നിതീഷ് കുമാര്‍ സ്റ്റാര്‍ട്ടപ്പ് ബിഹാര്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുന്നു

നിതീഷ് കുമാര്‍ സ്റ്റാര്‍ട്ടപ്പ് ബിഹാര്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുന്നു

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ‘സ്റ്റാര്‍ട്ടപ്പ് ബിഹാര്‍’ എന്ന നൂതനസംരംഭം ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ദ ബിഹാര്‍ എന്‍ട്രപ്രണേഴ്‌സ് അസോസിയേഷ(ബിഇഎ)നാണ് ഇക്കാര്യം അറിയിച്ചത്. ബിഹാറിലെ വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഛാഥ് എന്ന സംരംഭത്തിനു പിന്നാലെയാണ് സ്റ്റാര്‍ട്ടപ്പ് ബിഹാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

വ്യവസായ വകുപ്പിനോടൊപ്പം നിര്‍ദിഷ്ട പദ്ധതിയില്‍ പങ്കാളിയായിട്ടുള്ള സ്ഥാപനമാണ് ബിഇഎയും. ബിഇഎ സെക്രട്ടറി അഭിഷേക് സിംഗ് നല്‍കുന്ന വിവരമനുസരിച്ച് നിതീഷ്‌കുമാറിന്റെ അധ്യക്ഷതയിലായിരിക്കും സ്റ്റാര്‍ട്ടപ്പ് ബിഹാര്‍ പദ്ധതിയുടെ ഔദ്യോഗിക അവതരണം നടപ്പാക്കുക. സമൂഹത്തിലെ താഴേത്തട്ടിലുള്ള യുവാക്കളുടെ ഇടയിലും സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മുഖ്യമന്ത്രി പദ്ധതി അവതരണത്തോട് അനുബന്ധിച്ച് സംരംഭകര്‍ക്കുള്ള മൂലധനസഹായം വിതരണം ചെയ്യുമെന്ന് അഭിഷേക് സിംഗ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 ലക്ഷം രൂപ വരെയാണ് സാമ്പത്തിക സഹായം നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. നവസംരംഭകര്‍ക്ക് നിക്ഷേപസഹായമൊരുക്കുന്ന ആദ്യ സംസ്ഥാനമായി ബിഹാര്‍ മാറുമെന്ന് സിംഗ് സൂചിപ്പിച്ചു. എന്നാല്‍ വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ ഇതുവരെ പദ്ധതിയുടെ ഔദ്യോഗിക അവതരണം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഞായറാഴ്ച അവതരിപ്പിച്ച സ്റ്റാര്‍ട്ടപ്പ് അപേക്ഷകര്‍ക്കുള്ള പ്രത്യേക വെബ്‌സൈറ്റില്‍ ഇതിനോടകം 75 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു. ബിഹാറിന്റെ സ്റ്റാര്‍ട്ടപ്പ് നയങ്ങളുടെ ഭാഗമായാണ് വെബ്‌സൈറ്റ് അവതരിപ്പിച്ചിട്ടുള്ളത്.

Comments

comments

Categories: Entrepreneurship