ലിംഗസമത്വം: ഇന്ത്യ ഏറെ മുന്നേറണം

ലിംഗസമത്വം: ഇന്ത്യ ഏറെ മുന്നേറണം

ന്യൂഡെല്‍ഹി: ജനീവ ആസ്ഥാനമായുള്ള ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) തയാറാക്കിയ ആഗോള ലിംഗാനുപാത സൂചിക(സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം)യില്‍ ഇന്ത്യ 87മത്  സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം പട്ടികയില്‍ 108 സ്ഥാനത്തായിരുന്നു ഇന്ത്യ 21 പടി മുന്നേറിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റമാണ് രാജ്യത്ത് സ്ത്രീ-പുരുഷ സമത്വം വര്‍ധിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലിംഗസമത്വ സൂചികയില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് ഐസ്‌ലാന്‍ഡാണ്.

സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയ പ്രാതിനിധ്യം എന്നീ നാല് മാനദണ്ഡങ്ങളാണ് ലോക സാമ്പത്തിക ഫോറം പ്രധാനമായും സൂചിക തയാറാക്കുന്നതില്‍ പരിഗണിച്ചത്. വിദ്യാഭ്യസ രംഗത്തുണ്ടായ വികസനമാണ് ഇന്ത്യയില്‍ സ്ത്രീ-പുരുഷ അന്തരം കുറയുന്നതിന് കാരണമായ പ്രധാന ഘടകമെന്നും പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലെ വിദ്യാഭ്യാസത്തിലുള്ള അന്തരം നികത്താനാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധിച്ചതെന്നും ഡബ്ല്യുഇഎഫ് വിലയിരുത്തി. എന്നാല്‍ സാമ്പത്തിക മാനദണ്ഡം കണക്കിലടുക്കുമ്പോള്‍ ഇന്ത്യയിനിയും എറെ പരിശ്രമിക്കേണ്ടതുണ്ടെന്നും, 144 രാജ്യങ്ങളില്‍ സാമ്പത്തികതലത്തിലെ ലിംഗസമത്വത്തില്‍ 136ാം സ്ഥാനത്താണ് ഇന്ത്യയെന്നും ഡബ്ല്യുഇഎഫ് പറയുന്നു.

വിദ്യാഭ്യാസ മുന്നേറ്റം മാത്രം നോക്കുമ്പോള്‍ 113ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ആരോഗ്യ രംഗത്ത് 142ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ രാഷ്ട്രീയ പ്രാതിനിധ്യം വിലയിരുത്തുമ്പോള്‍ ആദ്യത്തെ പത്ത് രാജ്യങ്ങളില്‍ ഇടം നേടാന്‍ ഇന്ത്യയ്ക്കായിട്ടുണ്ട്.

തൊഴിലിടങ്ങളിലെ സ്ത്രീ-പുരുഷ സമത്വത്തിന്റെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ആഗോളതലത്തില്‍ തന്നെ മങ്ങലേല്‍ക്കുന്നുണ്ടെന്നും ഡബ്ല്യുഇഎഫ് വ്യക്തമാക്കുന്നു. ആണും പെണ്ണും തമ്മിലുള്ള സാമ്പത്തിക സമത്വം കൈവരിക്കണമെങ്കില്‍ 170 വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് ഡബ്ല്യുഇഎഫിന്റെ നിരീക്ഷണം. 2015ലെ ആഗോള ലിംഗാനുപാത സൂചിക പ്രകാരം സാമ്പത്തികമായുള്ള ആണ്‍-പെണ്‍ അന്തരം 118 വര്‍ഷം (2133ല്‍) കൊണ്ട് ഇല്ലാതാകുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക സമത്വം കൈവരിക്കാന്‍ 2186 വരെയെങ്കിലും വേണ്ടി വരുമെന്നാണ് പുതിയ വിലയിരുത്തല്‍.

Comments

comments

Categories: Slider, Top Stories