ചാരപ്രവര്‍ത്തനം; പാക് നയതന്ത്ര ഉദ്യോഗസ്ഥന് രാജ്യം വിടാന്‍ നിര്‍ദേശം

ചാരപ്രവര്‍ത്തനം; പാക് നയതന്ത്ര ഉദ്യോഗസ്ഥന് രാജ്യം വിടാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ മോഷ്ടിച്ചതായി കരുതപ്പെടുന്ന പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനോട് 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ ഇന്ത്യ നിര്‍ദേശിച്ചു. നയതന്ത്ര പരിരക്ഷ ഉള്ളതിനാലാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ മുതിരാത്തത്. പാക് ഹൈ കമ്മിഷണര്‍ അബ്ദുല്‍ ബാസിത്തിന്റെ കീഴിലുള്ള മെഹ്മൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനെ രേഖകള്‍ ചോര്‍ത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഡല്‍ഹി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഡെല്‍ഹി ചാണക്യപുരിയിലെ സ്റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് ഹൈക്കമ്മിഷ്ണറെ അറിയിച്ചത്.

മെഹ്മൂദ് അക്തറുടെ പക്കല്‍ നിന്ന് സുപ്രധാന പ്രതിരോധ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇന്ത്യയുടെ സൈനിക വിന്യാസവും അതിര്‍ത്തി പ്രദേശങ്ങളുമെല്ലാം വ്യക്തമാക്കുന്ന ഭൂപടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇയാള്‍ക്ക് രേഖകള്‍ കൈമാറിയെന്ന് സംശയിക്കുന്ന രണ്ട് പേരെ രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാക് ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഞ്ചംഗ ചാരസംഘത്തെ കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്നത്തെ അന്വേഷണത്തില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പാക് ഹൈക്കമ്മിഷനിലെ ചിലരെ നിരീക്ഷണത്തിന് വിധേയമാക്കിയതില്‍ നിന്നാണ് മെഹ്മൂദ് അക്തറിന്റെ ചാര പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.

Comments

comments

Categories: Slider, Top Stories