റാങ്കിംഗ് 130: ലോകബാങ്ക് ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് നിരാശ

റാങ്കിംഗ് 130: ലോകബാങ്ക് ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് നിരാശ

 

ന്യൂഡെല്‍ഹി: ലോക ബാങ്കിന്റെ 2017 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനത്തിനു മാറ്റമില്ല. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 190 വിപണികളിലെ ബിസിനസ് സാഹചര്യം അവലേകനം ചെയ്ത റിപ്പോര്‍ട്ടില്‍ ഇന്ത്യ ഈ വര്‍ഷം 130മതാണ് നിലയുറപ്പിച്ചിട്ടുളളത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിലും ഇതേസ്ഥാനത്തായിരുന്നു ഇന്ത്യ എങ്കിലും പിന്നീട് പുനരവലോകനത്തില്‍ റാങ്ക് 131 ആയി തിരുത്തിയിരുന്നു. അപ്പോഴും കേവലം ഒരു സ്ഥാനത്തിന്റെ മുന്നേറ്റം മാത്രമാണ് ഈ വര്‍ഷത്തെ റിപ്പോര്‍ട്ടിലുള്ളത്.

നിര്‍മാണ അനുമതി, വായ്പ എന്നിവയ്‌ക്കൊപ്പം ലോക ബാങ്ക് മാനദണ്ഡങ്ങളിലെ മറ്റു ഘടകങ്ങളിലും ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യ ഏറ്റെടുത്ത് നടപ്പിലാക്കിയ 12 നവീകരണ പ്രവര്‍ത്തനങ്ങള്‍ ലോക ബാങ്ക് പരിഗണിച്ചില്ലെന്നും പുതിയ റിപ്പോര്‍ട്ടില്‍ നിരാശയുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ലോകബാങ്ക് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുന്നത്. അതേസമയം ലോക ബാങ്കുമായുള്ള ഇടപാടുകള്‍ മാറ്റമില്ലാതെ തുടരുമെന്നും നിലവില്‍ പിന്തള്ളപ്പെട്ട നവീകരണ പദ്ധതികള്‍ അടുത്ത വര്‍ഷത്തെ ബിസിനസ് റിപ്പോര്‍ട്ടിന്റെ പരിഗണനയിലേക്കായി ലോക ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഡിഐപിപി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയില്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍) സെക്രട്ടറി രമേഷ് അഭിഷേക് പറഞ്ഞു.

പാപ്പരത്ത കോഡിന്റെ പുനരവതരണം, ഏകീകൃത ചരക്ക് സേവന നികുതി, കെട്ടിട പ്ലാന്‍ അംഗീകാരത്തിനായുള്ള ഏകജാലക സംവിധാനം, വ്യവസായികള്‍ക്കായുള്ള മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ലോക ബാങ്ക് പരിഗണിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസിനസ് അന്തരീരക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംരംഭം ആരംഭിക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും ആവശ്യമെങ്കില്‍ പുറത്തുകടക്കുന്നതും കൂടുതല്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ഡിഐപിപി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories