ഭക്ഷ്യവസ്തുക്കള്‍ക്ക് പുതിയ ഗുണനിലവാര മാനദണ്ഡം വരുന്നു

ഭക്ഷ്യവസ്തുക്കള്‍ക്ക് പുതിയ  ഗുണനിലവാര മാനദണ്ഡം വരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഭക്ഷ്യവസ്തുക്കളുടെ നിലവാരം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കും. ഭക്ഷ്യ, ആരോഗ്യ സംരക്ഷണ വസ്തുക്കളിലെ ചേരുവകള്‍, ന്യൂട്രാസ്യൂട്ടിക്കലുകള്‍, ഫംഗ്ഷണല്‍, ഡയറ്ററി ഭക്ഷണങ്ങള്‍ എന്നിവയുടെ ഗുണമേന്മയും സുരക്ഷയും സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം എഫ്എസ്എസ്എഐ കരട് രേഖ പുറത്തിറക്കിയിരുന്നു.
ഭക്ഷ്യ വസ്തുക്കളുടെ നിലവാരവുമായ ബന്ധപ്പെട്ട വിജ്ഞാപനം അന്തിമ ഘട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനു ശേഷം വൈകാതെ അതു പുറത്തുവിടും-എഫ്എസ്എസ്എഐ സിഇഒ പവന്‍ കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യന്‍ ഡയറക്റ്റ് സെല്ലിംഗ് അസോസിയേഷന്‍ (ഐഡിഎസ്എ) സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിന് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത് (ഏകദേശം 60 ശതമാനത്തോളം) നേരിട്ട് വില്‍പ്പന നടത്തുന്ന വിപണിയാണെന്നിരിക്കെ ഭക്ഷ്യ സുരക്ഷയെപ്പറ്റി ഉപഭോക്താക്കളെ ബോധവാന്മാരാക്കാന്‍ അദ്ദേഹം ഐഡിഎസ്എ അംഗങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് സുരക്ഷിതവും പോഷകസമ്പന്നവുമായ ഭക്ഷണം ലഭ്യമാക്കേണ്ടത് എഫ്എസ്എസ്എഐയുടെ ഉത്തരവാദിത്തമാണ്. അതിനായി ഈ മേഖലയില്‍ നിന്നുള്ള ഓരോ അംഗങ്ങളുടെയും സഹായ സഹകരണങ്ങള്‍ ആവശ്യമാണ്-അഗര്‍വാള്‍ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടിക്ക് ഐഡിഎസ്എയിലെ 40 ലക്ഷത്തോളം വരുന്ന അംഗങ്ങളുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ട് സംഘടനയുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Business & Economy