ചൈനീസ് ഉത്പ്പന്നങ്ങള്‍ പുറത്തേക്കോ?

ചൈനീസ് ഉത്പ്പന്നങ്ങള്‍  പുറത്തേക്കോ?

കോണ്‍ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ദീപാവലി സീസണില്‍ ചൈനീസ് ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 45 ശതമാനം ഇടിവുണ്ടായിരിക്കുന്നു. പാക്കിസ്ഥാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ചൈനീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അനൗദ്യോഗിക ആഹ്വാനങ്ങള്‍ വന്നു തുടങ്ങിയത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കൂട്ടത്തോടെ ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ പലരും പ്രചരിപ്പിച്ചു. ഇത് വൈറലാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി സീസണിലെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ അപേക്ഷിച്ചാണ് ഇത്തവണ 45 ശതമാനം കുറവ് സംഭവിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള പടക്കങ്ങള്‍, ഇലക്ട്രിക് ബള്‍ബുകള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റ് ഐറ്റങ്ങള്‍, ഇലക്ട്രിക് ഫിറ്റിങ്ങുകള്‍, ഡെക്കറേഷന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയിലാണ് ഇടിവുണ്ടായിരിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് വ്യക്തമാക്കുന്നു.
ബഹിഷ്‌കരണത്തിനുള്ള ഇന്ത്യയിലെ ആഹ്വാനം ചൈനയെ കുറച്ച് അസ്വസ്ഥപ്പെടുത്തുകയും ചെയ്തിരുന്നു. ഉല്‍പ്പന്ന ബഹിഷ്‌കരണം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തെ വലിയ തോതില്‍ ബാധിക്കുമെന്നും ഇന്ത്യക്ക് അത് ഗുണം ചെയ്യില്ലെന്നും അവരുടെ സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എന്നാല്‍, ആര്‍എസ്എസിന്റെയും പ്രധാനമന്ത്രിയുടെയും ശക്തമായ പിന്തുണ ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണത്തിനുണ്ടെന്നാണ് സൂചന. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതു മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഗുണമേന്മയുള്ള സ്വദേശി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കാര്യമായ ശ്രമം തന്നെ തുടങ്ങിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ ആസ്ഥാനമായി ഇന്ത്യക്കെതിരെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ ചൈനയ്ക്ക് കാര്യമായ പങ്കുണ്ടെന്നത് കാലങ്ങളായി തുടരുന്ന യാഥാര്‍ത്ഥ്യമാണ്. ഉറി ഭീകരാക്രമണത്തിനുശേഷവും പാക്കിസ്ഥാന്‍ ഭീകരതയെ തള്ളിപ്പറയാതെ അവരെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. ഇന്ത്യയുടെ അയല്‍രാജ്യം ഭീകരതയുടെ മൊത്തക്കയറ്റുമതിക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സിന്റെ എട്ടാമത് ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ ചൈന ശക്തമായി രംഗത്തെത്തിയിരുന്നു. ഒരു രാജ്യത്തെയോ മതത്തേയോ ഭീകരതയുമായി ചേര്‍ത്തുവെച്ച് പരാമര്‍ശിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിംഗ് ബെയ്ജിംഗില്‍ ഇതിനോട് പ്രതികരിച്ചത്. ഭീകരതക്കെതിരായ പാകിസ്ഥാന്റെ ത്യാഗങ്ങളെ ലോക രാഷ്ട്രങ്ങള്‍ കണ്ടില്ലെന്നു നടിക്കരുതെന്നും ചൈന ആവലാതിപ്പെട്ടു. കണ്ണടച്ച് ഇരുട്ടാക്കുന്ന നിലപാടാണ് ഭീകരതയുടെ കാര്യത്തില്‍ ചൈനയെടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ആയുധവും സാമ്പത്തിക പിന്തുണയും പാക്കിസ്ഥാന് നല്‍കുന്ന ചൈനയ്ക്ക് ഇന്ത്യയുടെ പാക്ക് വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്യാതിരിക്കാന്‍ പറ്റില്ല. അതാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ പെടുത്താനും പലരും ശ്രമിച്ചു. എന്നാല്‍ ഇതില്‍ ഔദ്യോഗികമായി ഒരു തീരുമാനമെടുക്കാന്‍ ഒരിക്കലും ഒരു സര്‍ക്കാരിനുമാവില്ല. ആര്‍എസ്എസ് അനുഭാവം പുലര്‍ത്തുന്ന സാമ്പത്തിക വിദഗ്ധരും ഇതിനെ പിന്തുണച്ചിരുന്നു. സ്വദേശി ജാഗരണ്‍ മഞ്ച് പോലുള്ള സംഘടനകള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന കാംപെയ്‌നുകളുമായി സജീവമാകാനാണ് തീരുമാനം.
61 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ചൈനയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി രണ്ടു വര്‍ഷത്തിനിടെ 20 ശതമാനത്തോളം വളര്‍ന്നിട്ടുണ്ട്. പൂര്‍ണ്ണമായും ചൈനയെ ബഹിഷ്‌കരിക്കുകയെന്നത് പ്രായോഗിക തലത്തില്‍ വളരെ പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ കാംപെയ്‌നുകള്‍ മുന്നോട്ടുകൊണ്ടുപോകുകയും ചൈന പ്രകോപനപരമായ നിലപാടുകള്‍ തുടരുകയും ചെയ്താല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇടിയുമെന്ന കാര്യത്തില്‍ സംശയമില്ല. ക്രിസ്മസ്, പുതുവര്‍ഷ വിപണികളില്‍ ഇതിന്റെ ഫലം കാണാനിരിക്കുന്നതേയുള്ളൂ.

Comments

comments

Categories: Editorial