മൂല്യമേറിയ വിദ്യാഭ്യാസം

മൂല്യമേറിയ വിദ്യാഭ്യാസം

fr-jacob-g-palackappillyഉന്നത വിദ്യാഭ്യാസ മേഖലയില്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയെന്നത് എക്കാലവും പ്രധാനമാണ്. അവ കൈമോശം വരാതെ വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും വേണം. ഇക്കാര്യത്തില്‍ എറണാകുളം രൂപതയുടെ പ്രയത്‌നങ്ങള്‍ എക്കാലവും പ്രശംസനീയമാണ്. ദിശാബോധം നല്‍കുന്നതായിരിക്കണം ഉന്നതവിദ്യാഭ്യാസം. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നോക്കം നിന്നിരുന്ന കാലത്ത് ഒരു പ്രദേശത്തിന് മുഴുവന്‍ ആശ്രയമായിരുന്ന ഭാരത മാത കോളെജ് തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കിയതും ഇതേ ദിശാബോധം തന്നെയായിരുന്നു. കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ ദര്‍ശനങ്ങളാണ് കോളെജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുതല്‍ക്കൂട്ട്. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗമായി വികസിച്ചുകൊണ്ടിരിക്കുന്ന തൃക്കാക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ കോളെജ് സമൂഹ നന്മ മുന്‍നിര്‍ത്തിയും വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടിയും ചെയ്തിട്ടുള്ള കാര്യങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നവയാണ്.

”കോളെജ് തുടങ്ങുന്ന കാലത്ത് വികസനം കടന്നുചെന്നിട്ടില്ലാത്ത പ്രദേശമായിരുന്നു കാക്കനാട്. അത്തരമൊരു സ്ഥലത്തെത്തി ഇങ്ങനെയൊരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയപ്പോള്‍ വിവിധകേന്ദ്രങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എറണാകുളം ജില്ലയുടെ പ്രധാന കേന്ദ്രമായി കാക്കനാട് മാറുന്നതായി നമുക്ക് കാണാനാവും. എജ്യൂക്കേഷന്‍ – ഐടി ഹബ്ബെന്നുതന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലേക്ക് ഈ പ്രദേശം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഭാരത മാത കോളെജ് വന്നശേഷമാണ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്നുമുതല്‍ ഇന്ന് വരെ ഈ സ്ഥാപനം ആയിരക്കണക്കിന് കുട്ടികള്‍ക്ക് അത്താണിയാണ്,” കോളെജിന്റെ തുടക്കത്തെക്കുറിച്ച് മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ ജേക്കബ് ജി പാലയ്ക്കാപ്പള്ളി പറയുന്നു. ഫീസ് ഒഴികെയുള്ള തുകയോ ഡൊണേഷനോ സ്വീകരിക്കുന്നില്ലായെന്നതാണ് ഭാരത മാതയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ഏതെങ്കിലും സര്‍ക്കാരിനോ സംഘടനയ്‌ക്കോ വിദ്യാഭ്യാസത്തിലൂടെ കൊള്ള ലാഭം കൊയ്യുന്നുവെന്ന ആരോപണം ഈ കോളെജിനുമേല്‍ ഉന്നയിക്കാനാവില്ല. കോളെജില്‍ അണ്‍ എയ്ഡഡ് സെക്ടര്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 15 വര്‍ഷമായി. 3200 വിദ്യാര്‍ഥികളും 130-ഓളം ടീച്ചിംഗ്- നോണ്‍ ടീച്ചിംഗ് ജീവനക്കാരും ഇന്ന് സ്ഥാപനത്തിന്റെ ഭാഗമാണ്.

