങ്ങിയ ബിസിനസ് സംബന്ധമായ നിരവധി കാര്യങ്ങള്‍ക്ക് ഗെയിംസിലേര്‍പ്പെടുന്നത് സഹായിക്കുമെന്നാണ് എന്റെ അനുഭവം. ഡിഗ്രി കഴിഞ്ഞ് എന്‍ജിനീയറായി ജോലി ചെയ്യാന്‍ ആരംഭിച്ചു.

ഞാന്‍ പഠിച്ചിരുന്ന മലയാളം മീഡിയം സ്‌കൂളില്‍ ടീച്ചര്‍മാരായിരുന്നു അച്ഛനും അമ്മയും. അന്ന് മുതലേ ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ ഗെയിംസില്‍ വലിയ താല്‍പ്പര്യമായിരുന്നു. ഇപ്പോഴും കളിക്കും. ലീഡര്‍ഷിപ്പ് സ്‌കില്‍, സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ മാനേജ് ചെയ്യുക തുടങ്ങിയ ബിസിനസ് സംബന്ധമായ നിരവധി കാര്യങ്ങള്‍ക്ക് ഗെയിംസിലേര്‍പ്പെടുന്നത് സഹായിക്കുമെന്നാണ് എന്റെ അനുഭവം

ആയിടയ്ക്ക് ചുമ്മാ കൂട്ടുകാരുമായി പോയി എഴുതിയതാണ് കാറ്റ് (സിഎടി-കോമണ്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) പരീക്ഷ. ഐഐഎം കോളെജുകളിലേക്ക് പ്രവേശനം മോഹിച്ചാണ് മിക്കവരും കാറ്റ് എഴുതുന്നത്. റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ തന്നെ ഒന്നു ഞെട്ടി. ഞാന്‍ 100 ശതമാനം സ്‌കോര്‍ ചെയ്തിരിക്കുന്നു. അതും അത്രവലിയ തയാറെടുപ്പുകളൊന്നും ഇല്ലാതെ പരീക്ഷ എഴുതിയിട്ട്. എന്നെ തന്നെ ഒന്നു പരീക്ഷിക്കണമെന്നു തോന്നി. ഞാന്‍ പഠിച്ച രീതിയും. അങ്ങനെ ഒരിക്കല്‍ കൂടി പരീക്ഷ എഴുതി. അപ്പോഴും ആദ്യത്തെ സ്‌കോര്‍ ആവര്‍ത്തിച്ചു.

ഇതു കണ്ടതോടെ സുഹൃത്തുക്കള്‍ അവരെ പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായി പഠിപ്പിക്കണമെന്ന് പറഞ്ഞു. പതുക്കെ, അവര്‍ അവരുടെ സുഹൃത്തുക്കളെയും എന്നിലേക്കെത്തിച്ചു. അങ്ങനെ 100 കുട്ടികള്‍ പിന്നിട്ടു. പിന്നീട് അത് വലിയ ഓഡിറ്റോറിയങ്ങളിലും സ്‌റ്റേഡിയങ്ങളിലും ആയിരത്തിലധികം കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന തരത്തിലേക്ക് വളര്‍ന്നു. ഇത്തരത്തിലുള്ള മികച്ച പ്രതികരണം ഞാന്‍ പഠിപ്പിക്കുന്ന രീതി ശരിയാണെന്ന് തെളിയിച്ചു. എത്തരത്തില്‍ ചോദ്യങ്ങളെ പ്രതീക്ഷിക്കാമെന്നും എങ്ങനെ പഠിക്കാമെന്നുമാണ് ഞാന്‍ പ്രധാനമായും കുട്ടികളെ പഠിപ്പിക്കുന്നത്. എന്‍ജിനീയറുടെ വേഷം അഴിച്ചുവെച്ച്, മുഴുവന്‍സമയ ടീച്ചിംഗിലേക്ക് കടന്നു അങ്ങനെ. പരമാവധി കുട്ടികളിലേക്ക് എത്തി.

byju1

എപ്പോഴാണ് ബൈജൂസ് ആപ്പിലേക്ക് എത്തിയത്?

നല്ലൊരു ടീം ആയപ്പോള്‍ 2009ല്‍ ബൈജൂസ് ഓണ്‍ലൈന്‍ വിഡിയോ അധിഷ്ഠിത കാറ്റ് പദ്ധതികള്‍ ആരംഭിച്ചു. ആദ്യമായി ആയിരുന്നു ടെക്‌നോളജി ഉപയോഗപ്പെടുത്തിയത്. ഇതിലൂടെ രാജ്യത്ത് 50ലധികം കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ നടത്താന്‍ സാധിച്ചു. ഇതിനെത്തുടര്‍ന്നാണ് തിങ്ക് & ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് (ബൈജൂസിന്റെ മാതൃ കമ്പനി) എന്ന പേരില്‍ നാല് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് പുതിയ സംരംഭം ആരംഭിച്ചത്.

ഫ്‌ളാഗ്ഷിപ്പ് പ്രൊഡക്റ്റായ ബൈജൂസ്-ദി ലേണിംഗ് ആപ്പ് തുടങ്ങിയത് 2015 ഓഗസ്റ്റിലായിരുനനു. ഇതൊരു വഴിത്തിരിവായിരുന്നു. പഠനത്തിനുള്ള ഒരു ഉപകരണമെന്ന നിലയില്‍ സ്മാര്‍ട്ട്‌ഫോണും അതിനുള്ള മാധ്യമം എന്ന നിലയില്‍ ആപ്പും ഞങ്ങള്‍ക്ക് പരിധിയില്ലാതെ കുട്ടികളിലേക്ക് എത്താനുള്ള അവസരം തന്നു.

വ്യക്ത്യാധിഷ്ഠിത പഠനത്തിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കിയത്. പരീക്ഷകളോടുള്ള പേടിയായിരുന്നു പഠനത്തോടുള്ള സ്‌നേഹത്തേക്കാള്‍ വിദ്യാര്‍ത്ഥികളെ നയിച്ചത്. ടെക്‌നോളജിയിലൂടെ പഠനത്തോട് അവര്‍ക്ക് പ്രണയം സംഭവിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

byjus-app-layoutഎഡുടെക് സ്റ്റാര്‍ട്ടപ്പുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍. ബൈജൂസില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിക്ഷേപം നടത്തിയ ശേഷമാണ് എഡുകാര്‍ട്ടിനെ പേടിഎം ഏറ്റെടുത്തത്. ഇന്ത്യയില്‍ എഡുടെക് സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകള്‍?

ലോകത്തെ തന്നെ ഏറ്റവും വലിയ കെ-12 വിദ്യാഭ്യാസ സംവിധാനമാണ് ഇന്ത്യയിലേത്. എന്നാല്‍ ഗുണനിലവാരമില്ലാത്ത ടീച്ചര്‍മാരുടെ അഭാവവും നയങ്ങളിലെ കേന്ദ്രീകൃത സ്വഭാവവും പരീക്ഷാപേടിയുമെല്ലാം ആഗോള വിദ്യാഭ്യാസരംഗത്ത് ഇന്ത്യയെ പുറകോട്ടടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെ പൊളിച്ചെഴുതുന്ന ടെക് അധിഷ്ഠിത എഡുസംരംഭങ്ങള്‍ക്ക് ഇവിടെ വലിയ സാധ്യതയുണ്ട്. ഇപ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് ബൈജൂസ് ആപ്പ് വികസിപ്പിക്കുന്നത്. ഓരോ വിദ്യാര്‍ത്ഥിയുടെയും പശ്ചാത്തലത്തിനനുസരിച്ചുള്ള വ്യക്തിഗത പഠനരീതിയാണ് ഞങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത്. ചോദ്യങ്ങള്‍ പരിഹരിക്കാന്‍ പരിശീലിപ്പിക്കുന്നതാണ് നമ്മുടെ ഇപ്പോഴത്തെ രീതി, ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. പരീക്ഷ കഴിഞ്ഞാല്‍ മറന്നുപോകുന്ന തരത്തില്‍ അറിവ് സമ്പാദിക്കുന്ന രീതി മാറിയാലേ അത് സാധ്യമാകൂ. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളോ മറ്റ് വേലിക്കെട്ടുകളോ ഇല്ലാതെ എല്ലാവരെയും അറിവിന്റെ പുതിയ തലങ്ങളിലേക്ക് നയിക്കാമെന്നതാണ് ഈ മേഖലയുടെ ഭംഗി.

എന്തായിരിക്കാം സുക്കര്‍ബര്‍ഗിനെ ബൈജൂസ് ആപ്പിലേക്ക് ആകര്‍ഷിച്ച ഘടകം?

നേരത്തെ പറഞ്ഞല്ലോ, ഇതൊരിക്കലും ഒരു ബിസിനസായി പ്ലാന്‍ ചെയ്തതല്ല. ഞാന്‍ എന്റെ ‘പാഷന്‍’ തുടര്‍ന്നു. എന്റെ ശക്തി തിരിച്ചറിഞ്ഞു, അത് പിന്നീടൊരു ബിസിനസായി മാറി. ഈ മോഡലിന് ശക്തമായൊരു അടിത്തറയുണ്ട്. അതുകൊണ്ടാണ് നിക്ഷേപങ്ങള്‍ എത്തുന്നത്. കാംപസുകളില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വിഡിയോ ക്ലാസുകളില്‍ പങ്കെടുക്കുന്നത് കണ്ടായിരുന്നു ആദ്യം നിക്ഷേപകരെത്തിയത്. അപ്പോള്‍ നിക്ഷേപത്തിനായി ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല. പക്ഷേ ഫണ്ട് വന്നതോടു കൂടി ഉല്‍പ്പന്നങ്ങളുടെ എണ്ണം കൂട്ടാന്‍ തുടങ്ങി. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രത്യേക തന്ത്രങ്ങളൊന്നുമില്ല.

ഗുണനിലവാരമുള്ള ടീച്ചര്‍മാരുടെ അഭാവം പരിഹരിക്കുന്ന, വ്യക്ത്യാധിഷ്ഠിത പഠനരീതിയുള്ള ഞങ്ങളുടെ മോഡലാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. പിന്നെ ഞങ്ങളുടെ സാന്നിധ്യവും. 70 ശതമാനത്തോളം ഉപഭോക്താക്കളും മെട്രോനഗരങ്ങളുടെ പുറത്തുനിന്നാണ്.

ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ ടെക്‌നോളജി എത്തരത്തിലാണ് മാറ്റിമറിച്ചുകൊണ്ടിരിക്കുന്നത്?

ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറം എല്ലാവരിലേക്കും ഉന്നതഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസം എത്തിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം സാങ്കേതികവിദ്യയെ ഈ രംഗവുമായി കൂട്ടിയിണക്കുകയെന്നതാണ്. ടെക്‌നോളജി ഇവിടെ വരുത്തുന്ന മാറ്റങ്ങള്‍ അഭൂതപൂര്‍വമാണ്. ഇതിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ ഇനിയും നമ്മള്‍ കാണാനിരിക്കുന്നതേയുള്ളൂ. വ്യക്ത്യാധിഷ്ഠിത പഠന രംഗത്ത് വലിയ വിപ്ലവങ്ങളാണ് ടെക്‌നോജി കൊണ്ടുവരുന്നത്. ഫലവത്തായ പഠന അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ടെക്‌നോളജിക്ക് വലിയ പങ്കുവഹിക്കാന്‍ സാധിക്കും.

ബൈജൂസ് ആപ്പ് ഇതിനോടകം തന്നെ 5.5 ദശലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. 250,000 വാര്‍ഷിക പെയ്ഡ് ഉപഭോക്താക്കളുണ്ട്. ഇന്ന് 3,500 കോടി രൂപയുടെ മൂല്യമാണ് ബൈജൂസിന് കല്‍പ്പിക്കപ്പെടുന്നത്.

