ടാറ്റാ-മിസ്ട്രി നിയമ യുദ്ധം മുറുകുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളും ആശങ്കകളും

ടാറ്റാ-മിസ്ട്രി നിയമ യുദ്ധം മുറുകുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളും ആശങ്കകളും

 

മുംബൈ: ടാറ്റാ ഗ്രൂപ്പ് തലപ്പത്ത് നിന്നും സൈറസ് മിസ്ട്രിയെ സ്ഥാനഭ്രഷ്ടനാക്കിയതോടെ നൂറ്റാണ്ടിലേറെ പഴക്കുമുള്ള വ്യവസായ പ്രസ്ഥാനത്തെ ചുറ്റിപ്പറ്റി ലോകത്തിനു മുന്‍പില്‍ നിരവധി ചോദ്യങ്ങളാണുള്ളത്. അപ്രതീക്ഷിത സ്ഥാനമാറ്റം ടാറ്റാ സാമ്രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് നീണ്ട നിയമ യുദ്ധത്തിന്റെ ആരംഭത്തിലേക്കാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും ദേശീയ കമ്പനി ട്രൈബ്യൂണലിലുമായി മിസ്ട്രിയും ടാറ്റയും മുന്‍കൂര്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ടാറ്റാ സണ്‍സില്‍ പ്രധാന ഓഹരി പങ്കാളിയായ ടാറ്റാ ട്രസ്റ്റില്‍ നിന്നുമാണ് മിസിട്രിയെ ചെയര്‍മാന്‍ പദവിയില്‍ നിന്നും മാറ്റുന്നതിന് തീരുമാനമുണ്ടായത് എന്നതിനാല്‍ മിസ്ട്രി നേതൃത്വത്തിനു കീഴില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ചാരിറ്റി കമ്മീഷണര്‍ക്കു മുന്‍പാകെ കാണ്ട് ടാറ്റാ ട്രസ്റ്റിനു വിശദീകരിക്കേണ്ടി വരും. ഇത് തന്റെ വിശ്വാസ്യതയെ ബാധിക്കുന്നത് ആയതിനാല്‍ ചെറുത്തുനില്‍പ്പ് സൈറസ് മിസ്ട്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയും ചെയ്യും.

പി ചിദംബരം മുതല്‍ ഹരീഷ് സാവല്‍വെ വരെയുള്ള പ്രമുഖ അഭിഭാഷകരെ ടാറ്റാ ട്രസ്റ്റ് അണിനിരത്തുമ്പോള്‍ സൈറസ് മിസ്ട്രിയുടെ തയാറെടുപ്പുകളും ഒട്ടും പുറകിലല്ല എന്നു വേണം കരുതാന്‍. ശര്‍ദുള്‍ അമര്‍ചന്ദ് മംഗള്‍ ദാസും മിസ്ട്രിയുടെ ഭാര്യ പിതാവ് ഇഖ്ബാല്‍ ചഗ്‌ളയുമാണ് ടാറ്റയുമായുള്ള യുദ്ധത്തില്‍ അദ്ദേഹത്തെ സഹായിക്കാനുള്ളത്.

ടാറ്റാ സാമ്രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലേക്കാണ് ഇത്തരം കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ടാറ്റാ ട്രസ്റ്റിലെ എല്ലാ അംഗങ്ങളും രത്തന്‍ ടാറ്റയുടെ വിശ്വസ്തരാണ്. എങ്കില്‍ പോലും ട്രസ്റ്റ് അംഗങ്ങള്‍ എല്ലാവരും പ്രായം കൂടിയവരാണെന്ന ആശങ്കം നിലനില്‍ക്കുന്നുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ കീഴ്‌വഴക്കങ്ങളുമായി ബന്ധപ്പെട്ടും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. മിസ്ട്രി പദവി വിട്ടതോടെ അടുത്ത ചെയര്‍മാന്‍ ആരെന്ന ചോദ്യവും പ്രസക്തമാണ്. നാല് മാസത്തിനുള്ളില്‍ പുതിയ ചെയര്‍മാന്‍ അവരോധിതനാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത ചെയര്‍മാന്‍ സ്ഥാനത്തേക്ക് രത്തന്‍ ടാറ്റാ ഇതിനോടകം തന്നെ പേര് കണ്ടെത്തിയിട്ടുണ്ടെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.

മിസ്ട്രിയെ ചെയര്‍മന്‍ സ്ഥാനത്തു നിന്നും മാറ്റിയതായും താല്‍ക്കാലികമായി ആ സ്ഥാനത്ത് താന്‍ തുടരുമെന്നും കാണിച്ച് രത്തന്‍ ടാറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതേ രീതിയില്‍ തന്റെ ഭാഗം വിശദമാക്കികൊണ്ടുള്ള കത്ത് മിസ്ട്രിയും പ്രധാനമന്ത്രിക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. മോദിയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ആളാണ് താനെന്ന് കാണിക്കാനുള്ള രത്തന്‍ ടാറ്റയുടെ നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മോദിയുമായി രഹസ്യ ചര്‍ച്ച നടത്തിയതിനു ശേഷമാണ് മിസിട്രിയെ നീക്കാനുള്ള തീരുമാനമുണ്ടായത് എന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories