ഇവിടെ അതിഥികള്‍ ദൈവങ്ങള്‍ക്ക് തുല്യം

ഇവിടെ അതിഥികള്‍ ദൈവങ്ങള്‍ക്ക് തുല്യം

img_01721-copyകേരളത്തിന്റെ ലക്ഷ്വറി ബിസിനസ് ഹോട്ടല്‍ സങ്കല്‍പ്പങ്ങളില്‍ ഏറെ പ്രാധാന്യമുള്ള പേരുകളിലൊന്നാണ് ബ്യൂമോണ്ട് ദി ഫേണ്‍. മെട്രോ നഗരത്തിലെ ഇക്കോഫ്രണ്ട്‌ലി ഹോട്ടലാണ് കൊച്ചിയിലുള്ള ബ്യൂമോണ്ട് ദി ഫേണ്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ ഹോട്ടല്‍ ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ ദി ഫേണ്‍ ശൃംഖലയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കമ്പനിയായ കണ്‍സെപ്റ്റ് ഹോസ്പിറ്റാലിറ്റിയുടെ ബ്രാന്‍ഡിന്റെ ഭാഗമായി 42 ഹോട്ടലുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായുണ്ട്. കണ്‍സെപ്റ്റ് ഹോസ്പിറ്റാലിറ്റി ആഗോളതലത്തില്‍ ശ്രദ്ധനേടിയിട്ടുള്ള കമ്പനിയാണ്. ഹോസ്പിറ്റാലിറ്റി അഥവാ അതിഥി സല്‍ക്കാരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത വ്യക്തിയാണ് ബ്യൂമോണ്ട് ദി ഫേണ്‍ ഹോട്ടല്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ദീപക് സത്യപാലന്‍. കുടുംബ ബിസിനസിന്റെ പിന്തുടര്‍ച്ചക്കാരനായാണ് ഇദ്ദേഹം ഹോട്ടല്‍ ബിസിനസ് രംഗത്തേക്കെത്തിയത്. ഇന്റീരിയര്‍ ഡിസൈനറായ ദീപക് ബിടെക് ബിരുദവും എംബിഎയും നേടിയിട്ടുണ്ട്.

കേരളത്തിലെ അറിയപ്പെടുന്ന അബ്കാരി കോണ്‍ട്രാക്ടറും അബ്കാരിയും കെ ജി ഭാസ്‌കറിന്റെ കൊച്ചുമകന് വ്യവസായലോകത്തിലേക്കുള്ള ചുവടുവയ്പ് തികച്ചും യാദൃശ്ചികമായിരുന്നു. വൈപ്പിന്‍ ദ്വീപില്‍ നിന്ന് ഷാപ്പുകള്‍ ലേലത്തില്‍ പിടിച്ചു വ്യവസായം നടത്തി എറണാകുളത്ത് താമസമാക്കിയ വ്യക്തിയാണ് ദീപക്കിന്റെ മുത്തച്ഛനായ കെ ജി ഭാസ്‌കര്‍. ഒരു കാലത്ത് ഏറെ ആവശ്യക്കാരുള്ളതും അധികാരമുള്ളതുമായ ബിസിനസ് വിഭാഗം കൂടിയായിരുന്നു അബ്കാരികള്‍. പിന്നീട് പ്രതാപം നഷ്ടപ്പെടുകയും അടുത്തിടെ വിവാദങ്ങള്‍ക്കിരയാവുകയും ചെയ്തവര്‍ കൂടിയാണ് അബ്കാരികള്‍. കെ ജി ഭാസ്‌കറിന്റെയും അച്ഛന്റെ അച്ഛനായ പോളക്കുളത്ത് അപ്പുവിന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ബിസിനസ് താല്‍പര്യം തന്നെയാണ് ദീപകിനുമുള്ളത്. ഡോക്‌റായ അച്ഛന്‍ സത്യപാലനുംഅമ്മ ഭുവനേശ്വരിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും ദീപക് ബിസിനസ് രംഗത്തെത്തുന്നതിനേക്കാള്‍ ഉദ്യോഗസ്ഥ ജോലി ചെയ്യുന്നതിലായിരുന്നു താല്‍പര്യം. പക്ഷേ നിലവിലുള്ള ഹോട്ടലിനെ ഫോര്‍സ്റ്റാര്‍ പദവിയിലേക്കെങ്കിലും ഉയര്‍ത്തണമെന്ന തീരുമാനത്തെ തുടര്‍ന്ന് കുടുംബം ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നേതൃത്വം വഹിച്ചിരുന്ന ആളിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ ദീപക്കിനെ പതിയെ ഈ മേഖലയിേേലക്ക് എത്തിക്കുകയായിരുന്നു. ബിസിനസിന്റെ ബാലപാഠങ്ങള്‍ ദീപക് സ്വായത്തമാക്കിയത് സ്വന്തം പരിശ്രമത്തിലൂടെയായിരുന്നു. നിര്‍മാണമേഖല പൊതുവേ ഇഴഞ്ഞു നീങ്ങിയിരുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ നിശ്ചയിച്ച സമയത്തിനുള്ളില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന വാശി ദീപക്കിനെ കൊണ്ടെത്തിച്ചത് പരം കന്നംപിള്ളിയുടെ അടുത്തായിരുന്നു. ഒരു തുണ്ട് ഭൂമി കിട്ടിയാല്‍പോലും അത് എത്രത്തോളം കാര്യക്ഷമമായി കൈകാര്യം ചെയ്യണമെന്ന് വ്യക്തമായി അറിയാവുന്നവരാണ് മുംബൈയിലെ ജനങ്ങളെന്ന അച്ഛന്‍ സത്യപാലന്റെ വാക്കുകള്‍ ഒരു പുതിയ ആശയത്തിലേക്ക് ദീപക്കിനെ നയിക്കുകയായിരുന്നു.

