അനാവശ്യ ഡൗണ്‍ലോഡിംഗ് തടയാന്‍ ട്രായി

അനാവശ്യ ഡൗണ്‍ലോഡിംഗ്  തടയാന്‍ ട്രായി

 

ന്യൂഡെല്‍ഹി: വെബ്‌സൈറ്റുകളില്‍ നിന്നുള്ള അനാവശ്യ ഡൗണ്‍ലോഡുകള്‍ തടയുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) സാങ്കേതികപരമായ ഇടപെടലുകള്‍ നടത്തും. കൂടാതെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ട്രായി നീക്കമിടുന്നുണ്ട്.
പ്രത്യക്ഷത്തില്‍ കണ്ടന്റുകള്‍ നിയന്ത്രണവിധേയമാക്കിയിട്ടില്ല. എന്നാല്‍, ഉപയോക്താവിന് ആവശ്യമില്ലാത്ത കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടാതിരിക്കാനുള്ള സാങ്കേതികപരമായ മാര്‍ഗനിര്‍ദേശങ്ങളും സാധ്യമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും-ട്രായി ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മ അറിയിച്ചു. എന്നാല്‍, ഇതിനു വേണ്ടി ഇതുവരെ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോ ഡൗണ്‍ലോഡിംഗ് വളരെ ഗുരുതരമായ പ്രശ്‌നമാണ്. ഡൗണ്‍ലോഡിംഗ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് തന്നെ കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്യപ്പെടുമ്പോള്‍ തനിക്ക് വേണ്ടാത്ത കാര്യങ്ങള്‍ക്ക് ഉപയോക്താവ് ഡാറ്റ ചാര്‍ജ് നല്‍കേണ്ടതായി വരുന്നു. ഇത്തരം ഡാറ്റകള്‍ ഒഴിവാക്കുന്നതിന് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ബോധവാന്മാരാക്കുകയായിരിക്കും പ്രചാരണപരിപാടികളുടെ ലക്ഷ്യം. ഈ പ്രശ്‌നത്തിന് ശരിയായ സാങ്കേതിക പരിഹാരം ഇതു വരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ആന്‍ഡ്രോയിഡ് കോണ്‍ഫിഗറേഷനുകളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ലഭ്യമാണെന്ന് ശര്‍മ്മ വ്യക്തമാക്കി. സൗജന്യ ഡാറ്റ ശുപാര്‍ശകളില്‍ ട്രായ് പരിശോധന നടത്തിവരുകയാണെന്നും അധികം വൈകാതെ അത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യമില്ലാത്ത ഡൗണ്‍ലോഡുകള്‍ കുറയ്ക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടത്തിയ യോഗത്തിനിടെ ട്രായി ആവശ്യപ്പെട്ടിരുന്നു. ചില വെബ്‌സൈറ്റുകളില്‍ നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഓട്ടോമാറ്റിക്കായി കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് ഉപയോക്താക്കളുടെ ഡാറ്റ നഷ്ടപ്പെടുന്നതിനിടയാകുന്നുണ്ടെന്ന് അടുത്തിടെ പരാതികള്‍ ഉയര്‍ന്നിരുന്നു.

Comments

comments

Categories: Branding