ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഒഴിഞ്ഞുപോക്ക് തുടരുന്നു

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഒഴിഞ്ഞുപോക്ക് തുടരുന്നു

 

ന്യുഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ(സിഎഫ്ഒ) സജ്ഞയ് ബവേജ കമ്പനില്‍ നിന്നും രാജിവെച്ചു. ടാറ്റ കമ്യൂണിക്കേഷന്‍ മുന്‍ സിഎഫ്ഒവായിരുന്ന സജ്ഞയ് രണ്ടു വര്‍ഷം മുമ്പാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ നിക്ഷേപസമാഹരണം ഉള്‍പ്പെടയുള്ള സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് അദ്ദേഹമാണ്. രാജിയുടെ കാരണം എന്താണെന്നോ ആരാണ് പുതിയ സിഎഫ്ഒ എന്നോ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഫ്‌ളിപ്പ്കാര്‍ട്ട് കാറ്റഗറി മാനേജ്‌മെന്റ് മേധാവിയായ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയായിരിക്കും ഇടക്കാല സിഎഫ്ഒ ആകുക എന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് നിയമവിഭാഗത്തിന്റെ മേധാവിയായിരുന്ന രാജീന്ദര്‍ ശര്‍മ കമ്പനി വിട്ടിരുന്നു.

ഈ വര്‍ഷമാദ്യം ഫ്‌ളിപ്പ്കാര്‍ട്ട് കോമേഷ്യല്‍ പ്ലാറ്റ്‌ഫോം തലവനും മിന്ത്രയുടെ സ്ഥാപകനുമായ മുകേഷ് ബന്‍സാല്‍ കമ്പനി വിട്ടിരുന്നു. കൂടാതെ ചീഫ് ബിസിനസ് ഓഫീസറായ അങ്കിത് നഗോരിയും അദ്ദേഹത്തോടെപ്പം രാജിവെച്ചിരുന്നു. ഗൂഗിള്‍ മുന്‍ ഉദ്യോഗസ്ഥനായിരുന്ന പുനിത് സോണിയ ഫ്‌ളിപ്പ്കാര്‍ട്ട് ചീഫ് പ്രൊഡക്ട് ഓഫീസറായി ചുമതലയേറ്റത് വലിയ വാര്‍ത്തയായിരുന്നുവെങ്കിലും അദ്ദേഹത്തിനും ഫ്‌ളിപ്പ്കാര്‍ട്ടില്‍ അധികകാലം നില്‍ക്കാനായില്ല. ഈ വര്‍ഷം ആദ്യ തന്നെ ചെലവുചുരുക്കലിന്റെ ഭാഗമായി 700 മുതല്‍ 1000 ത്തോളം ജീവനക്കാരെ ഫ്‌ളിപ്പ്കാര്‍ട്ട് പിരിച്ചുവിട്ടിരുന്നു. അടുത്തഘട്ട നിക്ഷേപസമാഹരണത്തിന് തയ്യാറെടുക്കുകയാണ് ഫ്‌ളിപ്പകാര്‍ട്ട്. കമ്പനിയുടെ ഉന്നതലതത്തില്‍ വലിയ അഴിച്ചുപണികള്‍ നടന്നുവരുന്നുണ്ട്.

Comments

comments

Categories: Branding