പരിസ്ഥിതി സൗഹൃദമാകട്ടെ ബിസിനസുകള്‍

പരിസ്ഥിതി സൗഹൃദമാകട്ടെ ബിസിനസുകള്‍

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നോര്‍ജെസ് ബാങ്ക് മാനേജ് ചെയ്യുന്ന പെന്‍ഷന്‍ ഫണ്ടുകള്‍ ഏഴ് ഇന്ത്യന്‍ കമ്പനികളിലുള്ള അവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയുണ്ടായി. ഏകദേശം 700 കോടി രൂപയുടെ നിക്ഷേപമാണ് പിന്‍വലിച്ചതെന്നാണ് കണക്കുകള്‍. കോള്‍ ഇന്ത്യ, സിഇഎസ്‌സി, റിലയന്‍സ് പവര്‍, ഗുജറാത്ത് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, എന്‍ടിപിസി, ടാറ്റ പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തുടങ്ങിയ കമ്പനികളിലെ ഓഹരി നിക്ഷേപങ്ങളാണ് പിന്‍വലിച്ചത്. നോര്‍വീജിയന്‍ ധനകാര്യ സേവന കമ്പനിയായ നോര്‍ജെസ് ബാങ്കിന്റെ ആഗോള നയത്തിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം.

കല്‍ക്കരിയുമായി ബന്ധപ്പെട്ട കമ്പനികളിലെ നിക്ഷേപം ഒഴിവാക്കുകയെന്നതാണ് അവരുടെ നയം. ഉയര്‍ന്ന കാര്‍ബണ്‍ സാന്ദ്രതയുള്ള കല്‍ക്കരി പ്രകൃതിക്ക് ഏറെ ദോഷം ചെയ്യുന്നുവെന്നതാണ് നോര്‍ജെസിനെ ഇതിന് പ്രേരിപ്പിച്ചത്. സുസ്ഥിര വികസനത്തിനുതകുന്ന സംരംഭങ്ങളില്‍ നിക്ഷേപിക്കുകയെന്നതാണ് അവര്‍ അജണ്ടയായി പ്രഖ്യാപിച്ചിരിക്കുന്നത്. കല്‍ക്കരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട പല കാര്യങ്ങളും മിക്കവരും ലാഘവത്തോടെയാണ് കാണുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. നോര്‍ജെസിന് പുറമെ നിരവധി ആഗോള കമ്പനികള്‍ പ്രകൃതി സൗഹൃദമല്ലാത്ത ബിസിനസുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനുള്ള തയാറെടുപ്പിലാണ്. റൊബെക്കോസാം എന്ന ആഗോള നിക്ഷേപക സ്ഥാപനം പുറത്തുവിട്ട പട്ടികയില്‍ സുസ്ഥിര വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ഇന്ത്യയില്‍ നിന്ന് അഞ്ചെണ്ണം മാത്രമാണ് ഇടം പിടിച്ചത്-ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, വിപ്രോ.
പ്രകൃതിയെക്കൂടി പരിഗണിച്ച് ബിസിനസ് പ്രവര്‍ത്തനം മാറ്റിയാല്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭം തരുന്ന സംരംഭങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂവെന്ന് നമ്മള്‍ തിരിച്ചറിയണം.

Comments

comments

Categories: Editorial