ഡീസല്‍ഗേറ്റ് കേസ്: ഫോക്‌സ്‌വാഗണ് 14.7 ബില്ല്യന്‍ ഡോളര്‍ ഒത്തുതീര്‍പ്പിന് അനുമതി

ഡീസല്‍ഗേറ്റ് കേസ്: ഫോക്‌സ്‌വാഗണ് 14.7 ബില്ല്യന്‍ ഡോളര്‍ ഒത്തുതീര്‍പ്പിന് അനുമതി

സാന്‍ ഫ്രാന്‍സിസ്‌ക്കൊ: ഡീസല്‍ വാഹനങ്ങളില്‍ മലിനീകരണം കുറച്ച് കാണിക്കുന്നതിന് കൃത്രിമം കാണിച്ച് വെട്ടിലായ ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗണ് 14.7 ബില്ല്യന്‍ ഡോളര്‍ തുകയ്ക്ക് കേസ് ഒത്തുതീര്‍പ്പാക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി അനുമതി നല്‍കി. കൃത്രിമം കാണിച്ച 4.80 ലക്ഷത്തോളം കാറുകളുടെ ഉമസ്ഥര്‍ക്കും അന്തരീക്ഷ മലിനീകരണം ചെറുക്കാനുള്ള പദ്ധതിക്കുമാണ് തുക നല്‍കുക. കൃത്രിമം നടത്തിയ വാഹനങ്ങള്‍ അടുത്തമാസം മുതല്‍ കമ്പനി തിരിച്ചു വാങ്ങാന്‍ ആരംഭിക്കുമെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

മലിനീകരണ നിയന്ത്രണ പരിശോധനയില്‍ വിജയിക്കുന്നതിന് വാഹനത്തില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോകത്തിലെ തന്നെ വലിയ വാഹന നിര്‍മാതാക്കളില്‍ ഒരാളായ ഫോക്‌സ്‌വാഗണ്‍ കുടുങ്ങിയത്.
10.033 ബില്ല്യന്‍ ഡോളര്‍ വാഹനങ്ങള്‍ തിരിച്ചു വാങ്ങുന്നതിനും ഉപഭോക്താക്കള്‍ക്കുള്ള നഷ്ടപരിഹാരത്തിനുമായും 4.7 ബില്ല്യന്‍ ഡോളര്‍ സീറൊ എമിഷന്‍ വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുമായി വിനിയോഗിക്കുമെന്ന് കഴിഞ്ഞ ജൂണില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.
കൃത്രിമം കാണിച്ച വാഹനങ്ങള്‍ അനുവദിച്ചതിനേക്കാള്‍ 40 മടങ്ങ് അധികം മലിനീകരണമുണ്ടാക്കുന്നതാണെന്നാണ് അമേരിക്കന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്. വാഹനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കമ്പനിക്ക് റെഗുലേറ്ററിയുടെ അനുമതി വേണം. നഷ്ടപരിഹാരമായി ഒരു വാഹന കമ്പനി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഫോക്‌സ്‌വാഗണ്‍ന നല്‍കുന്നതെന്നാണ് വിലയിരുത്തലുകള്‍.
ഡീസല്‍ഗേറ്റ് വിവാദത്തിലൂടെ ഡീലര്‍മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും വാഹന ഉടമകള്‍ക്കുമായി ഏകദേശം 16.5 ബില്ല്യന്‍ ഡോളറാണ് ഫോക്‌സ്‌വാഗണ് ചെലവായിട്ടുള്ളത്. കൃത്രിമം പുറത്തായതോടെ ആഗോള വാഹന വിപണിയില്‍ കമ്പനിയുടെ സല്‍പ്പേരിനെ ബാധിക്കുകയും ചീഫ് എക്‌സിക്യുട്ടീവിന്റെ സ്ഥാനം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.
മലിനീകരണം നടത്തുന്ന 85,000ഓളം 3.0 ലിറ്റര്‍ വാഹനങ്ങള്‍ ക്ലീന്‍ എയര്‍ നിയമങ്ങള്‍ ലംഘിച്ചു എന്നു കാണിച്ച് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വന്‍ പിഴയാണ് കമ്പനി നേരിടാനിരിക്കുന്നത്. അമേരിക്കയില്‍ തന്നെയുള്ള 16 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നടപടികളും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ നേരിടേണ്ടി വരുന്നുണ്ട്.

Comments

comments

Categories: Auto