യുഎസ് ദൂതന്റെ അരുണാചല്‍ സന്ദര്‍ശനം: ഇന്ത്യയും ചൈനയും വീണ്ടും ഏറ്റുമുട്ടലിലേക്ക്

യുഎസ് ദൂതന്റെ അരുണാചല്‍ സന്ദര്‍ശനം: ഇന്ത്യയും ചൈനയും വീണ്ടും ഏറ്റുമുട്ടലിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ ആശ്രമങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നത് അരുണാചല്‍പ്രദേശിലെ തവാങിലാണ്. ആറാമത്തെ ദലൈ ലാമയുടെ ജന്മദേശം കൂടിയാണ് തവാങ്. കഴിഞ്ഞയാഴ്ച തവാങില്‍ മൂന്ന് ദിവസം നീണ്ടു നിന്ന സാംസ്‌കാരിക ഉത്സവമായിരുന്നു. ആഘോഷങ്ങള്‍ വീക്ഷിക്കാനും പങ്കെടുക്കാനും യുഎസ് ദൂതന്‍ റിച്ചാര്‍ഡ് വെര്‍മ അരുണാചലില്‍ 21ന് എത്തുകയുണ്ടായി.

അരുണാചലിന്റെ പ്രകൃതി ഭംഗങ്ങിയില്‍ മനം മയങ്ങിയ വെര്‍മ, അരുണാചല്‍ ഒരു മാന്ത്രിക ലോകമാണെന്നും അവിടെ നല്‍കിയ ഊഷ്മള സ്വീകരണത്തിന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവിനും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാളിനും നന്ദി അറിയിക്കുന്നതായും സൂചിപ്പിച്ചു കൊണ്ട് സന്ദര്‍ശനത്തിനു ശേഷം വെര്‍മ ട്വിറ്ററില്‍ കുറിപ്പിടുകയുണ്ടായി. എന്നാല്‍ റിച്ചാര്‍ഡ് വെര്‍മയുടെ സന്ദര്‍ശനം ഇന്ത്യ-ചൈന നയതന്ത്ര ഏറ്റുമുട്ടലിലേക്ക് വഴിമാറിയിരിക്കുകയാണ്.
വെര്‍മ അരുണാചല്‍ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ചു ചൈന രംഗത്തു വരികയുണ്ടായി. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടരുതെന്നും യുഎസിനു ചൈന മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. എന്നാല്‍ വെര്‍മയുടെ സന്ദര്‍ശനത്തില്‍ അസ്വാഭാവികമായൊന്നുമില്ലെന്നും അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യ പ്രസ്താവിച്ചതോടെ നയതന്ത്ര തലത്തില്‍ സംഘര്‍ഷം രൂപപ്പെട്ടിരിക്കുകയാണ്.
അരുണാചലിനെ ദക്ഷിണ ടിബറ്റെന്നാണു ചൈന വിശേഷിപ്പിക്കുന്നത്. ചൈനയുടെ ഭാഗമാണ് അരുണാചലെന്നും അവര്‍ വാദിക്കുന്നുണ്ട്. അരുണാചലില്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം ചൈന പ്രതിഷേധം ഉയര്‍ത്തുന്നതു പതിവാണ്. ചൈനയുടെ അവകാശവാദത്തെ ഇന്ത്യ എന്നും തള്ളുകയും ചെയ്തിട്ടുണ്ടെന്നത് ചരിത്രം. യുഎസ് ദൂതന്റെ സന്ദര്‍ശനത്തിനു ശേഷം സംഭവിച്ചതും ഇത്തരത്തില്‍ ചൈനയുടെ പതിവ് പ്രതികരണമായിട്ടാണ് ന്യൂഡല്‍ഹി വ്യാഖ്യാനിക്കുന്നത്. യുഎസ് ദൂതന്‍ വെര്‍മയോടൊപ്പം കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജുവിനെ അരുണാചലിലേക്ക് അയക്കാനാണ് ആദ്യം മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കിരണ്‍ റിജിജു അരുണാചല്‍ സ്വദേശിയുമാണ്. എന്നാല്‍ ഈ തീരുമാനം ചൈനയെ കൂടുതല്‍ പ്രകോപിപ്പിക്കുമെന്നു ന്യൂഡല്‍ഹിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അസം മുഖ്യമന്ത്രിയെയും അരുണാചല്‍ മുഖ്യമന്ത്രിയെയും വെര്‍മയോടൊപ്പം അനുഗമിക്കാന്‍ നിര്‍ദേശിച്ചത്. അരുണാചല്‍ സ്വദേശിയല്ലാത്ത ഒരാള്‍ ഇവിടെ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ inner line permit വാങ്ങേണ്ടതുണ്ട്. യുഎസ് ദൂതന്‍ വെര്‍മക്ക്, ഇത്തരത്തില്‍ നയതന്ത്ര അനുമതി ലഭിച്ചിരുന്നതായും ന്യൂഡല്‍ഹി വ്യക്തമാക്കി. എങ്കിലും വെര്‍മയുടെ സന്ദര്‍ശനത്തോടെ യുഎസിനെതിരേ രൂക്ഷമായ വിമര്‍ശനമാണു ചൈന നടത്തിയത്. അതേസമയം ഇന്ത്യയെ ചൈന വിമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ന്യൂഡല്‍ഹിയുടെ നിലപാടിനോട് ചൈനയ്ക്ക് എതിര്‍പ്പുണ്ടെന്നതു വ്യക്തവുമാണ്.
1962ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലേക്ക് നയിച്ച സമയത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ജോണ്‍ എഫ്.കെന്നഡിയുടെ സഹായമഭ്യര്‍ഥിക്കുകയുണ്ടായി. ഇന്ത്യന്‍ ട്രൂപ്പിന് ഓട്ടോമാറ്റിക് ആയുധങ്ങളും വെടിമരുന്നുകളും ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാന്‍ സി-130 വിമാനം കെന്നഡി അയച്ചു കൊടുക്കുകയും ചെയ്തു.
1962 യുദ്ധത്തില്‍ ഇന്ത്യ ചൈനയോട് ദയനീയമായി പരാജയപ്പെട്ടെങ്കിലും ഇന്ത്യയില്‍ അന്ന് മുതല്‍ അമേരിക്കന്‍ സാന്നിധ്യമുണ്ടെന്ന് ചൈന വിശ്വസിച്ചു പോരുന്നു. ഹിമാലന്‍ മലനിരകളില്‍ ചൈനീസ് ട്രൂപ്പുകളെ പ്രതിരോധിക്കാന്‍ തോക്കുകളും ഗ്രനേഡുകളും ഇന്ത്യയ്ക്കു നല്‍കുന്നുത് അമേരിക്കയാണെന്നതും ചൈനയ്ക്ക് നന്നായി അറിയാവുന്ന കാര്യം തന്നെ. സമീപകാലത്ത് ഇന്ത്യയുമായി അമേരിക്ക കൂടുതല്‍ അടുത്തതോടെ ചൈന കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
അഫ്ഗാനില്‍ സേനാ പിന്മാറ്റം പൂര്‍ണമാക്കാനൊരുങ്ങുന്ന അമേരിക്കയ്ക്ക് പാകിസ്ഥാന്റെ നിലപാട് തിരിച്ചടിയാണ്. അഫ്ഗാനില്‍ ആക്രമണങ്ങള്‍ക്ക് ആസൂത്രണം ചെയ്യുന്ന ഹഖാനി തീവ്രവാദ സംഘടനയ്ക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണയാണ് അമേരിക്കയെ അസ്വസ്ഥപ്പെടുത്തുന്നത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നിലപാടില്‍ അമേരിക്കയ്ക്കു കടുത്ത വിയോജിപ്പുണ്ട്. ഇസ്ലാമാബാദ്-വാഷിംഗ്ടണ്‍ ബന്ധത്തില്‍ സമീപകാലത്ത് അകല്‍ച്ച സംഭവിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ചൈനയുമായി പാകിസ്ഥാന്‍ കൂടുതല്‍ അടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ചൈനയും പാകിസ്ഥാനും ഇന്ത്യയുടെ എതിര്‍ ചേരിയിലാണ്. സമാന സാഹചര്യമാണ് അമേരിക്കയ്ക്കും കൈവന്നിരിക്കുന്നത്. തവാങില്‍ യുഎസ് ദൂതന്‍ സന്ദര്‍ശനം നടത്തിയത് ഇന്ത്യയ്ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. ചൈനയുടെ മേല്‍ ശ്രദ്ധ പതിയാന്‍ വാഷിംഗ്ടണിനെ പ്രേരിപ്പിക്കുന്നതാവും ഈ വിവാദം. ഇന്ത്യയ്ക്ക് നയതന്ത്രതലത്തില്‍ അമേരിക്കയുടെ പിന്തുണ കൂടുതല്‍ ലഭിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്യും.

Comments

comments

Categories: Slider, World