ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി

ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി

 

കൊച്ചി: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജലമഹിമ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ മുഴുവന്‍ ജലസ്രോതസുകളും സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്റ് ആശ സനില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17 കുളങ്ങള്‍ സംരക്ഷിക്കുന്നതിന് തയാറാക്കിയ എസ്റ്റിമേറ്റ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നു പ്രസിഡന്റ് അറിയിച്ചു. ജില്ലയിലെ കുളങ്ങളുടെയും മറ്റു ജലസ്രോതസുകളുടെയും സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച ജനാധിപത്യ സഭയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

ഓരോ ഗ്രാമപഞ്ചായത്തിലെയും കുളങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല അവിടങ്ങളിലെ ജനപ്രതിനിധികള്‍ ഏറ്റെടുക്കുകയും സെക്രട്ടറിമാര്‍ അതു നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം. ഇത്തരം വലിയ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാന്‍ കഴിയുമെന്ന വിശ്വാസം ബലപ്പെടുത്തുകയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ജില്ലയില്‍ രണ്ടായിരം കുളങ്ങളുണ്ട്. അത് പൊതു, സ്വകാര്യ, മതപരമായ ഉടമസ്ഥതകളിലുള്ളതാണ്. ഓരോ ജലസ്രോതസും സുസ്ഥിരമായ ഒരു സ്വത്ത് ആയി നിലനിര്‍ത്തണമെന്നും ജില്ലാ പഞ്ചായത്തിന്റെ പരിപാടിക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും നല്‍കുന്നതായി കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് അധ്യക്ഷനായിരുന്നു.

അസി. കളക്ടര്‍ ഡോ. രേണു രാജ്, പഞ്ചായത്ത് അഡീ. ഡെപ്യൂട്ടി ഡയറക്ടര്‍ ട്വിമ്പിള്‍ മാഗി, സ്ഥിരം സമിതി അധ്യക്ഷര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ റഷീദ്, എസ്‌സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സണ്ണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, അഡീ. ബിഡിഒമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments

comments

Categories: Branding

Related Articles