നാസ്‌കോമിന്റെ സ്റ്റാര്‍ട്ടപ്പ് അനുകൂല നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി

നാസ്‌കോമിന്റെ സ്റ്റാര്‍ട്ടപ്പ് അനുകൂല നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി

കൊച്ചി: നാസ്‌കോം തയ്യാറാക്കിയ രാജ്യത്തെ മികച്ച ഒന്‍പത് സ്റ്റാര്‍ട്ടപ്പ് അനുകൂല നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും സ്ഥാനം പിടിച്ചു. ‘ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം മച്വുറിങ് 2016’ എന്ന നാസ്‌കോം റിപ്പോര്‍ട്ടിലാണ് കൊച്ചി ഇടം നേടിയത്. പക്ഷെ രാജ്യത്ത് നവസംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹമുള്ളവരുടെ എണ്ണത്തില്‍ കോല്‍ക്കത്ത, ജയ്പ്പൂര്‍ എന്നിവിടങ്ങള്‍ക്കൊപ്പം കൊച്ചി വളരെ പിന്നിലാണെന്നും റിപ്പോര്‍ട്ട നിരീക്ഷിക്കുന്നുണ്ട്.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സ്വപ്‌നങ്ങളുള്ളവരുടെ ആകെ ശതമാനത്തിന്റെ എട്ടു ശതമാനം മാത്രമാണ് കൊച്ചിയിലുള്ളത്.
മികച്ച സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളുടെ പട്ടികയില്‍ 13000 ലധികം സ്റ്റാര്‍ട്ടപ്പുകളുമായി ബെംഗളൂരുവാണ് മു്ന്നില്‍ നില്‍ക്കുന്നത്. ഡെല്‍ഹി(1175 ലധികം), മുംബൈ(800 ലധികം) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. ബെംഗളൂരു രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപകകേന്ദ്രമാണെന്നും സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിന്റെ 40 ശതമാനവും ബെംഗളൂരുവാണ് നേടുന്നതെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ആരംഭത്തോടെ രാജ്യത്തെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ടെക്‌നോളജി ഇന്‍ക്യുബേറ്ററുള്ള നഗരം എന്ന സ്ഥാനം കൊച്ചി സ്വന്തമാക്കിയിരുന്നു. കൊച്ചിയില്‍ 110 ലേറെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. കേരളത്തിലെ നാസ്‌കോം സ്റ്റാര്‍ട്ടപ്പ് വെയര്‍ഹൗസില്‍ 21 ഓളം സ്റ്റാര്‍ട്ടപ്പുകളുണ്ട്. കൂടാതെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍(കെഎസ്‌യുഎം), കെഎസ്‌ഐഡിസി, കെഎഫ്‌സി എന്നിവയും കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നുണ്ട്.

നാസ്‌കോമിന്റെ കൊച്ചി വെയര്‍ഹൗസില്‍ ആറുമാസകാലയളവില്‍ ഇന്‍ക്യുബേറ്റ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകടെ അവയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വെയര്‍ഹൗസില്‍ ഭാവിയിലും തുടരാന്‍ അനുവദിക്കുമെന്ന് നാസ്‌കോം അറിയിച്ചു. 2020 ആകുന്നതോടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 10,500 എത്തുമെന്നാണ് റിപ്പോര്‍ട്ട വിലയിരുത്തുന്നത്.

Comments

comments

Categories: Slider, Top Stories