004”കേരളത്തിലെ ടീമിനെ മാറ്റി മുംബൈയില്‍ നിന്നുള്ള സംഘത്തെക്കൊണ്ടു വരാന്‍ അച്ഛന്റെ വാക്കുകളാണ് കാരണമായത്. മുംബൈയിലെത്തി കണ്‍സപ്റ്റ് ഹോസ്പിറ്റാലിറ്റി മാനേജിംഗ് ഡയറക്ടര്‍ കോനത്ത് പരമേശ്വരന്‍ കന്നംപിള്ളി എന്ന പരം കന്നംപിള്ളിയെ സമീപിച്ചു. അദ്ദേഹം ഹോട്ടലിന്റെ വര്‍ക്ക് ഏറ്റെടുക്കുകയും ചെയ്തു. അടുത്തഘട്ടം ഇന്റീരിയര്‍ ഡിസൈനിംഗ് ആയിരുന്നു. സ്ഥലം ഉപയോഗിക്കുന്ന കാര്യത്തില്‍ നമ്മളേക്കാള്‍ മികച്ചവര്‍ മുംബൈയില്‍ നിന്നുള്ളവര്‍ തന്നെയാണ്. അവരെ സമീപിക്കുകയായിരുന്നു എന്റെ അടുത്തലക്ഷ്യം. കൈയിലൊതുങ്ങുന്ന ബജറ്റായിരിക്കുകയും വേണം. ഡിസൈനര്‍ ഗ്രൂപ്പ് സ്ഥാപകനായ ആര്‍ക്കിടെക്റ്റ് കൊസെമ ചിത്തല്‍വാലയെ സമീപിച്ചു. താജ് പ്രസിഡന്റ്, താജ് ലാന്‍ഡ് എന്‍ഡ് നോവോട്ടെല്‍, റോയല്‍ ഓര്‍ക്കിഡ് തുടങ്ങി ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡ് ഹോട്ടലുകള്‍ ഡിസൈന്‍ ചെയ്തുനല്‍കിയത് ഇവരായിരുന്നു. കേരളത്തിലെ ആദ്യവര്‍ക്കായിരുന്നു ചിത്തല്‍വാലയുടേത്. ചുരുങ്ങിയ ബജറ്റ് മാത്രമായിരുന്നു എന്റെ പക്കലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മാനേജര്‍ ആദ്യം തന്നെ പ്ലാന്‍ ശരിയാവില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ ചിത്തല്‍വാലയെ പിന്തുടര്‍ന്ന് വിമാനത്തില്‍ വച്ച് ഒപ്പംകൂടി എന്റെ ആവശ്യം നേരിട്ട് അവതരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഞങ്ങളുടെ വര്‍ക്ക് ഏറ്റെടുത്തത്,” ദീപക് സത്യപാലന്‍ പറയുന്നു.

