യുബര്‍ ഇന്ത്യന്‍ റെയ്ല്‍വേയുമായി സഹകരിച്ചേക്കും

യുബര്‍ ഇന്ത്യന്‍ റെയ്ല്‍വേയുമായി സഹകരിച്ചേക്കും

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ കാര്‍ സേവന ദാതാക്കളായ യുബര്‍ ഇന്ത്യന്‍ റെയ്ല്‍വേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുന്നു. റെയ്ല്‍വേ സ്റ്റേഷനില്‍ തുടങ്ങുന്നതും അവസാനിക്കുന്നതുമായി ടാക്‌സി സേവനങ്ങള്‍ അവതരിപ്പിക്കാനാണ് യുബര്‍ ശ്രമിക്കുന്നത്.

യുബറുമായി സഹകരിച്ച കാബ് ബുക്കിംഗ് നടപ്പാക്കുന്നതിന്റെ കമ്മിഷനായി ഏകദേശം 150 കോടിയോളം രൂപ റെയ്ല്‍വേക്ക് അധികവരുമാനം ലഭിക്കും. ഇതിന്റെ ഭാഗമായി റെയ്ല്‍വേ യുബറിന് പ്രത്യേക ഇടം സ്റ്റേഷനുകളില്‍ അനുവദിക്കും. റെയ്ല്‍വേയുമായുള്ള സഹകരണം സംബന്ധിച്ച ചോദ്യങ്ങളോട് യുബര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യന്‍ റെയ്ല്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐആര്‍സിടിസി (ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് )യാണ് ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ഐആര്‍സിടിസിയുടെ മൊബൈല്‍ ആപ്പ് വഴിയാണ് യുബര്‍ കാര്‍ സേവനം ബുക്ക് ചെയ്യുന്നത്. ട്രെയിന്‍ ബുക്ക് ചെയ്യുന്നതിനോടൊപ്പം യുബര്‍ കാറും ബുക്ക് ചെയ്യാന്‍ കഴിയുമെന്നത് റെയ്ല്‍വെ യാത്രക്കാര്‍ക്ക് വളരെ സഹായകമായിരിക്കും.

ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് നിലവില്‍ റെയ്ല്‍ യാത്രികര്‍ ഹോട്ടല്‍, കാബ് ബുക്കിംഗുകള്‍ നടത്തുന്നത്. ഇതില്‍ നിന്നും വാര്‍ഷികമായി മൂന്നു ബില്യണ്‍ ഡോളറിന്റെ വരുമാനം ഐആര്‍സിടിസി സൃഷ്ടിച്ചെടുക്കുന്നു. ഇത്തരം പ്രത്യേകതകളാണ് ഐആര്‍സിടിസിയെ രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സൈറ്റുകളിലൊന്നാക്കി നിലനിര്‍ത്തുന്നത്. 12000 ട്രെയ്‌നുകളിലൂടെ 8000 സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഏകദേശം 23 ദശലക്ഷം യാത്രികര്‍ക്ക് ഐആര്‍സിടിസി പ്രതിദിനം സേവനം ലഭ്യമാക്കുന്നു.

ഈ വര്‍ഷമാദ്യം യുഎസില്‍ അമേരിക്കന്‍ എയര്‍ലൈന്‍സുമായി യോജിച്ച് സഹകരണപ്രവര്‍ത്തനങ്ങള്‍ യുബര്‍ ആരംഭിച്ചിരുന്നു. യുഎസിലെ പ്രധാനപ്പെട്ട 11 വിമാനത്താവളങ്ങളിലായി ടാക്‌സിസേവനം ഒരുക്കാന്‍ യുബറിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ യുബറിന്റെ മുഖ്യ പ്രതിയോഗിയായ ഒല മുംബൈ മെട്രോയുമായി സഹകരിച്ച് ടാക്‌സി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ചൈനീസ് ഘടകത്തെ ദിദിക്കു വിറ്റതിനു ശേഷം ഇന്ത്യന്‍ വിപണി യുബറിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ്. ആഗോളതലത്തില്‍ 12 ശതമാനം വിപണിവിഹിതമാണ് യുബറിന് ഇന്ത്യയിലുള്ളത്. സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഒല വന്‍വെല്ലുവിളിയാണ് യുബറിന് ഇന്ത്യയില്‍ ഉയര്‍ത്തുന്നത്.

Comments

comments

Categories: Branding, Slider