മിസ്ട്രിയുടെ പിന്‍ഗാമി: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഇന്ദ്ര നൂയിയും

മിസ്ട്രിയുടെ പിന്‍ഗാമി:  ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഇന്ദ്ര നൂയിയും

 

ന്യൂഡെല്‍ഹി: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സൈറസ് മിസ്ത്രി പടിയിറങ്ങിയതിനു ശേഷം ആ പദവിയിലേക്ക് മുഴങ്ങിക്കേള്‍ക്കുന്ന രണ്ട് പേരുകളില്‍ മുന്‍നിരയിലുള്ളത് പെപ്‌സികോ സിഇഒ ഇന്ദ്ര നൂയിയുടേതാണ്. ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ തുടര്‍ച്ചയായി സ്ഥാനം നേടിയ ഇവര്‍ നിലവില്‍ പെപ്‌സിേേകായുടെ ചെയര്‍പെഴ്‌സണും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ്. 2014ലാണ് ഇന്ദ്ര നൂയി ശക്തരായ 100 വനിതകളില്‍ 13ാം സ്ഥാനക്കാരിയായി ഫോര്‍ബ്‌സ് മാസികയില്‍ ഇടം നേടിയത്. കൂടാതെ ഫോര്‍ച്യൂണിന്റെ ശക്തരായ 51 വനിതകളില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യന്‍ വംശജ കൂടിയാണ് നൂയി.

നിലവില്‍ ടാറ്റാ ഇന്റര്‍നാഷണല്‍ എംഡി യായ നവല്‍ ടാറ്റയുടേതാണ് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിട്ടുള്ള മറ്റൊരു പേര്. സൈറസ് മിസ്ട്രിയുടെ അപ്രതീക്ഷിത മാറ്റത്തോടെ ഏകദേശം നാല് മാസത്തോളം രത്തന്‍ ടാറ്റ താല്‍കാലിക ചെയര്‍മാന്‍ സ്ഥാനം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര, റോണെന്‍ സെന്‍, ലോര്‍ഡ് കുമാര്‍ ഭട്ടാചാര്യ, രത്തന്‍ ടാറ്റ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ കമ്മിറ്റിയെ പുതിയ ചെയര്‍മാനെ നിശ്ചയിക്കുന്നതിനു വേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

നൂയിയുടെ പേരു തന്നെയാണ് പരിഗണിക്കപ്പെടുന്നവയില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളത്. സിഇഒ പദവിയില്‍ തന്റെ പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ഇന്ദ്ര കൃഷ്ണമൂര്‍ത്തി നൂയി എന്ന ബിസിനസ് സാരഥിയുടെ സ്ഥാനം പഴയ പ്രൗഢിയില്‍ മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഫോര്‍ച്യൂണ്‍ വിലയിരുത്തുന്നത്. 1994ലാണ് ഇന്ദ്ര നൂയി പെപ്‌സികോയിലെത്തുന്നത്. തുടര്‍ന്ന് 2001ല്‍ കമ്പനിയുടെ അധ്യക്ഷയും സിഎഫ്ഒയുമായി നൂയി അധികാരമേറ്റു. ഒരു ദശാബ്ദ കാലത്തിലധികം കമ്പനിയുടെ ഗ്ലോബല്‍ സ്ട്രാറ്റജിക്ക് നേതൃത്വം നല്‍കിയ നൂയി 1997ലെ പെപ്‌സികോ റീബ്രാന്‍ഡിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. 2006ല്‍ പെപ്‌സികോ യുടെ അഞ്ചാമത്തെ സിഇഒ ആയി ഇന്ദ്ര നൂയി ചുമതലയേറ്റു.

പെപ്‌സികോയില്‍ നൂയിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള തന്ത്രപരമായ മാറ്റങ്ങള്‍ വന്‍ വിജയമായിരുന്നു. പെപ്‌സികോ ഉല്‍പ്പന്നങ്ങളെ മൂന്ന് വിഭാഗങ്ങളിലായിട്ടായിട്ടാണ് നൂയി പുനര്‍വിഭാഗീകരിച്ചത്. ‘ഫണ്‍ ഫോര്‍ യു’ (ഉരുളക്കിഴങ്ങ് ചിപ്‌സ്, സോഡ), ബെറ്റര്‍ ഫോര്‍ യു’ (കൊഴുപ്പ് കുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങളും സോഡയും), ‘ഗുഡ് ഫോര്‍ യു’ ( ഓട്‌സ്‌പ്പൊടി പോലുള്ളവ) എന്നിങ്ങയായിരുന്നു ആ വിഭാഗീകരണം. ജംങ്ക് ഫൂഡ് ശ്രേണിയിലേക്കുള്ള ചെലവിടല്‍ കുറച്ച് ആരോഗ്യപ്രദമായ ഉല്‍പ്പന്നശ്രേണിയിലേക്ക് ശ്രദ്ധതിരിച്ചുകൊണ്ടുള്ളതായിരുന്നു ഇന്ദ്ര നൂയി യുടെ പദ്ധതികള്‍. ഇത്തരത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഇന്ദ്ര നൂയിയെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.

Comments

comments

Categories: Branding, Slider