സൈറസ് മിസ്ട്രിയെ നീക്കല്‍: ടാറ്റ മോട്ടോഴ്‌സില്‍ അനിശ്ചിതത്വമുണ്ടാക്കുമെന്ന് വിദഗ്ധര്‍

സൈറസ് മിസ്ട്രിയെ നീക്കല്‍:  ടാറ്റ മോട്ടോഴ്‌സില്‍ അനിശ്ചിതത്വമുണ്ടാക്കുമെന്ന് വിദഗ്ധര്‍

മുംബൈ: ചെറുകാര്‍ വിഭാഗത്തിലേക്ക് ടിയാഗോ എത്തിച്ചതോടെ വാഹന വിപണിയില്‍ നേട്ടത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന ടാറ്റ മോട്ടോഴ്‌സിന് സൈറസ് മിസ്ട്രിയുടെ പുറത്താക്കല്‍ അനിശ്ചിതത്വമുണ്ടാക്കുമെന്ന് വിപണി വിദഗ്ധര്‍. കഴിഞ്ഞ ദിവസമാണ് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ട്രിയെ അപ്രതീക്ഷിതമായി നീക്കിയത്.

രാജ്യത്തെ ഓട്ടോമൊബീല്‍ വിപണിയില്‍ പ്രതാപം നഷ്ടപ്പെട്ട ടാറ്റ മോട്ടോഴ്‌സിന് ടിയാഗോ പുറത്തിറക്കിയതോടെയാണ് നേട്ടത്തിലേക്ക് തിരിച്ചെത്താനുള്ള അവസരം കൈവന്നിരിക്കുന്നത്. ഈ നേട്ടം തുടരുന്നതിനായി കമ്പനി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ഹെക്‌സ ഉടന്‍ തന്നെ വിപണിയിലെത്തിക്കാനിരിക്കുകയാണ്. ചെയര്‍മാനായിരുന്ന സൈറസ് മിസ്ട്രിയുടെ വ്യക്തിപരമായ താല്‍പ്പര്യവും ഹെക്‌സ വിപണിയിലെത്തിക്കുന്നതിന് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിപണിയില്‍ കരകയറി വരുന്ന സമയത്ത് മാനേജ്‌മെന്റിന്റെ ഉന്നത തലത്ത് നടന്ന പിരിച്ചുവിടല്‍ കമ്പനിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍. എസ്‌യുവി പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹെക്‌സയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ അറിയുന്നതിനായി കഴിഞ്ഞയാഴ്ച മിസ്ട്രി ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഹൈദരാബാദില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി കമ്പനി നടത്തിയ ഹെക്‌സയുടെ ടെസ്റ്റ് ഡ്രൈവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ അറിയുന്നതിന് മിസ്ട്രി അത്യാശ പ്രകടിപ്പിച്ചിരുന്നെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ശേഷം ടാറ്റ മോട്ടോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ മിസ്ട്രി അടുത്ത് നിരീക്ഷിച്ചിരുന്നു. കാറുകളോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കാത്ത അദ്ദേഹം പക്ഷെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2014ല്‍ ചെയര്‍മാനായി ചുമതലയേറ്റ മിസ്ട്രിയാണ് മാനേജിംഗ് ഡയറക്റ്ററായിരുന്ന കാള്‍ സ്ലിമിന്റെ മരണത്തിന് ശേഷം ഗ്വുന്റെര്‍ ബുട്ട്‌ഷെക്ക് ചുമതലയേറ്റെടുക്കുന്നത് വരെ ടാറ്റ മോട്ടോഴ്‌സ് നിയന്ത്രിച്ചിരുന്നത്. എയര്‍ബസ്, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ള ബുട്ട്‌ഷെക്കിന്റെ നിയമിക്കുന്നതില്‍ നിര്‍ണായക തീരുമാനം കൈകൊണ്ടത് മിസ്ട്രിയാണ്. പുതിയ മാനേജിംഗ് ഡയറക്റ്റര്‍ വന്നതോടെയാണ് ടാറ്റ മോട്ടോഴ്‌സില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്.
അന്താരാഷ്ട്ര വാഹന പ്രദര്‍ശന മേളകളില്‍ സ്ഥിര സന്ദര്‍ശകനായ മിസ്ട്രി ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ ഉല്‍പ്പന്നങ്ങളില്‍ അതീവ ശ്രദ്ധ കാണിക്കുകയും നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതായാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് കമ്പനിക്ക് വലിയ നഷ്ടമാണെന്നും ഇവര്‍.
മിസ്ട്രി, ബുട്ട്‌ഷെക്ക്, മായങ്ക് പരീഖ് എന്നിവര്‍ മികച്ച ടീമായി പ്രവര്‍ത്തിച്ചിരുന്നതാണ് ടാറ്റ മോട്ടോഴ്‌സിന്റെ വിപണിയിലുള്ള തിരിച്ചുവരവിന് മുഖ്യ കാരണം. മിസ്ട്രിയെ നീക്കിയതോടെ വീണ്ടും വിപണിയില്‍ തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്ന ആശങ്കയാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും വന്ന രത്തന്‍ ടാറ്റ വാഹനങ്ങളോട് അതീവ താല്‍പ്പര്യമുള്ളയാളാണ്. അതുകൊണ്ട് തന്നെ ടാറ്റ മോട്ടോഴ്‌സിന് അത്രതിരിച്ചടി നേരിടേണ്ടി വന്നേക്കില്ലെന്ന വിലയിരുത്തലുകളും വിപണിയിലുണ്ട്.

Comments

comments

Categories: Slider, Top Stories