cilantroകേരള മാതൃകയിലുള്ള കെട്ടിടമായിരുന്നില്ല ദീപക് മനസില്‍ കണ്ടിരുന്നത്. മുംബൈ പോലുള്ള ബിസിനസ് നഗരങ്ങളിലുള്ള അത്യാധുനിക ബില്‍ഡിംഗായിരുന്നു ദീപകിന്റെ സ്വപ്നം. എലഗന്റ്, സിംപിള്‍, ക്ലാസ് ലുക്ക് എന്നിവയായിരുന്നു ദീപകിന്റെ ആവശ്യം. പരം കന്നംപിള്ളി, കൊസെമ തുടങ്ങിയ വമ്പന്‍മാരുടെ ഒരു ടീമിനെയാണ് ദീപക് സ്വന്തം ഹോട്ടല്‍ നിര്‍മാണത്തിനായി ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്യൂമോണ്ട് ദി ഫേണ്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ഹോസ്പിറ്റാലിറ്റിയാണ് ഒരു ഹോട്ടലിന്റെ നിലനില്‍പ്പിന്റെ പ്രധാന ഘടകം. വരുന്ന അതിഥികളെ എത്രത്തോളം സ്‌നേഹത്തോടെ സ്വീകരിക്കുന്നുവോ അത്രത്തോളം താല്‍പര്യത്തോടെ അവര്‍ നമ്മെ തേടിയെത്തുക തന്നെ ചെയ്യും. ബ്യൂമോണ്ടിലെ ഓരോ ജീവനക്കാരനും ആദ്യം ലഭിക്കുന്ന നിര്‍ദേശവും അതിഥി ദേവോ ഭവഃ എന്ന മന്ത്രമാണ്. ഉപഭോക്താക്കളാണ് തങ്ങളുടെ ദൈവമെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും ഇവര്‍ തയാറല്ല. ഹോട്ടലിനെക്കുറിച്ച് അങ്ങോട്ടുചെന്ന് അഭിപ്രായം ചോദിക്കുന്നതിനേക്കാള്‍ അതിഥികള്‍ കണ്ടറിഞ്ഞ് അഭിനന്ദിക്കണം. അവിടെയാണ് ഏതൊരു സംരംഭത്തിന്റേയും വിജയം. കസ്റ്റമര്‍ സര്‍വീസ് ഒഴിവാക്കി ഒന്നും നേടാനാവില്ലെന്ന് കൃത്യമായ ബോധ്യമുള്ള വ്യക്തികൂടിയാണ് ദീപക്.

120 ജീവനക്കാരാണ് ബ്യൂമോണ്ടിലുള്ളത്. സ്യൂട്ട് റൂമുകളടക്കം അമ്പത് റൂമുകളാണ് ഇവിടെയുള്ളത്. പ്രകൃതിയുമായി ഏറ്റവും ഇണങ്ങിയുള്ള സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ റൂമുകളും സൗണ്ട് പ്രൂഫ് സംവിധാനത്തോടെയുള്ളതാണ്. ഇതോടൊപ്പം ഇക്കോ ഫ്രണ്ട്‌ലി ബാത്ത് റൂം സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റൂമുകളെ ഹസെല്‍ സ്യൂട്ടുകളെന്നും വിന്റര്‍ ഗ്രീന്‍ റൂമെന്നും ഫേണ്‍ക്ലബ് എന്നും മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. അത്യാധുനിക ശൈലിയിലുളള ഹോട്ടലില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. ഹസെല്‍ സ്യൂട്ടുകള്‍ പൂര്‍ണമായും ബിസിനസ് റൂമുകളാണ്. കേരളത്തില്‍ മാത്രം ഒതുങ്ങി ബിസിനസ് ചെയ്യണമെന്ന നിര്‍ബന്ധം ദീപക് ഒരിക്കലും കാണിച്ചിട്ടില്ല. ഇതിനായി അദ്ദേഹം തെരഞ്ഞെടുത്തത് ശ്രീലങ്ക ആയിരുന്നു.

ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പലപ്പോഴും സൗഹാര്‍ദപരമായ വ്യാവസായിക അന്തരീക്ഷത്തിന് തടസമാകുന്നുണ്ടെന്ന് ദീപക് അഭിപ്രായപ്പെടുന്നു. ”വിദേശരാജ്യങ്ങളില്‍ വ്യാവസായിക അനുകൂല കാലാവസ്ഥയാണുള്ളത്. ഇതിനുള്ള പ്രധാന കാരണം സര്‍ക്കാരും ബാങ്കുകളും നല്‍കുന്ന ആനുകൂല്യങ്ങളും വായ്പകളുമാണ്. നമ്മുടെ നാട്ടില്‍ വ്യവസായം കൂടുതലായി വരണമെങ്കില്‍ വായ്പകള്‍ സുലഭമായി ലഭിക്കണം,” ദീപക് ചൂണ്ടിക്കാട്ടുന്നു. നമ്മുടെ നാട്ടില്‍ ബാങ്ക് ലോണ്‍ ലഭിക്കണമെങ്കില്‍ കാലിലെ ചെരുപ്പ് തേയേണ്ട അവസ്ഥയാണുള്ളത് എന്നതാണ് യാഥാര്‍ഥ്യം. ചുവപ്പുനാടകളില്‍ കുടുങ്ങിയും നൂലാമാലകളില്‍ പെട്ടും പലരുടേയും സംരംഭകത്വ മോഹങ്ങള്‍ പൊടിപിടിക്കാറാണ് പതിവ്. ബ്രിട്ടീഷ് നയങ്ങളുടെ പിന്തുടര്‍ച്ചയാണ് നമ്മള്‍ പലപ്പോഴും പാലിക്കാന്‍ ശ്രമിക്കുന്നത്. ഇതിനു മാറ്റമുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

10”പല ഹോട്ടലുകളും വ്യത്യസ്തമായ നിരക്കാണ് ഈടാക്കുന്നതെന്ന പരാതി മിക്കപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഇതിനുള്ള പരിഹാരം ഹോട്ടലുകളുടെ നിലവാരമനുസരിച്ച് നിരക്കുകള്‍ ഏകീകരിക്കുകയെന്നതാണ്. ഒരേ നിലവാരമുള്ള ഹോട്ടലുകള്‍ക്ക് ഭക്ഷണത്തിനും മറ്റുമായി ഒരേ നിരക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണം. സ്റ്റാര്‍ ഹോട്ടലുകളെക്കുറിച്ച് ഉയര്‍ന്നുകേള്‍ക്കുന്ന പരാതി ഇത്തരത്തില്‍ കുറയ്ക്കാനാവും,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സിഎസ് ആര്‍ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനമാണ് ദീപക് കാഴ്ചവയ്ക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് ആലുവ ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് ബ്യൂമൗണ്ടില്‍ ജോലി നല്‍കുന്നതാണ്. ഒരു നേരത്തെ ഭക്ഷണമോ വസ്ത്രമോ നല്‍കുന്നതിലല്ല മറിച്ച് ജീവിതം സുരക്ഷിതമാക്കുന്നതാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തിയെന്നു തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹം. കുട്ടികള്‍ക്ക് താമസവും ഭക്ഷണവും മാസ ശമ്പളവും നല്‍കുന്നതോടൊപ്പം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള സൗകര്യവും ദീപക് ഒരുക്കിയിട്ടുണ്ട്.

ഭാവിയില്‍ ജനപ്രിയ ബജറ്റ് പ്രൊജക്ടുകളുമായി ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനാണ് ദീപക് പദ്ധതിയിടുന്നത്. തുടക്കമെന്ന നിലയില്‍ വര്‍ക്കല, മൂകാംബിക, രാമേശ്വരം എന്നീ ക്ഷേത്ര പരിസരങ്ങളില്‍ ഭക്തര്‍ക്ക് മികച്ച താമസ ഭക്ഷണ സൗകര്യമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. അധികം വൈകാതെ ബ്യൂമോണ്ടിന്റെ കീഴില്‍ ഇത്തരമൊരു സംരംഭം നടപ്പാക്കാനാവുമെന്നാണ് ദീപക് പ്രതീക്ഷിക്കുന്നത്. ”ഇതൊരിക്കലും ഒരു മെഗാ പദ്ധതിയായല്ല ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ മൂന്ന് ആരാധനാലയങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ മതങ്ങളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടക്കമെന്ന നിലയിലാണ് ഈ മൂന്നെണ്ണം തെരഞ്ഞെടുത്തത്. കിറ്റ്‌കോയുടെ കൂടി പിന്തുണ ലഭിച്ചതിനാല്‍ ജനുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനാണ് ആലോചിക്കുന്നത്,” ദീപക് പറയുന്നു.

Comments

comments

Categories: FK Special