ലോക താരങ്ങളുടെ സാന്നിധ്യം ഇന്ത്യന്‍ ഫുട്‌ബോളിനെ ഉണര്‍ത്തും: തിയറി ഹെന്റി

ലോക താരങ്ങളുടെ സാന്നിധ്യം ഇന്ത്യന്‍ ഫുട്‌ബോളിനെ ഉണര്‍ത്തും: തിയറി ഹെന്റി

 

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായി അന്താരാഷ്ട്ര താരങ്ങള്‍ ഇന്ത്യയിലെത്തുന്നത് ഇവിടുത്തെ ഫുട്‌ബോളിന്റെ പ്രചാരം വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് ഫ്രാന്‍സ് ദേശീയ ടീമിന്റെ മുന്‍ സ്‌ട്രൈക്കര്‍ തിയറി ഹെന്റി. ഐഎസ്എല്‍ വന്നതിന് ശേഷം ലോക താരങ്ങളുടെ സാന്നിധ്യം ഇന്ത്യയില്‍ ലഭ്യമായെന്നും ഇത്തരക്കാര്‍ക്കൊപ്പം കളിക്കാന്‍ ഇന്ത്യയിലെ കൂടുതല്‍ കളിക്കാര്‍ക്ക് അവസരമൊരുക്കണമെന്നും ഹെന്റി പറഞ്ഞു.

സീക്കോ, റോബര്‍ട്ടോ കാര്‍ലോസ്, ട്രസഗെ, ദെല്‍ പിയറോ, അനെല്‍ക്ക, ഡീഗോ ഫോര്‍ലാന്‍ എന്നിവര്‍ ലോക ഫുട്‌ബോളിലെ അതാത് കാലങ്ങളിലെ ഇതിഹാസങ്ങളാണെന്നും ഇവര്‍ക്കൊപ്പം കളിക്കുകയെന്നത് മറ്റ് താരങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നും ഹെന്റി അഭിപ്രായപ്പെട്ടു. ഇത്തരം ലോക താരങ്ങള്‍ക്കൊപ്പം കളി പരിചയിച്ച് വളരുന്ന യുവ തലമുറയെയാണ് ഐഎസ്എല്‍ സൃഷ്ടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഴ്‌സണല്‍ സോക്കര്‍ സ്‌കൂളിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ പര്യടത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് തിയറി ഹെന്റി ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്‌സിയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരം തിയറി ഹെന്റി കാണുകയും ചെയ്തു. ബെല്‍ജിയം ദേശീയ ടീമിന്റെ സഹ പരിശീലകനാണ് അദ്ദേഹം ഇപ്പോള്‍.

ക്ലബ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ആഴ്‌സണലിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് തിയറി ഹെന്റി. ആഴ്‌സണലിന്റെയും ഫ്രാന്‍സ് ദേശീയ ടീമിന്റെയും ടോപ് സ്‌കോററുമാണ് അദ്ദേഹം. ബാഴ്‌സലോണ, യുവന്റസ്, മൊണാക്കോ, ന്യൂയോര്‍ക്ക് റെഡ് ബുള്‍സ് എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും ഹെന്റി ബൂട്ടണിഞ്ഞിട്ടുണ്ട്.

Comments

comments

Categories: Sports