മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിന് ജയം

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യുവാന്‍ മാട്ട നേടിയ ഏക ഗോളിലാണ് യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്നത്. ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മറ്റൊരു മത്സരത്തില്‍ കരുത്തരായ ചെല്‍സിയെ വെസ്റ്റ്ഹാം യുണൈറ്റഡ് അട്ടിമറിച്ചു.

പ്രീമിയര്‍ ലീഗില്‍ ചെല്‍സിയോടേറ്റ 4-0ത്തിന്റെ കനത്ത തോല്‍വി ഭാരവുമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിറ്റിക്കെതിരെ കളത്തിലിറങ്ങിയത്. അതിനാല്‍ തന്നെ പരിശീലകനായ ഹോസെ മൗറീഞ്ഞോ യുണൈറ്റഡിന്റെ പ്രതിരോധ നിരയെ സിറ്റിക്കെതിരെ ശക്തിപ്പെടുത്തിയിരുന്നു. അതിനാല്‍ ബോക്‌സിന് പുറത്തുവെച്ച് തന്നെ എതിരാളികളുടെ നീക്കങ്ങളെ തകര്‍ക്കാനും യുണൈറ്റഡിന് സാധിച്ചു.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ നേതൃത്വത്തിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഗോള്‍ കണ്ടെത്തി. 54-ാം മിനുറ്റില്‍ സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോച്ചില്‍ നിന്നും ലഭിച്ച പാസ് യുവാന്‍ മാട്ട കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

സീസണില്‍ യുവാന്‍ മാട്ട നേടുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്. പോള്‍ പോഗ്ബയുടെ ഒരു ഇടങ്കാലനടി പോസ്റ്റില്‍ തട്ടിത്തെറിച്ചതുള്‍പ്പെടെയുള്ള നിരവധി മികച്ച മുന്നേറ്റങ്ങളും ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടത്തി. അതേസമയം അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ രണ്ടാം പകുതിയില്‍ ഇറങ്ങിയിട്ടും സിറ്റിയുടെ പരാജയം ഒഴിവാക്കാനായില്ല.

അതിനിടയില്‍ സിറ്റി താരം വിന്‍സെന്റ് കൊംപാനി ക്ഷീണം കാരണം സബ്സ്റ്റിറ്റിയൂഷന്‍ ആവശ്യപ്പെട്ട് പുറത്ത് പോവുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മികച്ച കളി പുറത്തെടുത്ത അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ മാര്‍കോസ് റോജോയാണ് കളിയിലെ താരം. സീസണിലെ മാര്‍കോസിന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ്ഹാമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളികള്‍.

ജയത്തോടെ പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ചെല്‍സിയോടേറ്റ കനത്ത തോല്‍വിക്ക് കുറച്ചെങ്കിലും ആശ്വാസം കണ്ടെത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായ ഹോസെ മൗറീഞ്ഞോയ്ക്കും താരങ്ങള്‍ക്കും സാധിച്ചു. എന്നാല്‍ ഗ്വാര്‍ഡിയോളയുടെ കോച്ചിംഗ് കരിയറിലെ ഏറ്റവും മോശമായ സമയമാണിത്. സീസണിലെ തുടര്‍ച്ചയായ ആറ് മത്സരങ്ങളിലാണ് സിറ്റിക്ക് വിജയം കണ്ടെത്താനാകാതെ പോയത്.

സ്വന്തം തട്ടകത്തില്‍ വെച്ച് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വെസ്റ്റ്ഹാം ചെല്‍സിയെ പരാജയപ്പെടുത്തിയത്. ചീക്കോ കോയറ്റ്, എഡിമില്‍സണ്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് വെസ്റ്റ്ഹാമിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ഗാരി കാഹിലാണ് ചെല്‍സിക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. എന്‍ഗോളോ കാന്റെ ചെല്‍സിക്ക് കിട്ടിയ അവസരം നഷ്ടമാക്കുകയും ചെയ്തു.

ഇംഗ്ലീഷ് ലീഗ് കപ്പിലെ മറ്റൊരു മത്സരത്തില്‍ സണ്ടര്‍ലാന്‍ഡിനെ സതാംപ്ടണ്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. കടുത്ത പോരാട്ടത്തിനൊടുവില്‍ 66-ാം മിനുറ്റിലായിരുന്നു സതാംപ്ടണിന്റെ ഗോള്‍. മൊറോക്കന്‍ മിഡ്ഫീല്‍ഡറായ സോഫിയന്‍ ബോഫലാണ് സണ്ടര്‍ലാന്‍ഡിനെതിരെ സതാംപ്ടണിന്റെ വിജയ ഗോള്‍ നേടിയത്.

Comments

comments

Categories: Sports