തോല്‍വിക്ക് കാരണം യുവതാരങ്ങളുടെ തെറ്റായ തീരുമാനം: ധോണി

തോല്‍വിക്ക് കാരണം യുവതാരങ്ങളുടെ തെറ്റായ തീരുമാനം: ധോണി

 

റാഞ്ചി: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് കാരണം യുവ താരങ്ങളുടെ ചില തെറ്റായ തീരുമാനങ്ങളെന്ന് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കേണ്ട സമയത്ത് യുവ താരങ്ങള്‍ കൂറ്റനടിക്ക് മുതിര്‍ന്നതാണ് ടീമിന് തിരിച്ചടിയായതെന്നും എന്നാല്‍ തോല്‍വിയില്‍ അവരെ പഴി ചാരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ധോണി വ്യക്തമാക്കി.

താരതമ്യേന കുറഞ്ഞ സ്‌കോറായ 261 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നുവെങ്കിലും അത് മുതലെടുക്കാന്‍ മധ്യനിര ബാറ്റസ്മാന്മാര്‍ക്ക് സാധിച്ചില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ എന്നീ താരങ്ങള്‍ വമ്പനടിക്ക് ശ്രമിച്ചാണ് പുറത്തായത്. കേദാര്‍ ജാദവിന്റെ ഷോട്ട് സെലക്ഷന്‍ പിഴയ്ക്കുകയും ചെയ്തു.

മധ്യനിര ബാറ്റ്‌സ്മാന്മാര്‍ പത്ത് ഓവറെങ്കിലും ക്രീസില്‍ നിലയുറപ്പിച്ചിരുന്നെങ്കില്‍ കളിയുടെ ഫലം മാറുമായിരുന്നുവെന്ന് പറഞ്ഞ ധോണി അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഇറങ്ങിയത് പുതുമുഖങ്ങളെന്നും അവര്‍ കാര്യങ്ങള്‍ മനസിലാക്കി വരുന്നതേയുള്ളൂവെന്നും അറിയിച്ചു. 15-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇറങ്ങിയാല്‍ ഷോട്ട് സെലക്ഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ ധാരണ ലഭിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സിന്റെ ആദ്യ പത്ത് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയത് പ്രതികൂലമായി ബാധിച്ചുവെന്നും ധോണി പറഞ്ഞു. മത്സരത്തില്‍ ടീം ഇന്ത്യ 16 റണ്‍സ് എക്‌സ്ട്രാ വഴങ്ങുകയും ചെയ്തിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇപ്പോള്‍ 2-2 എന്ന നിലയിലാണ്. പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന അവസാന ഏകദിന മത്സരം ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കും.

Comments

comments

Categories: Sports