മാലിന്യത്തില്‍ നിന്നും വൈദ്യുതി: സ്റ്റാര്‍ട്ടപ്പില്‍ 10 കോടി നിക്ഷേപിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

മാലിന്യത്തില്‍ നിന്നും വൈദ്യുതി: സ്റ്റാര്‍ട്ടപ്പില്‍ 10 കോടി നിക്ഷേപിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി ജെ എക്കോ പവര്‍ ലിമിറ്റഡില്‍ 10 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രമുഖ വ്യവസായിയും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ജി ജെ എക്കോ പവര്‍ ലിമിറ്റഡിന്റെ 375 കോടിയുടെ പദ്ധതിയിലാണ് ചിറ്റിലപ്പിള്ളി നിക്ഷേപം നടത്തുന്നത്. ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ ആദ്യമായാണ് ചിറ്റിലപ്പിള്ളി നിക്ഷേപം നടത്തുന്നത്. സ്റ്റാര്‍ട്ടപ്പുകളില്‍ സാധാരണയായി നിക്ഷേപം നടത്താറില്ല. കാരണം അതിനായി സ്ഥാപനത്തെപ്പറ്റി നല്ലവണ്ണം പഠിക്കേണ്ടതുണ്ട്. ജി ജെ എക്കോ പവറിന്റെ സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്താണ് നിക്ഷേപിക്കാന്‍ തീരുമാനിച്ചതെന്നും ഭാവിയില്‍ ഇത്തരത്തില്‍ പ്രധാന്യമുള്ള പ്രൊജക്ട് വരികയാണെങ്കില്‍ ഇനിയും നിക്ഷേപം നടത്തുമെന്നും ചിറ്റിലപ്പിള്ളി വ്യക്തമാക്കി.

കേരളത്തില്‍ മാലിന്യം കുമിഞ്ഞു കൂടുകയാണ്. മാലിന്യ പ്രശ്‌നങ്ങളെപ്പറ്റി താനടക്കം എല്ലാവരും പരാതിപ്പെടാറുണ്ട്. അതിന് ഒരു പരിഹാരമായി കുറെ എന്‍ആര്‍ഐ യുവ സംരംഭകര്‍ മുന്നോട്ടുവന്നപ്പോള്‍ അവരെ പ്രോല്‍സാഹിപ്പിക്കണമെന്നു തോന്നി. നാട്ടില്‍ മാലിന്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ളൊരു പദ്ധതിക്ക് വളരെ പ്രാധാന്യമാണുള്ളതെന്നും പ്രോജക്ടിന്റെ ഭാവിയെക്കുറിച്ച് വളരെ നല്ല പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ജി ജെ എക്കോ പവര്‍ ലിമിറ്റഡിന് തുടക്കം കുറിച്ചത്. 10 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും സര്‍ക്കാരില്‍ നിന്നും ആവശ്യമായ അംഗീകാരങ്ങള്‍ ലഭ്യമാകുന്നതിനും 24 മാസമെങ്കിലുമെടുക്കുമെന്നാണ് കരുതുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് പ്രൊജക്ട് തയ്യാറാകുന്നത്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉപഭോക്താക്കള്‍ കെഎസ്ഇബിയായിരിക്കും. പദ്ധതിക്കാവശ്യമായ ധന സമാഹരണത്തിനായി ബാങ്കുകള്‍, സ്വകാര്യ, കോര്‍പറേറ്റ് നിക്ഷേപകര്‍ എന്നിവരുമായി സ്ഥാപനം ചര്‍ച്ച നടത്തിവരികയാണ്.

നേരത്തെ ബ്രഹ്മപുത്തെ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മ്മിക്കുന്ന പദ്ധതിക്കായി ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി ജിജെ എക്കോ പവര്‍ ലിമിറ്റഡിന്റെ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാതൃ കമ്പനിയായ ജിജെ കണ്‍സോര്‍ഷ്യം എംഡി ജിബി ജോര്‍ജ് കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനായി തൃക്കാക്കരയില്‍ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി ഗ്യാസിഫിക്കേഷന്‍ സാങ്കേതിക വിദ്യയാണ് ബ്രഹ്മപുരത്തെ അത്യാധുനിക പ്ലാന്റില്‍ ഉപയോഗിക്കുന്നത്. ഖരമാലിന്യങ്ങള്‍ പ്ലാന്റില്‍ സംസ്‌കരിച്ച് സിന്തറ്റിക് (സിന്‍ ഗ്യാസ്) ഉല്‍പാദിപ്പിക്കും. തുടര്‍ന്ന് ഈ ഗ്യാസ് ഉപയോഗിച്ച് വെളളം ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന നീരാവി വഴി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കും. ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് ഇത്തരത്തില്‍ 430 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നാണു കരുതുന്നത്. അതായത് 300 ടണ്‍ മാലിന്യം സംസ്‌കരിച്ചാല്‍ 1.29 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കാനാവും.

ഇന്ത്യയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിക്കുന്ന ആദ്യ പ്ലാന്റാണിതെങ്കിലും ഇറ്റലിയും സ്‌പെയിനും ഉള്‍പ്പെടെയുളള യൂറോപ്യന്‍ രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ സാങ്കേതിക വിദ്യായാണിതെന്നു ജിജെ കണ്‍സോര്‍ഷ്യം അധികൃതര്‍ വ്യക്തമാക്കുന്നു. നിലവില്‍ ജൈവമാലിന്യം സംസ്‌കരിച്ച് വളം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ പുതിയ പ്ലാന്റില്‍ ഇത്തരം ഉപോല്‍പ്പന്നങ്ങളുണ്ടാവില്ല. സംസ്‌കരിച്ച ശേഷമുളള പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഇഷ്ടിക പോലുളള ഉപോല്‍പന്നങ്ങള്‍ക്കു സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് വിശദമായ പദ്ധതി രൂപരേഖ അവതരിപ്പിക്കുമ്പോള്‍ വ്യക്തമാകും. സംസ്‌കരണത്തിനു ശേഷം രണ്ടു ശതമാനം വരെ ചാരവും ഉണ്ടായേക്കും. ഇതു ഭൂമി നികത്തുന്നതിന് ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.
.

Comments

comments

Categories: Entrepreneurship, Slider