എഫ്എംസിജി രംഗത്ത് തളര്‍ച്ച

എഫ്എംസിജി രംഗത്ത് തളര്‍ച്ച

വേഗത്തില്‍ വിറ്റുപോകുന്ന ഉല്‍പ്പന്നങ്ങള്‍ (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്-എഫ്എംസിജി) അത്ര ത്വരിതഗതിയിലല്ല ഇപ്പോള്‍ വിറ്റഴിക്കപ്പെടുന്നതെന്നാണ് കണക്കുകള്‍. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കഴിഞ്ഞ പാദത്തില്‍ അത്ര വലിയ വളര്‍ച്ചയൊന്നും കാണിച്ചില്ല. മാത്രമല്ല ഒരു പതിറ്റാണ്ടിനിടെയുള്ള എഫ്എംസിജി മേഖലയിലെ വില്‍പ്പനയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോള്‍ എന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ രണ്ടാം പാദത്തില്‍ 1.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഡാബറിന്റെ വരുമാന വളര്‍ച്ച മാത്രം 2.3 ശതമാനമേ വന്നുള്ളൂ. എന്നാല്‍ ഐടിസിയുടെ എഫ്എംസിജി ബിസിനസ് 13 ശതമാനം വളര്‍ന്നു.
വിപണി വെല്ലുവിളികള്‍ നിറഞ്ഞതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കൊക്കകോള ഇന്ത്യയുടെ വില്‍പ്പനയില്‍ നാല് ശതമാനം ഇടിവാണ് നേരിട്ടത്. ഉപഭോക്താക്കളുടെ ചെലവിടലില്‍ വന്ന കാര്യമായ കുറവാണ് എഫ്എംസിജി മേഖലയുടെ കിതപ്പിനിടയാക്കിയത്. ജൂലൈയില്‍ പലയിടങ്ങളിലും വരള്‍ച്ചയും വെള്ളപ്പൊക്കവുമെല്ലാമുണ്ടായതാണ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ ബാധിച്ചതെന്നാണ് കമ്പനികളുടെ വിശദീകരണം.
മികച്ച മണ്‍സൂണും സര്‍ക്കാരിന്റെ നയങ്ങളും കാരണം ഉപഭോക്താക്കളുടെ ചെലവിടല്‍ വരും മാസങ്ങളില്‍ കൂടാനാണ് സാധ്യത. ഇതനുസരിച്ച് വിപണി പിടിക്കാനുള്ള തന്ത്രങ്ങളാവണം എഫ്എംസിജി കമ്പനികള്‍ മെനയേണ്ടത്.

Comments

comments

Categories: Editorial