1,400 യൂണിറ്റ് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് ട്രിയംഫ്

1,400 യൂണിറ്റ് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് ട്രിയംഫ്

ചെന്നൈ: പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബ്രിട്ടീഷ് കമ്പനി ട്രിയംഫ് ഇന്ത്യയില്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള പ്രതീക്ഷയില്‍. കമ്പനിയുടെ ഇന്ത്യയിലുള്ള അസംബ്ലിംഗ് ഫാക്ടറിയില്‍ നിര്‍മിക്കുന്ന മോഡലുകളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ ഉപഭോക്താക്കളെ നേടാനുള്ള പദ്ധതിയാണ് കമ്പനി തയാറാക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയായ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 659 യൂണിറ്റുകളാണ് ട്രിയംഫ് ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്. ഈ വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വില്‍പ്പന 1,300-1,400 യൂണിറ്റാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനിയെന്ന് ട്രിയംഫ് മോട്ടോര്‍സൈക്കിള്‍ മാനേജിംഗ് ഡയറക്റ്റര്‍ വിമല്‍ സുംബ്ലി വ്യക്തമാക്കി. ബോണ്‍വില്ലെയുടെ പുതിയ പതിപ്പായ ടി100 പുറത്തിറക്കി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2013 നവംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ട്രിയംഫ് ഇതുവരെ 3,100 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 1,200 യൂണിറ്റുകളാണ് കമ്പനി നിരത്തുകളിലെത്തിച്ചത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ കാറ്റഗറികളിലായി 16 മോഡലുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തുന്നത്. ഇതില്‍ ചില മോഡലുകള്‍ കമ്പനിയുടെ ഹരിയാനയിലെ പ്ലാന്റില്‍ നിര്‍മിച്ചവയാണ്. ക്ലാസിക്ക് സീരീസില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാനാണ് ട്രിയംഫ് ലക്ഷ്യമിടുന്നതെന്നും സുംബ്ലി അറിയിച്ചു.
ഇന്ത്യയില്‍ 14 ഡീലര്‍ഷിപ്പുകളാണ് കമ്പനിക്കുള്ളത്. 55 ശതമാനം വാഹനങ്ങളും ബാങ്കുകളിലൂടെയുള്ള ഫൈനാന്‍സ് അടിസ്ഥാനത്തിലാണ് വില്‍പ്പന നടക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡീലര്‍ഷിപ്പുകളുടെ എണ്ണം 20 ആക്കാനും ട്രിയംഫിന് ആലോചനയുണ്ട്.

Comments

comments

Categories: Auto