ബാധ്യത കുറയ്ക്കാന്‍ അരവിന്ദ് ലിമിറ്റഡിന്റെ നിക്ഷേപ സമാഹരണം

ബാധ്യത കുറയ്ക്കാന്‍  അരവിന്ദ് ലിമിറ്റഡിന്റെ നിക്ഷേപ സമാഹരണം

മുംബൈ: ടെക്‌സ്റ്റൈല്‍ കമ്പനിയായ അരവിന്ദ് തങ്ങളുടെ റീട്ടെയ്ല്‍ ശാഖയിലെ 10 ശതമാനം ഓഹരികള്‍ വസ്ത്ര നിര്‍മാണ സ്ഥാപനമായ മള്‍ട്ടിപ്ലെസിന് വിറ്റു. ഇതിലൂടെ അരവിന്ദ് ലിമിറ്റഡ് (അരവിന്ദ് മില്‍സ്) 740 കോടി രൂപയാണ് സമാഹരിച്ചത്. കമ്പനിയുടെ കടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കാല്‍വിന്‍ ക്ലെയ്ന്‍, ടോമി ഹില്‍ഫിഗര്‍ എന്നിവയുമൊത്തുള്ള സംയുക്ത സംരംഭങ്ങളിലൂടെ ഗ്യാപും യുഎസ് പോളോയും അടക്കമുള്ള 12 ബ്രാന്‍ഡുകള്‍ അരവിന്ദിന്റെ റീട്ടെയ്ല്‍ ശൃംഖല വഴി വിറ്റഴിക്കുന്നുണ്ട്.
നിലവില്‍ കമ്പനിയുടെ കടബാധ്യത 3,540 കോടി രൂപയാണ്. നവംബറോടെ ഇത് 2,500 കോടിയിലേക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ സമാഹരിച്ച തുക ബാധ്യതകള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഉപയോഗിക്കാനാണ് തീരുമാനമെന്ന് അരവിന്ദ് ലിമിറ്റഡ് ചെയര്‍മാന്‍ സഞ്ജയ് ലാല്‍ഭായ് പറഞ്ഞു.
കമ്പനിയുടെ വാര്‍ഷിക വില്‍പ്പനയില്‍ നേരത്തെ ഏഴു ശതമാനം മാത്രമെ റീട്ടെയ്ല്‍ ശാഖ സംഭാവന ചെയ്തിരുന്നുള്ളു. എന്നാല്‍ ഇപ്പോഴത് 30 ശതമാനത്തിലധികമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയ്ല്‍ ശാഖ 2,300 കോടി രൂപയുടെ വരുമാനം നേടുകയുണ്ടായി. ബ്രാന്‍ഡഡ് ബിസിനസ് മികച്ചതായിരുന്നു. അതിനാല്‍ മാതൃസ്ഥാപനത്തില്‍ നിന്ന് യാതൊരുവിധ സാമ്പത്തിക പിന്തുണയും റീട്ടെയ്ല്‍ ശാഖയ്ക്ക് ആവശ്യമില്ലെന്ന് ലാല്‍ഭായ് വ്യക്തമാക്കി.
ആരോ, ടോമി ഹില്‍ഫിഗര്‍, യുഎസ് പോളോ, ഫ്‌ളൈയിംഗ് മെഷീന്‍ തുടങ്ങിയവ കമ്പനി വിതരണം ചെയ്യുന്ന മികച്ച ബ്രാന്‍ഡുകളാണ്. ഈ വര്‍ഷം വരുമാനത്തില്‍ 1,460 കോടിരൂപ സംഭാവന ചെയ്യാന്‍ ഈ നാലു ബ്രാന്‍ഡുകള്‍ക്ക് കഴിഞ്ഞു.
പ്രധാന എതിരാളികളുമായി തട്ടിക്കുമ്പോള്‍ റീട്ടെയ്ല്‍ ശാഖയ്ക്ക് 8,000 കോടി രൂപയുടെ വിപണി മൂല്യമുണ്ട്. ഷോപ്പേഴ്‌സ് ഷോപ്പിന് 3,102 കോടി രൂപയുടെയും ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈലിന് 2,588 കോടി രൂപയുടെയും വിപണി മൂല്യമേയുള്ളൂ.
ലണ്ടന്‍ ആസ്ഥാനമാക്കിയ സ്വകാര്യ നിക്ഷേപ സ്ഥാപനമായ അപെക്‌സ് പാര്‍ട്‌നേഴ്‌സും ഇന്ത്യയില്‍ തന്നെയുള്ള ചെറെയ്‌സ് കാപ്പിറ്റലും അരവിന്ദിന്റെ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഐസിഐസിഐ വെഞ്ച്വറിന്റെ മുന്‍ ചീഫ് രേണുക രാംനാഥിന്റെ സ്ഥാപനമായ മള്‍ട്ടിപ്ലെസ് നാലു വര്‍ഷം മുന്‍പും 150 കോടിരൂപ ചെലവിട്ട് അരവിന്ദിലെ 4 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയുണ്ടായി. ഇതുകൂടാതെ പിവിആര്‍ സിനിമാസ്, ലിവ്പ്യുര്‍, ലോജിസ്റ്റിക് സേവനദാതാക്കളായ ഡെല്‍ഹിവെരി ഉള്‍പ്പെടെയുള്ള കമ്പനികളില്‍ മള്‍ട്ടിപ്ലെസിന് നിക്ഷേപമുണ്ട്.

Comments

comments

Categories: Branding