രത്തന്‍ ടാറ്റ ഗ്രൂപ്പ് കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തി

രത്തന്‍ ടാറ്റ ഗ്രൂപ്പ് കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തി

മുംബൈ : നാടകീയ നീക്കത്തിലൂടെ സൈറസ് മിസ്ട്രിയെ പുറത്താക്കിയതിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് കമ്പനികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് രത്തന്‍ ടാറ്റ രംഗത്തെത്തി. മുംബൈയിലെത്തിയ അദ്ദേഹം വ്യക്തിയല്ല സ്ഥാപനമാണ് വലുതെന്ന് വ്യക്തമാക്കി. സൈറസ് മിസ്ട്രിയുടെ ഭാഗത്തുനിന്ന് നിയമ നടപടി പ്രതീക്ഷിക്കുന്നതിനാല്‍ ടാറ്റ ഗ്രൂപ്പ് കോടതിയില്‍ പ്രത്യേക കേവിയറ്റ് (എതിര്‍കക്ഷി കേസ് ഫയല്‍ ചെയ്താല്‍ തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി) ഫയല്‍ ചെയ്തിട്ടുണ്ട്.

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സിഇഒ റാല്‍ഫ് സേഥ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ എന്‍ ചന്ദ്രശേഖരന്‍ എന്നിവരെ ടാറ്റ സണ്‍സ് ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്റ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. ഇടക്കാല ചെയര്‍മാനായി ചുമതലയേറ്റ രത്തന്‍ ടാറ്റ, ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി. മുന്‍കാലങ്ങളിലെന്ന പോലെ നിങ്ങള്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങുകയാണെന്ന് പറഞ്ഞ രത്തന്‍ ടാറ്റ വ്യക്തിയേക്കാള്‍ സ്ഥാപനത്തെയാണ് വലുതായി കാണേണ്ടതെന്നും നിര്‍ദേശിച്ചു. ഗ്രൂപ്പിനെ ഒറ്റക്കെട്ടായി വളര്‍ത്തിക്കൊണ്ടുവരാമെന്നും രത്തന്‍ ടാറ്റ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ഇടക്കാല ചെയര്‍മാനായി മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും ഇത് വളരെക്കുറച്ച് കാലത്തേക്ക് മാത്രമായിരിക്കുമെന്നും രത്തന്‍ ടാറ്റ് വ്യക്തമാക്കി. നേതൃത്വത്തിലുണ്ടായ മാറ്റം തീരെ ബാധിക്കാത്ത തരത്തില്‍ ഓരോ കമ്പനിയും പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഗ്രൂപ്പിലെ കമ്പനി സിഇഒ മാരുമായുള്ള രത്തന്‍ ടാറ്റയുടെ കൂടിക്കാഴ്ച്ചയെ നിയമ വിദഗ്ധര്‍ ചോദ്യം ചെയ്യുന്നുണ്ട്. രത്തന്‍ ടാറ്റ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ഇടക്കാല ചെയര്‍മാനാണെങ്കിലും സ്വാഭാവികമായി ടാറ്റ മോട്ടോഴ്‌സ്, ടാറ്റ പവര്‍ എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തുന്നില്ലെന്നും അതിനാല്‍ ആ കമ്പനികളുടെ സിഇഒ മാര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Slider, Top Stories