മറ്റു സാമ്പത്തിക സേവനങ്ങള്‍: എന്‍ബിഎഫ്‌സികളില്‍ 100% വിദേശ നിക്ഷേപം അനുവദിച്ചു

മറ്റു സാമ്പത്തിക സേവനങ്ങള്‍:  എന്‍ബിഎഫ്‌സികളില്‍ 100%  വിദേശ നിക്ഷേപം അനുവദിച്ചു

ന്യൂഡെല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി, എന്‍ബിഎഫ്‌സി) നല്‍കിവരുന്ന ‘മറ്റ് സാമ്പത്തിക സേവനങ്ങള്‍’ക്ക് കേന്ദ്ര സര്‍ക്കാര്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചു. ഉദാരമായ വിദേശ നിക്ഷേപ നയം തുടരുകയാണെന്ന് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ആര്‍ബിഐ, സെബി, ഐആര്‍ഡിഎ, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി, നാഷണല്‍ ഹൗസിംഗ് ബാങ്ക് എന്നിവയുടേയോ അതല്ലെങ്കില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള മറ്റേതെങ്കിലും റെഗുലേറ്ററുകളുടെയോ നിയന്ത്രണത്തിലുള്ള ഇതര സാമ്പത്തിക സേവനങ്ങള്‍ക്കാണ് 100 ശതമാനം എഫ്ഡിഐ (ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ്) അനുവദിച്ചത്-പത്രക്കുറിപ്പ് വ്യക്തമാക്കി. എന്നാല്‍, റെഗുലേറ്ററോ സര്‍ക്കാര്‍ ഏജന്‍സികളോ നിഷ്‌കര്‍ഷിച്ചിട്ടുള്ള അടിസ്ഥാന മൂലധന മാനദണ്ഡങ്ങള്‍ അടക്കമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും നിക്ഷേപം അനുവദിക്കുക. മര്‍ച്ചന്റ് ബാങ്കിംഗ്, സ്റ്റോക്ക് ബ്രോക്കിംഗ്, ക്രെഡിറ്റ് റേറ്റിംഗ്, ഹൗസിംഗ് ഫിനാന്‍സ്, റൂറല്‍ ക്രെഡിറ്റ് തുടങ്ങിയ എന്‍ബിഎഫ്‌സി പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ നിയമപ്രകാരം 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം സ്വീകരിക്കാം. എന്‍ബിഎഫ്‌സി രംഗത്ത് വിദേശ നിക്ഷേപം ഉദാരമാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy