ഫ്‌ളിപ്കാര്‍ട്ടിലെ നിക്ഷേപം വാള്‍മാര്‍ട്ട് പുനഃപരിശോധിക്കുന്നു

ഫ്‌ളിപ്കാര്‍ട്ടിലെ നിക്ഷേപം വാള്‍മാര്‍ട്ട് പുനഃപരിശോധിക്കുന്നു

ബെംഗളൂരു : ലോകത്തെ പ്രമുഖ റീടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ഇ-കോമേഴ്‌സ് അതികായനായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരി വാങ്ങുന്നത് പുനഃപരിശോധിച്ചേക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ 750 മില്യണ്‍ ഡോളറിനും ഒരു ബില്യണ്‍ ഡോളറിനുമിടയില്‍ നിക്ഷേപിക്കാനാണ് വാള്‍മാര്‍ട്ട് തയാറെടുത്തിരുന്നത്. വാള്‍മാര്‍ട്ടിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും പൊതു എതിരാളിയാണ് ആമസോണ്‍ എന്നതാണ് ഇരു കമ്പനികളെയും ഒന്നിപ്പിക്കുന്നതിലെ പ്രധാന ഘടകം.

കഴിഞ്ഞ ദിവസം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സഞ്ജയ് ബവേജ ഫ്‌ളിപ്കാര്‍ട്ട് വിട്ടിരുന്നു. ഈ ഉത്സവ സീസണില്‍ ആമസോണിനേക്കാള്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കാന്‍ ഫ്‌ളിപ്കാര്‍ട്ടിന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് വാള്‍മാര്‍ട്ടിനെ പിന്തിരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പനയിലൂടെ സാധാരണത്തേക്കാള്‍ മുപ്പത് ശതമാനം അധികം വരുമാനം കരസ്ഥമാക്കാന്‍ കഴിഞ്ഞെന്നാണ് ഫ്‌ളിപ്കാര്‍ട്ട് അവകാശപ്പെടുന്നത്.

ഈ വര്‍ഷം ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ചതിനുശേഷം ഫ്‌ളിപ്കാര്‍ട്ട് പുനഃസംഘടനയുടെ പാതയിലാണ്. ആമസോണിനെതിരെ മേധാവിത്വം നേടുന്നതിനായി കൈക്കൊള്ളേണ്ട നടപടികളുടെ കാര്യത്തില്‍ സിഇഒ ബിന്നി ബന്‍സാലും കാറ്റഗറി മാനേജ്‌മെന്റ് മേധാവി കല്യാണ്‍ കൃഷ്ണമൂര്‍ത്തിയും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഫ്‌ളിപ്കാര്‍ട്ടിന് കീഴിലെ ഫാഷന്‍ ഇ മാര്‍ക്കറ്റായ മിന്ത്ര ഈ വര്‍ഷം ജൂലൈയില്‍ റോക്കറ്റ് ഇന്റര്‍നെറ്റില്‍ നിന്ന് ജബോങ്ങ് ഏറ്റെടുത്തിരുന്നു.

അതേസമയം ഇ കോമേഴ്‌സ് മേഖലയില്‍ കൂടുതല്‍ വിപുലീകരണത്തിന് വാള്‍മാര്‍ട്ടിന് താല്‍പ്പര്യമുണ്ട്. ചൈനയിലെ രണ്ടാമത്തെ വലിയ ഇ-കോമേഴ്‌സ് കമ്പനിയായ ജെഡി ഡോട്ട് കോമില്‍ വാള്‍മാര്‍ട്ട് നിക്ഷേപം നടത്തിയിരുന്നു. ഓഗസ്റ്റില്‍ യുഎസിലെ ജെറ്റ് ഡോട്ട് കോമിനെ 3.3 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കുകയും ചെയ്തു. നേരത്തെ ഇന്ത്യയില്‍ ഭാരതി എന്റര്‍പ്രൈസസുമായി സഹകരിക്കാന്‍ വാള്‍മാര്‍ട്ട് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.

ഫ്‌ളിപ്കാര്‍ട്ട് ഇതിനകം 16 നിക്ഷേപകരില്‍നിന്ന് 3.2 ബില്യണ്‍ ഡോളര്‍ സ്വീകരിച്ചിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ടിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യില്ലെന്ന് എക്‌സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ സച്ചിന്‍ ബന്‍സാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സിഇഒ ജെഫ് ബെസോസ് മൂന്ന് ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിച്ചതോടെ ആമസോണിന്റെ ഇന്ത്യയിലെ ആകെ നിക്ഷേപം രണ്ട് വര്‍ഷത്തിനിടെ അഞ്ച് ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

Comments

comments

Categories: Slider, Top Stories