ഇംഗ്ലീഷ് ലീഗ് കപ്പ്: ആഴ്‌സണലിനും ലിവര്‍പൂളിനും ജയം

ഇംഗ്ലീഷ് ലീഗ് കപ്പ്:  ആഴ്‌സണലിനും ലിവര്‍പൂളിനും ജയം

 
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളിന്റെ നാലാം റൗണ്ട് മത്സരങ്ങളില്‍ ആഴ്‌സണല്‍, ലിവര്‍പൂള്‍, ന്യൂകാസില്‍ യുണൈറ്റഡ്, ഹള്‍ സിറ്റി, ലീഡ്‌സ് യുണൈറ്റഡ് ടീമുകള്‍ വിജയിച്ചു. ജയത്തോടെ ഈ ടീമുകള്‍ ലീഗ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റെഡിംഗിനെതിരെയായിരുന്നു ആഴ്‌സണലിന്റെ ജയം. ഓക്‌സ്‌ലേയ്ഡ് ചേംബര്‍ലെയ്‌നാണ് ആഴ്‌സണലിനായി രണ്ട് ഗോളുകളും കണ്ടെത്തിയത്. 33, 78 മിനുറ്റുകളിലായിരുന്നു ഗോളുകള്‍.

ടോട്ടന്‍ഹാം ഹോട്‌സ്പറിനെയാണ് ലിവര്‍പൂള്‍ തകര്‍ത്തത്. 9, 64 മിനുറ്റുകളില്‍ ഡാനിയല്‍ സ്റ്ററിഡ്ജ് നേടിയ ഇരട്ട ഗോള്‍ മികവില്‍ 2-1നായിരുന്നു ലിവര്‍പൂളിന്റെ വിജയം. 76-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ജാന്‍സനാണ് ടോട്ടന്‍ഹാമിന്റെ ആശ്വാസ ഗോള്‍ നേടിയത്.

കഴിഞ്ഞ ശനിയാഴ്ച പ്രീമിയര്‍ ലീഗ് മത്സരത്തിനിറങ്ങിയ ലിവര്‍പൂള്‍ ടീമില്‍ പതിനൊന്ന് മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകനായ യൂര്‍ഗന്‍ ക്ലോപ് ലീഗ് കപ്പിനായി താരങ്ങളെ അണിനിരത്തിയത്.

പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സൈഡ് ബെഞ്ചിലായിരുന്ന ഡാനിയല്‍ സ്റ്ററിഡ്ജ് ആദ്യ ഇലവനില്‍ തിരിച്ചെത്തിയെന്നതായിരുന്നു ടീമിലെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം, 23 വയസില്‍ താഴെയുള്ള എട്ട് കളിക്കാരുമായാണ് ടോട്ടന്‍ഹാം ലിവര്‍പൂളിനോട് ഏറ്റുമുട്ടിയത്.

മത്സരത്തില്‍ കൂടുതല്‍ സമയവും പന്ത് കൈവശം വെച്ചത് ടോട്ടന്‍ഹാം ഹോട്‌സ്പറായിരുന്നുവെങ്കിലും ലിവര്‍പൂളിനെ മറികടക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായ പത്ത് മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ലിവര്‍പൂളിന്റെ കുതിപ്പ്.

ന്യൂകാസില്‍ യുണൈറ്റഡ് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് പ്രെസ്റ്റണിനെയാണ് പരാജയപ്പെടുത്തിയത്. അലക്‌സാണ്ടര്‍ മിത്രോവിച്ചും മുഹമ്മദ് ഡിയാമിയും ന്യൂകാസിലിനായി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മാറ്റ് റിച്ചി, അയോസെ പെരസ് എന്നിവര്‍ ഓരോ തവണയും വലകുലുക്കി.

2-1ന് ബ്രിസ്‌റ്റോള്‍ സിറ്റിയെയാണ് ഹള്‍ സിറ്റി മറികടന്നത്. മൂന്നാം മിനുറ്റില്‍ ലീ ടോംലിന്റെ ഗോളില്‍ ആദ്യം മുന്നിലെത്തിയത് ബ്രിസ്‌റ്റോളായിരുന്നു. എന്നാല്‍ 44, 47 മിനുറ്റുകളില്‍ യഥാക്രമം ഹാരി മാഗ്യുറി, മൈക്കല്‍ ഡോസണ്‍ എന്നിവര്‍ ഹള്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തു.

പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ലീഡ്‌സ് യുണൈറ്റഡിന്റെ നോര്‍വിച്ച് സിറ്റിക്കെതിരായ ജയം. നിശ്ചിത സമയത്ത് രണ്ട് ഗോളുകളുടെ സമനിലയില്‍ കലാശിച്ച മത്സരം ഷൂട്ടൗട്ടില്‍ 3-2നാണ് ലീഡ്‌സ് സ്വന്തമാക്കിയത്.

കളിയുടെ നിശ്ചിത സമയത്തിന്റെ പതിനാലാം മിനുറ്റില്‍ അലക്‌സ് പ്രിച്ചാഡിലൂടെ നോര്‍വിച്ചാണ് ലീഡെടുത്തത്. എന്നാല്‍ 43-ാം മിനുറ്റില്‍ മാര്‍ക്കസ് ആന്റന്‍സണിലൂടെ ലീഡ്‌സ് ഒപ്പമെത്തി.

ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയതിനാല്‍ എക്‌സ്ട്രാ ടൈമിലേക്ക് കടന്ന കളിയുടെ 99-ാം മിനുറ്റില്‍ നെല്‍സണ്‍ ഒലിവേര നോര്‍വിച്ചിനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷേ, 109-ാം മിനുറ്റില്‍ ക്രിസ് വുഡിലൂടെ ലീഡ്‌സ് യുണൈറ്റഡ് സമനില സ്വന്തമാക്കുകയായിരുന്നു.

Comments

comments

Categories: Sports