ആത്മീയ സേവനങ്ങളൊരുക്കി ‘പൂജ്യസേവ’

ആത്മീയ സേവനങ്ങളൊരുക്കി ‘പൂജ്യസേവ’

ആധുനിക സാങ്കേതിക വിദ്യയും പൗരാണിക സമ്പ്രദായത്തിലുള്ള ആചാരാനുഷ്ഠാനങ്ങളും സംയോജിപ്പിക്കുകയാണ് പൂജ്യസേവ എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം. ഇന്ത്യക്കാര്‍ തങ്ങളുടെ സമയവും ഊര്‍ജ്ജവും പണവും പൂജാദികര്‍മ്മങ്ങള്‍ക്കായി വന്‍ തോതില്‍ വിനിയോഗിക്കുന്നത് സമൂഹത്തിലെ സ്ഥിരം കാഴ്ചയാണ്. ഇത്തരം നടപടികള്‍ ലളിതമാക്കുകയാണ് ഗുഡ്ഗാവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൂജ്യസേവ എന്ന യുവ സ്റ്റാര്‍ട്ടപ്പ് സംരംഭം.

തുടക്കം

നിലവിലെ പഠനങ്ങളനുസരിച്ച് രാജ്യത്ത് പൂജകള്‍ക്കും മറ്റ് ആചാരാനുഷ്ഠാനങ്ങള്‍ക്കുമായി ചെലവാക്കുന്ന തുകയുടെ മൂല്യം ഏകദേശം 30 ബില്യണ്‍ ഡോളര്‍ വരും. അതായത് ഓരോ ഇന്ത്യക്കാരനും 30 ഡോളര്‍ വെച്ച് പൂജകള്‍ നടത്താന്‍ ചെലവഴിക്കുന്നുണ്ട്. ഇതു മനസിലാക്കിയാണ് സഹോദരന്മാരായ വിനയും വിജയും പൂജ്യസേവ എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചിട്ടുള്ളത്. ഇരുവരുടേയും മാനേജ്‌മെന്റ്, ഐടി രംഗങ്ങളിലുള്ള പരിചയ സമ്പത്ത് ഇതിന് സഹായകമായി. ഇന്ത്യയൊട്ടാകെ പൂജാസംബന്ധിയായ സേവനങ്ങള്‍ പൂജ്യസേവ ലഭ്യമാക്കുന്നു. രാജ്യത്തെമ്പാടും ഇതിനായി ഒരേ പ്രതിഫലസമ്പ്രദായമാണ് പൂജ്യസേവ അവതരിപ്പിച്ചിട്ടുള്ളത്.

സേവനങ്ങള്‍

വേദപാരമ്പര്യത്തിനു കേള്‍വികേട്ട വാരാണസിയില്‍ നിന്നുള്ള ആചാര്യന്മാരുടെ സേവനമാണ് പൂജ്യസേവ കൂടുതലും ലഭ്യമാക്കുന്നത്. സാധാരണ പൂജകള്‍ക്കു പുറമേ പ്രത്യേക സങ്കല്‍പ്പത്തോടെ നടത്തുന്ന ജപം, യജ്ഞം മുതലായ ആചാര്യമേല്‍നോട്ടത്തില്‍ ഒന്നിലധികം പേര്‍ ചേര്‍ന്നു നടത്തുന്ന കര്‍മ്മങ്ങളും നടത്താനുള്ള സൗകര്യം പൂജ്യസേവ ഒരുക്കുന്നുണ്ട്.

പൂജാദി കാര്യങ്ങളോടൊപ്പം ഓണ്‍ലൈനായി ജ്യോതിഷികളുടെ സേവനവും പൂജ്യസേവയിലൂടെ ആവശ്യക്കാര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. പ്രത്യേക ചടങ്ങുകള്‍ നടത്തുന്നതിനുള്ള മുഹൂര്‍ത്തം നിശ്ചയിക്കുന്നതിനും ജാതകപ്പൊരുത്തം നോക്കുന്നതിനും ജാതകം തയാറാക്കുന്നതിനും ഇതിലൂടെ സാധിക്കും. അനുഭവസമ്പത്തുള്ള വാസ്തുശാസ്ത്ര വിദഗ്ധരുടെ സേവനവും പൂജ്യസേവ അവതരിപ്പിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ വരെ നേരിട്ടെത്തി പൂജ നടത്തുന്നതിനുള്ള സൗകര്യം ഉണ്ടെങ്കിലും ഓണ്‍ലൈനായി ഇ-പൂജ നടത്താനും പൂജ്യസേവ അവസരമൊരുക്കുന്നു. പ്രവാസികളായ ഹിന്ദു സമുദായാംഗങ്ങള്‍ക്ക് തങ്ങളുടെ പാരമ്പര്യത്തില്‍ നിന്നും വിട്ടു പോന്നുവെന്ന തോന്നല്‍ ഉണ്ടാകാതിരിക്കുന്നതിനാണ് ഓണ്‍ലൈനായി പൂജ നടത്താനുള്ള അവസരമൊരുക്കിയിട്ടുള്ളത്. കമ്പനിയുടെ സഹസ്ഥാപകനായ വിനയ്‌യുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങളാണ് ഇത്തരം സംരംഭത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ ഇടയാക്കിയത്. ജാതക പരിശോധന മുതലുള്ള വിഷയങ്ങളില്‍ കുടുംബത്തിനൊട്ടാകെ നിരവധി സംശയങ്ങള്‍ ഉണ്ടായി. അവസാനം വാരാണസിയില്‍ നിന്നുള്ള പുരോഹിതന്റെ സഹായത്താലാണ് കൃത്യമായി പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ സാധിച്ചത്. മേല്‍പ്പറഞ്ഞ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് വിനയും വിശാലും പൂജ്യസേവയ്ക്കു രൂപം നല്‍കിയത്. 2016 ഓഗസ്റ്റിലാണ് പൊതുജനങ്ങള്‍ക്കായി പൂജ്യ സേവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറന്നു കൊടുത്തത്. പൂജാ സേവനങ്ങള്‍ക്കു പുറമെ പൂജാ സാമഗ്രികളുടെ വിപണനവും തീര്‍ഥാടന സൗകര്യവും വരും മാസങ്ങളില്‍ ഒരുക്കാന്‍ പൂജ്യസേവ ശ്രമിച്ചുവരികയാണ്.

ഇന്ത്യയിലെ വിശ്വസനീയമായ ബ്രാന്‍ഡായി മാറുന്നതിനും 20 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുന്നതിനുമാണ് പൂജ്യസേവ നിലവില്‍ ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ ഹിന്ദു സമുദായാംഗങ്ങളുടെ ആത്മീയമായ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന സേവന കേന്ദ്രമെന്ന രീതിയില്‍ വളരാന്‍ സാധിക്കുന്ന സ്ഥാപനമാണ് പൂജ്യസേവ. ആവശ്യക്കാര്‍ക്ക് സേവനങ്ങള്‍ ബുക്ക് ചെയ്താല്‍ മാത്രം മതി. നിര്‍ദിഷ്ട കാര്യത്തിന്റെ പുരോഗതി എസ്എംഎസ്, ഇമെയ്ല്‍ സന്ദേശങ്ങളിലൂടെ പൂജ്യസേവ ആവശ്യക്കാരെ യഥാസമയം അറിയിക്കും.

Comments

comments

Categories: Branding