പുതിയ വ്യവസായ നയം ഉടന്‍: പിണറായി വിജയന്‍

പുതിയ വ്യവസായ നയം ഉടന്‍: പിണറായി വിജയന്‍

തിരുവനന്തപുരം: പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി സൗഹാര്‍ദ വ്യവസായങ്ങള്‍ക്കായിരിക്കും നയത്തില്‍ പ്രാധാന്യം നല്‍കുക. ബജറ്റ് ഭേദഗതിയില്‍ വ്യവസായങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് വ്യവസായാനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി റോഡുകള്‍, ഭൂമി, ഊര്‍ജലഭ്യത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ഇതിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡില്‍ നിന്നും ധനസഹായം ലഭ്യമാക്കും.. വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങള്‍ക്ക് ആവശ്യമായ അനുമതികള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഏകജാലക സംവിധാനം നവീകരിക്കുകയും കൂടുതല്‍ സുതാര്യമാക്കുകയും ചെയ്യും. ഒരൊറ്റ ഓണ്‍ലൈന്‍ അപേക്ഷയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്ന പദ്ധതി ഡിസംബര്‍ മുതല്‍ നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു.

അര്‍ഹതയുള്ള വ്യവസായങ്ങള്‍ക്ക് സ്ഥലം ലഭ്യമാക്കുന്നതിനായി ലാന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം കൊണ്ടുവരും. വേളി, പുഴക്കല്‍, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ വ്യവസായ പാര്‍ക്കുകളാരംഭിക്കും. കെഎംഎംഎല്‍, ടൈറ്റീനിയം, മലബാര്‍ സിമന്റ് എന്നിവയെ സഹായിക്കാന്‍ സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പൊതുമേഖലാ വ്യവസായങ്ങള്‍ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. വിപണിയിലെ മത്സരം കണക്കിലെടുത്ത് കെല്‍ട്രോണ്‍ നവീകരണത്തിന് വിധേയമാക്കും.

വികസന പരിപാടികള്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും 2018 ആകുന്നതോടെ ഐടി കയറ്റുമതി 2 ബില്ല്യണ്‍ ആകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൈത്തറി മേഖലയ്ക്കു പ്രോല്‍സാഹനം ആവശ്യമാണ്. ഖാദി യൂണിറ്റുകള്‍ ആധുനികവല്‍ക്കരിക്കും. കരകൗശല മേഖലയില്‍ നവീന സാങ്കേതികവിദ്യകളും ഡിസൈനുകളും ഉപയോഗിച്ച് നവീകരിക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

Comments

comments

Categories: Slider, Top Stories