ഓഫീസ് സ്‌പെയ്‌സ് ഏറ്റെടുപ്പ് വര്‍ധിപ്പിച്ച് ഇന്‍ഫോസിസ്

ഓഫീസ് സ്‌പെയ്‌സ് ഏറ്റെടുപ്പ് വര്‍ധിപ്പിച്ച് ഇന്‍ഫോസിസ്

ബെംഗളൂരു: സാങ്കേതിക രംഗത്ത് ആഗോള തലത്തില്‍ പ്രശസ്തരായ ഇന്ത്യന്‍ കമ്പനി ഇന്‍ഫോസിസ് ടെക്‌നോളജീസ് രാജ്യത്തുടനീളം ഓഫീസ് സ്‌പെയ്‌സ് ഏറ്റെടുക്കലുകള്‍ വര്‍ധിപ്പിക്കുന്നു. ബിസിനസ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഖ്യ നഗരങ്ങളില്‍ മാത്രം ഈയടുത്ത് ഒന്‍പത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഓഫീസ് സ്‌പെയ്‌സുകളാണ് കമ്പനി പാട്ടത്തിനെടുത്തിരിക്കുന്നത്.
ബെംഗളൂരു തനിസാന്ദ്ര റോഡിലുള്ള ഭാരതിയ സിറ്റിയില്‍ 2,10,000 ചതുരശ്രയടി ഓഫീസ് സ്‌പെയ്‌സ് പാട്ടത്തിനെടുത്തതാണ് ഇതില്‍ ഏറ്റവും അവസാനം. രാജ്യത്തെ ഐടി നഗരമായ ബെംഗളൂരുവില്‍ നടന്ന വലിയ ഓഫീസ് സ്‌പെയ്‌സ് ഏറ്റെടുക്കലുകളില്‍ ഒന്നാണിത്.
വാടകയിനത്തില്‍ മാത്രം വര്‍ഷം ഒന്‍പത് കോടി രൂപയാണ് സോഫ്റ്റ്‌വെയര്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസ് ഈ ഓഫീസിന് നല്‍കേണ്ടത്. ചതുരശ്രയടിക്ക് 48 രൂപയാണ് വരുന്നത്. ഒന്‍പത് വര്‍ഷത്തേക്കുള്ള കരാറില്‍ വര്‍ഷാവര്‍ഷം വാടക നിരക്ക് പുതുക്കി നിശ്ചയിക്കും. ഈ വര്‍ഷം ജൂണ്‍ 30 വരെ ഇന്‍ഫോസിസിലുള്ള ജീവനക്കാരുടെ എണ്ണം 197,050 ആണ്.
അടുത്ത മാസത്തോടെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കാനാണ് ഇന്‍ഫോസിസ് ലക്ഷ്യമിടുന്നത്. ഏകദേശം 2,000 ഓളം തൊഴിലാളികളെ പുതിയ ഓഫീസിലേക്ക് മാറ്റാന്‍ സാധിക്കും.
ഏകദേശം പത്ത് മില്ല്യന്‍ സ്‌ക്വയര്‍ഫീറ്റ് വികസിപ്പിച്ചെടുക്കാനാണ് ഭാരതിയ സിറ്റി പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തില്‍ ആറ് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള സ്ഥലം അടുത്ത മാസത്തോടെ പൂര്‍ണമായും സജ്ജമാകും. മറ്റൊരു ഐടി പ്രമുഖരയാ ഐബിഎം ബെംഗളൂരുവില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് 220,000 ചതുരശ്രയടി ഈയടുത്ത് ഇവിടെ സ്വന്തമാക്കിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാരായ ഇന്‍ഫോസിസ് പൂനെ, മുംബൈ എന്നീ നഗരങ്ങളിലായി രണ്ട് വലിയ ഓഫീസ് ഏറ്റെടുക്കലുകള്‍ നടത്തിയിരുന്നു. പൂനെയില്‍ ഇന്റര്‍നാഷണല്‍ ടെക്‌നോ പാര്‍ക്കില്‍ 620,000 ചതുരശ്രയടിയും ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റിയില്‍ 150,200 ചതുരശ്രയടിയുമാണ് കമ്പനി നടത്തിപ്പിനെടുത്തത്.
ഇന്‍ഡോര്‍, മൊഹാലി, ഹൂബ്ലി, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും ഓഫീസുകള്‍ നടത്തിപ്പിനെടുക്കാനുള്ള പദ്ധതി ഇന്‍ഫോസിസിനുണ്ട്. നാഗ്പൂരില്‍ 5,000 തൊഴിലാളികള്‍ക്കുള്ള സൗകര്യമാണ് ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും കമ്പനി വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.
സിബആര്‍ഇയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ഓഫീസ് സ്‌പെയ്‌സ് ഡിമാന്‍ഡില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മാത്രം 11 മില്ല്യന്‍ സ്‌ക്വയര്‍ഫീറ്റ് ഡിമാന്‍ഡാണ് ഓഫീസ് സ്‌പെയ്‌സ് രംഗത്ത് രേഖപ്പെടുത്തിയത്. ഡിമാന്‍ഡിലുണ്ടാകുന്ന വര്‍ധന രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നാതാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ബെംഗളൂരു (24%), മുംബൈ (16%), ചെന്നൈ (16%), പൂനെ (13%) എന്നീ നഗരങ്ങളാണ് ഓഫീസ് സ്‌പെയ്‌സ് ഡിമാന്‍ഡില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഐടി, ഐടി അനുബന്ധ കമ്പനികളാണ് ഏറ്റവും കൂടുതല്‍ ഓഫീസ് സ്‌പെയ്‌സുകള്‍ നടത്തിപ്പിനെടുക്കുന്നത്. കഴിഞ്ഞ പാദത്തില്‍ നടന്ന മൊത്തം ഏറ്റെടുക്കലുകളില്‍ 54 ശതമാനവും ഈ മേഖലയിലുള്ള കമ്പനികളുടേതാണ്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്‍ഡ് ഇന്‍ഷൂറന്‍സ്, എന്‍ജിനീയറിംഗ് ആന്‍ഡ് മാനുഫാക്ചര്‍ എന്നീ മേഖലകളും ഓഫീസ് സ്‌പെയ്‌സുകള്‍ ഏറ്റെടുക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.

Comments

comments

Categories: Branding