ഉപാസനയുടെ വിജയം, മൊബിക്വിക്കിന്റെയും

ഉപാസനയുടെ വിജയം, മൊബിക്വിക്കിന്റെയും

 

മുംബൈ: കശ്മീരി പൈതൃകവും ഗുജറാത്തില്‍ നിന്നു ലഭിച്ച പ്രാഥമിക വിദ്യാഭ്യാസവും പഞ്ചാബില്‍ നിന്നു നേടിയെടുത്ത സാങ്കേതിക പരിശീലനവുമാണ് ഉപാസന ടാകുവെന്ന വനിതാ സംരംഭകയുടെ വ്യക്തിത്വത്തില്‍ വൈവിധ്യമാര്‍ന്ന ആശയങ്ങളുടെ വിത്തു പാകിയത്. ഓണ്‍ലൈന്‍ മൊബീല്‍ വാലറ്റായ മൊബിക്വിക്കിന് തുടക്കം കുറിക്കുമ്പോള്‍ ഈ ആശയങ്ങളാണ് മുന്നോട്ടുള്ള പ്രയാണത്തിന് ഉപാസന ടാകുവിന് സഹായകമായത്.

സൂററ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജലന്ധറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജയിലാണ് ഉപാസന ടാകു എത്തിയത്. അവിടെ നിന്നും ബിടെക് ബിരുദം നേടിയ ഉപാസന സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്നാണ് എംഎസ് കരസ്ഥമാക്കിയത്. തുടര്‍ന്ന് എച്ച്എസ്ബിസിയുടെ സാന്‍ഡിയാഗോ ഘടകത്തില്‍ ഔദ്യോഗികജീവിതം ആരംഭിച്ച അവര്‍ വളരെ നിര്‍ണായകമായ പല പദവികളും അവിടെ കൈകാര്യം ചെയ്തു. അവിടെ നിന്നും പേപാലിലേക്കു പോയ ഉപാസനയ്ക്ക് അമേരിക്ക, യൂറോപ്പ്, ഏഷ്യ മുതലായ വിപണികളിലെ പണമിടപാട് സേവനങ്ങളെ കുറിച്ച് കൃത്യമായ ധാരണ നേടിയെടുക്കാന്‍ സാധിച്ചു.

2008 ആയതോടുകൂടി കോര്‍പ്പറേറ്റ് കമ്പനികളിലെ ഉദ്യോഗങ്ങള്‍ക്കപ്പുറം വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ഉപാസന തീരുമാനമെടുത്തു. ജോലി താരതമ്യേന വളരെ എളുപ്പമുള്ളതായി മാറുകയായിരുന്നു എനിക്ക്. നൂറു കണക്കിന് മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന ഗൗരവമേറിയ പല പദ്ധതികളുടേയും ചുമതല വഹിക്കാനുള്ള അവസരം വന്നു ചേര്‍ന്നുവെങ്കിലും ജോലിയില്‍ നിന്നുള്ള ആത്മസംതൃപ്തി കുറഞ്ഞു വരികയായിരുന്നു-ഉപാസന ടാകു വ്യക്തമാക്കി.

ഒട്ടും സമയം പാഴാക്കാതെ 2009 ഓടു കൂടി ഇന്ത്യയില്‍ തിരിച്ചെത്തിയ ഉപാസന ഇന്ത്യയിലെ പണമിടപാട് വ്യവസ്ഥയുടെ സൂക്ഷ്മ വശങ്ങള്‍ മനസിലാക്കി. പേപാലിന്റേതു പോലുള്ള വാലറ്റ് സേവനങ്ങള്‍ ഇന്ത്യയില്‍ പലരും ഉള്‍ക്കൊള്ളാറായിട്ടില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഈ അവസരത്തിലാണ് ഉപാസന പിന്നീട് സ്വന്തം ജീവിതപങ്കാളിയായ ബിപിനെ പരിചയപ്പെടുന്നത്. സമാനമായ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ബിപിന്‍. 2009ല്‍ മൊബിക്വിക് ആരംഭിച്ചപ്പോള്‍ നിരവധി ഘടകങ്ങളില്‍ ഉപാസന ബിപിനു കൂട്ടായി നിന്നു. ആറുമാസം കഴിഞ്ഞപ്പോഴേക്കും ഉപാസനയ്ക്ക് ആത്മവിശ്വാസം വര്‍ധിക്കുകയും മൊബിക്വിക്ക് ചുവടുറപ്പിക്കാനും തുടങ്ങി. തുടര്‍ന്ന് മൊബിക്വിക്കിന്റെ സഹസ്ഥാപകയായി മുഴുവന്‍ സമയപ്രവര്‍ത്തനങ്ങള്‍ ഉപാസന ആരംഭിച്ചു.

