റെയില്‍വേയുടെ ചരക്കുകടത്ത് വരുമാനത്തില്‍ 10 ശതമാനം ഇടിവ്

റെയില്‍വേയുടെ ചരക്കുകടത്ത് വരുമാനത്തില്‍ 10 ശതമാനം ഇടിവ്

 

ന്യൂഡെല്‍ഹി : നിരക്ക് കൂട്ടിയും മറ്റുമാര്‍ഗങ്ങളിലൂടെയും ചരക്കുകടത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ഇന്ത്യന്‍ റെയ്ല്‍വേയുടെ നീക്കങ്ങള്‍ വിജയം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ചരക്കുകടത്ത് വഴി ഇന്ത്യന്‍ റെയ്ല്‍വേക്ക് ലഭിച്ച വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. 48,342 കോടി രൂപ മാത്രമാണ് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ചരക്കുനീക്കത്തിലൂടെ നേടാന്‍ കഴിഞ്ഞത്. ചരക്കുകള്‍ സഞ്ചരിക്കുന്ന ദൂരം (നെറ്റ് ടണ്‍/കിലോമീറ്റര്‍) എട്ട് ശതമാനത്തോളം കുറഞ്ഞതാണ് റെയ്ല്‍വേയുടെ ചരക്കുകടത്ത് വരുമാനം താഴാന്‍ പ്രധാനമായും ഇടയാക്കിയത്.

കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇന്ത്യന്‍ റെയില്‍വേ 541 മെട്രിക് ടണ്‍ ചരക്ക് കടത്തിയിരുന്നുവെങ്കില്‍ ഇത്തവണ അത് 1.6 ശതമാനം കുറഞ്ഞ് 532 മെട്രിക് ടണ്ണായി. ഇവയില്‍ കല്‍ക്കരി 4 ശതമാനവും സിമന്റ് 6.1 ശതമാനവും രാസവളം 5 ശതമാനവും കുറഞ്ഞു.
റെയ്ല്‍വേക്ക് ചരക്ക് കടത്തിലൂടെ ആകെ ലഭിക്കുന്ന വരുമാനത്തിന്റെ 45 ശതമാനവും സംഭാവന ചെയ്യുന്നത് കല്‍ക്കരിയാണ്. രണ്ട് മാസം മുമ്പ് കല്‍ക്കരിയുടെ കടത്തുകൂലി 200 മുതല്‍ 700 കിലോമീറ്റര്‍ വരെയുള്ള ദൂരത്തേക്ക് 7-14 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ദീര്‍ഘദൂര ചരക്കുകടത്തിന്റെ നിരക്ക് 4-13 ശതമാനം വരെ കുറയ്ക്കുകയും ചെയ്തു. ചരക്ക് കയറ്റിറക്കത്തിന് ടണ്ണിന് 55 രൂപ വേറെയും ഈടാക്കിയിരുന്നു. എന്നാല്‍ ഇവയൊന്നും പ്രയോജനമുണ്ടാക്കിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കല്‍ക്കരിയില്‍നിന്നുള്ള കടത്തുകൂലി കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 14 ശതമാനം കുറയുകയാണ് ഉണ്ടായത്.

ഇരുമ്പയിര് കടത്ത് സംബന്ധിച്ച് നിലവിലിരുന്ന ഡുവല്‍ ഫ്രൈറ്റ് പോളിസിയും പത്ത് ശതമാനം സര്‍ച്ചാര്‍ജും ഈ വര്‍ഷമാദ്യം റെയില്‍വേ എടുത്തുകളഞ്ഞിരുന്നു. ഇത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദത്തില്‍ ഇരുമ്പയിര് കടത്ത് പന്ത്രണ്ട് ശതമാനം വര്‍ധിക്കുന്നതിന് ഇടയാക്കി. അതേസമയം കണ്ടെയ്‌നര്‍ കടത്ത് ഒരു ശതമാനം മാത്രമാണ് വര്‍ധിച്ചത്. ഈ സാമ്പത്തിക വര്‍ഷം ചരക്ക് കൂലി പുനഃക്രമീകരിച്ചതിന്റെ ഫലം മൂന്നാം പാദം മുതല്‍ക്കേ പ്രകടമാകൂ എന്നാണ് റെയില്‍വേ അധികൃതര്‍ വിശദീകരിക്കുന്നത്.

കയറ്റുന്ന ചരക്കുകള്‍ സഞ്ചരിക്കുന്ന ദൂരം (ലീഡ്‌സ്) കുറയുന്നതാണ് ഇപ്പോഴത്തെ ആശങ്കയെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. നടപ്പ് വര്‍ഷത്തെ ലീഡ്‌സ് (നെറ്റ് ടണ്‍/ കിലോമീറ്റര്‍) ലക്ഷ്യം മുന്‍ വര്‍ഷത്തെ 620 കിലോമീറ്ററില്‍നിന്ന് കുറച്ച് 600 കിലോമീറ്ററായി പുനര്‍നിശ്ചയിച്ചിട്ടുണ്ട്. ലീഡ്‌സ് ആണ് പ്രധാന വെല്ലുവിളിയെന്നും അതുകൊണ്ടാണ് ദീര്‍ഘദൂര ചരക്കുകടത്തിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്നും റെയ്ല്‍വേ അധികൃതര്‍ വിശദീകരിക്കുന്നു. ലീഡ്‌സ് പത്ത് ശതമാനം കുറഞ്ഞാല്‍ വരുമാനവും പത്ത് ശതമാനം കുറയുമെന്ന് റെയ്ല്‍വേ ബോര്‍ഡ് ട്രാഫിക് വിഭാഗം മെംബര്‍ മുഹമ്മദ് ജാംഷേദ് പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷം ചരക്കുകടത്ത് നാല് ശതമാനം വര്‍ധിപ്പിച്ച് 1,157 മില്യണ്‍ ടണ്ണാക്കി മാറ്റാനും അതുവഴി വരുമാനത്തില്‍ അഞ്ച് ശതമാനം വര്‍ധന കൈവരിക്കാനുമാണ് ഇന്ത്യന്‍ റെയില്‍വേ ശ്രമിക്കുന്നത്.

Comments

comments

Categories: Branding