എല്ലാവര്‍ക്കും വിദ്യാഭ്യാസം

തൃക്കാക്കരയുടെ മണ്ണില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകളുമായി ഭാരത മാത കോളെജ് തലയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് നീണ്ട 51 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ എത്തിക്കുകയെന്ന കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ ദീര്‍ഘദര്‍ശനമാണ് തുടക്കകാലംമുതല്‍ ഇന്നുവരെ സ്ഥാപനം പിന്തുടരുന്നത്. അപ്പോയ്‌മെന്റിനും അഡ്മിഷനും പണം കൈപ്പറ്റാത്ത വ്യത്യസ്തമായ രീതിയാണ് സ്ഥാപനം പിന്തുടരുന്നത്. ”ഇന്ന് ലക്ഷങ്ങളാണ് പല കോളേജുകളും ജീവനക്കാരെ നിയമിക്കാനും അഡ്മിഷനുമായി കൈപ്പറ്റുന്നത്. എന്നാല്‍ ഇതുവരെ ഇത്തരത്തിലുള്ള യാതൊരു ഡൊണേഷനും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. നൂറുശതമാനം മെറിറ്റ് അടിസ്ഥാനത്തിലാണ് ഇവിടെ നിയമനങ്ങളും അഡ്മിഷനും നടത്തുന്നത്,” ഫാദര്‍ ജേക്കബ് വ്യക്തമാക്കുന്നു.
എല്ലാവിഷയത്തിനും എ പ്ലസ് മാത്രം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല ഭാരത് മാതയില്‍ അഡ്മിഷന്‍ ലഭിക്കുക. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും, പല കാരണങ്ങളാല്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരും ഇവിടത്തെ വിദ്യാര്‍ഥി സമ്പത്താണ്. ഇത്തരം സാഹചര്യത്തിലും താരതമ്യേന മെച്ചപ്പെട്ട വിജയം സ്വന്തമാക്കാന്‍ കോളെജിന് കഴിഞ്ഞിട്ടുണ്ട്. ഏകജാലകവും സെമസ്റ്റര്‍ സിസ്റ്റവുമെല്ലാം വരുന്നതിന് മുന്‍പുതന്നെ ഭാരത മാത നിരവധി റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് ജന്മം നല്‍കിയിരുന്നതായി ഫാദര്‍ ജേക്കബ് സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അഡ്വാന്‍സ് കോച്ചിംഗും റെമഡിയല്‍ കോച്ചിംഗും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ് സമയത്തിനുശേഷം അധ്യാപകര്‍ ഇത്തരം കോച്ചിംഗുകള്‍ക്ക് നേതൃത്വം നല്‍കുന്നു. മൊബൈല്‍ ആപ്ലിക്കേഷനിലാണ് ഇവിടെ വിദ്യാര്‍ത്ഥികളുടെ അറ്റന്‍ഡന്‍സ് മാര്‍ക്കുചെയ്യുന്നത്. വിദ്യാര്‍ത്ഥി ഒരു ദിവസം എത്ര മണിക്കൂര്‍ ക്ലാസുകളില്‍ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ചുള്ള വിശദമായ വിവരം രക്ഷകര്‍ത്താക്കള്‍ക്ക് അവരുടെ ഫോണില്‍ ലഭിക്കും.

മികച്ച അധ്യാപക സമ്പത്ത്

അധ്യാപകരെ തെരഞ്ഞെടുക്കുന്നതിലും ഭാരത മാത സജീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇപ്പോള്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന 80 ശതമാനം അധ്യാപകരും യുവാക്കളാണ്. 35 വയസില്‍ താഴെയുള്ളവരാണ് ഭൂരിഭാഗവും. ഇവരാരും തന്നെ എറണാകുളം രൂപതയില്‍ നിന്നുള്ളവരല്ല. മാനേജ്‌മെന്റ് എറണാകുളം അതിരൂപതയുടെ അധീനതയിലാണെങ്കിലും ഇത് ഒരിക്കലും അധ്യാപകരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മാനദണ്ഡമാവാറില്ലെന്ന് ഫാദര്‍ ജേക്കബ് വ്യക്തമാക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളും ഇവിടെ അധ്യാപന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അധ്യാപകരില്‍ 60 ശതമാനം പേരും പിഎച്ച്ഡി സ്വന്തമാക്കിയിട്ടുള്ളവരാണ്. കേരളത്തിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ഇവരില്‍ പന്ത്രണ്ടിലധികംപേര്‍ ഇപ്പോള്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്നു. റിസര്‍ച്ച് ചെയ്യുക മാത്രമല്ല, ഇതില്‍ ഭൂരിഭാഗംപേരും ഇന്റര്‍നാഷണല്‍ ജേണലുകളിലടക്കം ലേഖനങ്ങള്‍ എഴുതുന്നവരാണ്. ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്ന അധ്യാപകരെയാണ് തങ്ങള്‍ ഇവിടെ നിയമിച്ചിട്ടുള്ളതെന്നും ഫാദര്‍ ജേക്കബ് കൂട്ടിച്ചേര്‍ക്കുന്നു. അധ്യാപക-അനധ്യാപക ജീവനക്കാര്‍ തമ്മില്‍ വളരെ സൗഹാര്‍ദപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഒരു തരത്തിലുള്ള സ്പര്‍ധയോ മറ്റ് പ്രശ്‌നങ്ങളോ നില നില്‍ക്കുന്നില്ല. മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ എക്കാലവും പരസ്പര സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഫാദര്‍ ജേക്കബ് പറയുന്നു.

