ലക്ഷ്വറി റിയല്‍റ്റി: വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി കമ്പനികള്‍

ലക്ഷ്വറി റിയല്‍റ്റി: വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി കമ്പനികള്‍

 

മുംബൈ: രാജ്യത്തെ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് വിപണി കൂടുതല്‍ നേട്ടത്തിലെത്തുമെന്ന പ്രതീക്ഷയില്‍ ഡെവലപ്പപര്‍മാര്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍, ബംഗ്ലാവുകള്‍ എന്നിവ ഗോള്‍ഫ് ടൗണ്‍ഷിപ്പിനോടൊപ്പം നിര്‍മിക്കുക വഴി അഡംബര റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പുതിയ സംസ്‌കാരം രൂപീകരിക്കാനാണ് കമ്പനികള്‍ പദ്ധതിയിട്ടിരിക്കുന്നത്.
ആഡംബരത്തില്‍ ആകൃഷ്ടരാകുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു വരുന്നതയാണ് ചില സര്‍വെകള്‍ വ്യക്തമാക്കുന്നത്. സ്വന്തമായി ഭവനം നിര്‍മിക്കുന്നതിലും ആഡംബരം പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്ന വലിയ വിഭാഗം ജനങ്ങളുള്ള രാജ്യത്ത് നിക്ഷേപം നഷ്ടമുണ്ടാക്കില്ലെന്നാണ് കമ്പനികള്‍ കരുതുന്നത്.
സാമ്പത്തിക മാന്ദ്യം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വിപണിയിലും പ്രതിഫലിച്ചിരുന്നെങ്കിലും ലക്ഷ്വറി വിഭാഗത്തില്‍ കാര്യമായി ബാധിച്ചിരുന്നില്ലെന്നാണ് വിദഗ്ധര്‍ വിലിയിരുത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ആഡംബര റിയല്‍റ്റി ഉത്പന്നങ്ങളുടെ വിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള രൂപകല്‍പ്പനയാണ് ലക്ഷ്വറി പ്രോപ്പര്‍ട്ടികള്‍ക്ക് കമ്പനികള്‍ നല്‍കുന്നത്. ഈ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിലൂടെ ഈ മേഖല കൂടുതല്‍ ആകര്‍ഷണീയമാകുന്നു.
രാജ്യത്തെ വന്‍കിട നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ആഡംബര റിയല്‍റ്റി വിപണി. മുംബൈ, ഡല്‍ഹി, ബംഗളൂരു, ഗുഡ്ഗാവ്, പൂനെ, നോയിഡ, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, അഹ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ആഡംബര റിയല്‍ എസ്‌റ്റേറ്റ് വിപണി ഏറ്റവും സജീവം.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കനുസരിച്ച് ആഡംബര പാര്‍പ്പിടങ്ങള്‍ക്കും ഡിമാന്റ് വര്‍ധിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് മടി കാണിക്കുന്നില്ലെന്നാണ് കമ്പനികള്‍ അഭിപ്രായപ്പെടുന്നത്. പണക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയാണ് ഇവര്‍ മുഖ്യമായും വിപണിക്ക് നോട്ടമിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം മൂന്ന് ലക്ഷം കവിയുമെന്നാണ് ഏണ്‍സ്റ്റ് ആന്‍ഡ് എംഗും കൊട്ടാക് വെല്‍ത്ത് മാനേജ്‌മെന്റും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

Comments

comments

Categories: Business & Economy