byjus-app-2വിദ്യാഭ്യാസരംഗത്തെ നിലവിലെ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ ടെക്‌നോളജിക്ക് ശേഷിയുണ്ട്. രാജ്യം കൂടുതല്‍ ടെക് സേവി ആകുന്തോറും പഠനത്തോടുള്ള വിദ്യാര്‍ത്ഥികളുടെ സമീപനം തന്നെ സാങ്കേതികവിദ്യ പൊളിച്ചെഴുതും. ഓഫ്‌ലൈന്‍ പഠനം ഓണ്‍ലൈനായി നടത്തുന്നത് മാത്രമല്ല ഓണ്‍ലൈന്‍ ലേണിംഗ്. പഠനം കൂടുതല്‍ മികവുറ്റതാക്കാനും അനുഭവവേദ്യമാക്കാനും അത് സഹായിക്കും. ഓരോ വിദ്യാര്‍ത്ഥിക്കും അവന്റെ ശക്തിയുടെയും ദൗര്‍ബല്യത്തിന്റെയും അടിസ്ഥാനത്തില്‍ മികവുറ്റ രീതിയില്‍ പഠിക്കാനുള്ള അവസരമാണ് ഇതൊരുക്കുന്നത്. പഠനം കൂടുതല്‍ അര്‍ത്ഥവത്താകുമെന്ന് ചുരുക്കിപ്പറയാം.

പരീക്ഷകള്‍ക്ക് വേണ്ടി പഠിക്കുകയെന്ന രീതി മാറി ജീവിതത്തിന് വേണ്ടി പഠിക്കുകയെന്ന അവസ്ഥ സംജാതമായിത്തീരും.

ബൈജൂസ് ആപ്പിന്റെ അടുത്തഘട്ട വികസന പദ്ധതികള്‍ എന്തെല്ലാം?

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍ സ്വീകാര്യതയാണ് ഞങ്ങളുടെ ആപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ബൈജൂസ് ആപ്പ് ലഭ്യമാണ്. സുക്കര്‍ബര്‍ഗിന്റെ ചാന്‍-സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവുള്‍പ്പെടെയുള്ള നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടിംഗ് അന്താരാഷ്ട്ര വിപണികളെ ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ ഉപയോഗപ്പെടുത്തും. ഉന്നത ഗുണനിലവാരത്തിലുള്ള ലേണിംഗ് മൊഡ്യൂളുകളും വിഡിയോകളും എല്ലാ ഗ്രേഡുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കും. നിലവില്‍ ആഗോള വിപണിയില്‍ ബൈജൂസ് ആപ്പ് പോലൊരു ഉല്‍പ്പന്നമില്ല. ആ സാധ്യത മുതലെടുക്കുകയാണ് ലക്ഷ്യം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തെ മുഴുവന്‍ കുട്ടികളും പഠനത്തെ വേറിട്ട രീതിയില്‍ സമീപിക്കുന്ന ഉല്‍പ്പന്നങ്ങളുമായി ഞങ്ങള്‍ എത്തും.

ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവിന്റെ ഭാഗമായി പ്രസില്ലയും ഞാനും ഇന്ത്യന്‍ എഡു ടെക്‌നോളജി സ്റ്റാര്‍പ്പായ ബൈജൂസില്‍ നിക്ഷേപിക്കുകയാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നു വരുന്ന കുട്ടികളില്‍ ഓരോരുത്തര്‍ക്കും അവര്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ പഠനം നടത്താന്‍ സഹായകമാകുന്ന ആപ്പാണ് ബൈജൂസ്. ബൈജൂസ് സബ്‌സ്‌ക്രൈബ് ചെയ്ത 250,000 പേരും ഓരോ ദിവസവും ശരാശരി 40 മിനുറ്റ് ഈ ആപ്പ് ഉപയോഗിക്കുന്നു. ഒരു സര്‍വെയില്‍ റിപ്പോര്‍ട്ട് അനുസരിച്ച് 80 ശതമാനം മാതാപിതാക്കളും പറയുന്നത് ബൈജൂസ് ആപ്പ് അവരുടെ കുട്ടികളുടെ പഠനരീതിയില്‍ നാടകീയമായ മാറ്റങ്ങള്‍ വരുത്തിയെന്നാണ്.

മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സിഇഒ, ഫേസ്ബുക്ക്

Comments

comments

Categories: FK Special, Slider