മൊബിക്വിക്ക് വളരെ ലളിതവും സമൂഹത്തിന് ആവശ്യം ഉള്ളതുമായ പദ്ധതിയായിരുന്നു. റീചാര്‍ജിംഗ് കേന്ദ്രമെന്ന രീതിയിലാണ് മൊബിക്വിക്കിന്റെ തുടക്കം പിന്നീടത് മൊബീല്‍ വാലറ്റ് എന്ന രീതിയിലേക്ക് വളരുകയായിരുന്നു. ഇന്ത്യയിലെ ആദ്യ മൊബീല്‍ വാലറ്റെന്ന് അഭിമാനത്തോടു കൂടി മൊബിക്വിക്കിനെ ഞങ്ങള്‍ വിശേഷിപ്പിക്കും-ഉപാസന ചൂണ്ടിക്കാട്ടി.

2010ലാണ് മൊബിക്വിക്കിന് ആദ്യ ജീവനക്കാരനെ ലഭിക്കുന്നത്. വ്യത്യസ്തമായ സാങ്കേതിക പരിചയമുള്ള വ്യക്തിയെ കണ്ടെത്തുകയെന്നത് അന്നത്തെ കാലത്ത് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നുവെന്ന് ഉപാസന ഓര്‍മിക്കുന്നു. 2011ല്‍ മൊബിക്വിക്ക് അംഗങ്ങളുടെ എണ്ണം ആറായി വര്‍ധിച്ചു. അക്കാലത്ത് മിക്കവാറും സഹപ്രവര്‍ത്തകര്‍ക്കു ഉച്ചഭക്ഷണം ഉണ്ടാക്കിക്കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്വം ഉപാസനയ്ക്കായിരുന്നു. 2014 ാേടു കൂടിയാണ് സാഹചര്യങ്ങള്‍ മൊത്തത്തില്‍ മാറിമറിഞ്ഞത്. ആദ്യ സാമ്പത്തിക നിക്ഷേപമായ 50 ലക്ഷം ഡോളര്‍ ദ്വാരകയില്‍ നിന്ന് ഗുഡ്ഗാവിലേക്ക് സാമാന്യം ഭേദപ്പെട്ട ഓഫിസ് അന്തരീക്ഷത്തിലേക്ക് മാറാന്‍ ഉപാസനയ്ക്കും ബിപിനും സഹായകമായി. ജീവനക്കാരുടെ അംഗ സംഖ്യ അപ്പോഴേക്കും 50 ആയി വര്‍ധിച്ചിരുന്നു. 2016 ആയപ്പോഴേക്കും 50 മില്യണ്‍ ഡോളറില്‍ കുറഞ്ഞ സാമ്പത്തികനിക്ഷേപം മൊബിക്വിക്കിന് സ്വീകരിക്കേണ്ടി വന്നിട്ടില്ല. ഏഴു വര്‍ഷത്തിനുള്ളില്‍ 35 മില്യണ്‍ ഉപയോക്താക്കളിലേക്ക് മൊബിക്വിക്ക് വളര്‍ന്നു. 2018 ഓടെ ഇത് 150 മില്യണാക്കനാണ് മൊബിക്വിക്കിന്റെ പദ്ധതി. ഏതു പുതിയ ആശയത്തേയും പെട്ടെന്ന് അംഗീകരിക്കാത്ത പ്രകൃതമാണ് സമൂഹത്തിനുള്ളതെന്ന് ഉപാസന ടാകു സാക്ഷ്യപ്പെടുത്തുന്നു.ആദ്യമായി മൊബിക്വിക്ക് സേവനങ്ങള്‍ ബാങ്കിംഗ് സ്ഥാപനം സ്വീകരിച്ചത് 10 മാസങ്ങള്‍ക്കു ശേഷമാണ്. എന്നാല്‍ രണ്ടാമത്തെ ബാങ്ക് ഇതിനു ശേഷം 15 ദിവസങ്ങള്‍ക്കകം മുന്നോട്ടു വന്നതായും ഉപാസന പറഞ്ഞു. മൂന്നാലു മാസങ്ങള്‍ക്കുള്ളില്‍ മൊബിക്വിക്കിന് ഡൊമിനോസ്, ഇബേ സ്ഥാപനങ്ങളെ മറികടക്കാന്‍ സാധിച്ചത് ഇതേ നിശ്ചയദാര്‍ഢ്യം മൂലമാണെന്നും ഉപാസന കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Women