മലയാളി താരത്തിന് സ്പാനിഷ് ക്ലബ് വിയ്യ റയലുമായി കരാര്‍

മലയാളി താരത്തിന് സ്പാനിഷ് ക്ലബ് വിയ്യ റയലുമായി കരാര്‍

കോഴിക്കോട്: മലയാളി ഫുട്‌ബോള്‍ താരമായ ആഷിഖ് കുരുനിയാന്‍ സ്പാനിഷ് ലീഗ് ക്ലബായ വിയ്യ റയലിന് വേണ്ടി കളിക്കും. വിയ്യ റയലിന്റെ രണ്ടാം ഡിവിഷന്‍ ടീമില്‍ കളിക്കുന്നതിനായി മൂന്ന് മാസക്കാലത്തേക്ക് ലോണ്‍ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലയിലെ പട്ടര്‍ക്കടവ് സ്വദേശിയായ ആഷിഖിനെ സ്പാനിഷ് ക്ലബ് വാങ്ങിയത്.

വിയ്യ റയലിന്റെ പരിശീലകര്‍ ആഷിഖിന്റെ പ്രകടനത്തില്‍ ആകൃഷ്ടരായതാണ് സ്പാനിഷ് ക്ലബിലേക്ക് മലയാളി താരത്തിന് അവസരം ലഭിക്കാന്‍ കാരണമായത്. ഇന്ത്യന്‍ അണ്ടര്‍-19 ടീമംഗവും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റി എഫ്‌സിയുടെ താരവും കൂടിയാണ് ആഷിഖ് കുരുനിയാന്‍.

കളിക്കാരെ ട്രയല്‍ കം ട്രെയിനിങ്ങിന് അയക്കുന്നത് സംബന്ധിച്ച് പൂനെ സിറ്റിയും വിയ്യ റയലും തമ്മിലുള്ള ധാരണയാണ് ആഷിഖിന് തുണയായത്. ഈ മാസം അവസാനത്തോടെ ആഷിഖ് വിയ്യ റയലിന്റെ ക്യാമ്പില്‍ ചേരും.

ഐ ലീഗ് ക്ലബായ പൂനെ എഫ്‌സി ഫുട്‌ബോള്‍ അക്കാദമിയില്‍ പയറ്റിത്തെളിഞ്ഞ ആഷിഖ് ഐഎസ്എല്‍ തുടങ്ങിയ സമയത്ത് ഡെല്‍ഹി ഡൈനാമോസ് എഫ്‌സിയുടെ ഭാഗമാകാനിരുന്നതാണ്. എന്നാല്‍ പൂനെ എഫ്‌സി അക്കാദമിയെ ഐഎസ്എല്‍ ടീമായ പൂനെ സിറ്റി എഫ്‌സി ഏറ്റെടുത്തതോടെ ആഷിഖ് അവിടെ തുടരുകയായിരുന്നു.

2014-15 അണ്ടര്‍ 19 ഐ ലീഗ് സീസണില്‍ പൂനെ എഫ്‌സിയെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിന് ആഷിഖ് വലിയ പങ്ക് വഹിച്ചിരുന്നു. ഈ പ്രകടനമാണ് ആഷിഖിന് ദേശീയ അണ്ടര്‍-19 ടീമില്‍ ഇടം നല്‍കിയത്. അതേസമയം, കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആഷിഖിന് കളിക്കാന്‍ സാധിച്ചിട്ടില്ല.

രണ്ട് സീസണുകളിലായി അണ്ടര്‍-18 ഐ ലീഗില്‍ പൂനെ എഫ്‌സിക്കായി ആഷിഖ് കളത്തിലിറങ്ങിയിട്ടുണ്ട്. മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് ആഷിഖ് പൂനെ എഫ്‌സി അക്കാദമിയിലത്തെിയത്. ക്രിയേറ്റീവ് മിഡ്ഫീല്‍ഡറായും സ്‌ട്രൈക്കറായും ഉപയോഗപ്പെടുത്താവുന്ന കളിക്കാരന്‍ കൂടിയാണ് ആഷിഖ്.

സ്പാനിഷ് ലീഗ് ക്ലബുമായി കരാറിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ആഷിഖ് കുരുനിയാന്‍. മുമ്പ് സ്പാനിഷ് ക്ലബായ ലെഗാനെസ് ഇഷാന്‍ പണ്ഡിതയെ ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു.

Comments

comments

Categories: Slider, Sports