case-studies-e1334110545189അടിസ്ഥാന സൗകര്യങ്ങളില്‍ എന്നും മുന്നില്‍

14 കോഴ്‌സുകളാണ് ഇപ്പോള്‍ ഭാരത മാതയിലുള്ളത്. കോണ്‍ഫറന്‍സ് ഹാളോടു കൂടിയ ലൈബ്രറി, ഇന്റര്‍നെറ്റ് സൗകര്യങ്ങളോടു കൂടിയ കംപ്യൂട്ടര്‍ ലാബ്. കംപ്യൂട്ടര്‍ സെന്റര്‍, ഗൈഡന്‍സ് ബ്യൂറോ, കൗണ്‍സലിംഗ് സെന്റര്‍, ബുക്ക് സ്റ്റാള്‍, ബാങ്കിംഗ് സൗകര്യങ്ങള്‍, സ്റ്റഡി സെന്റര്‍, ലാംഗ്വേജ് ലാബ്, മിനി മള്‍ട്ടി ജിം, സ്റ്റുഡന്റ്‌സ് സെന്റര്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി മികച്ച ഗ്രൗണ്ടും ക്രമീകരിച്ചിട്ടുണ്ട്. കോളെജിന് പെണ്‍കുട്ടികളുടെ ബാസ്‌കറ്റ് ബോള്‍ ടീമുമുണ്ട്. പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ടീം തുടങ്ങാനുള്ള ഒരുക്കങ്ങളിലാണിപ്പോള്‍ അധികൃതര്‍. ബാഡ്മിന്റണ്‍ ടീമുമുണ്ട്. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാന്‍ കോളജ് അധികൃതര്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്.
വിദ്യാര്‍ഥികളുടെ കരിയര്‍ വികസിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും തങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ഫാദര്‍ ജേക്കബ് പറയുന്നു. സ്ഥിരമായി ബാങ്ക് കോച്ചിംഗിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാങ്കിംഗ് മേഖലയില്‍ വിദഗ്ധരായ ഫാക്കല്‍റ്റികളാണ് കോച്ചിംഗ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. താല്‍പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇതില്‍ പങ്കെടുക്കാനാവും. ഇതോടൊപ്പം പിഎസ്‌സി കോച്ചിംഗും കുട്ടികള്‍ക്കായി നല്‍കുന്നുണ്ട്. താല്‍പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കാം. ഇതോടൊപ്പം മികച്ച ഒരു കരിയര്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും ക്യാംപസില്‍ പ്രവര്‍ത്തിക്കുന്നു. സിവില്‍ സര്‍വീസ് കോച്ചിംഗും നടത്തി വരുന്നുണ്ട്. ഇതും ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് നല്‍കുന്നത്. ഇവിടെ വന്ന് പഠിച്ച ഒരു കുട്ടിപോലും അര്‍ഹമായ സ്ഥാനത്ത് എത്താതിരിക്കരുതെന്ന നിര്‍ബന്ധം തങ്ങള്‍ക്കുണ്ടെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങളെല്ലാം തങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പൊന്‍തൂവലായി ബിഎംഐഎം

സാമൂഹികപ്രതിബദ്ധതയുള്ള ഒരുകൂട്ടം ബിസിനസ് മേധാവികളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് ഭാരത മാത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്. എംജി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തും എഐസിടിഇ അപ്രൂവ് ചെയ്തുമാണ് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭകത്വം പരിപോഷിപ്പിക്കാനുള്ള എല്ലാ നടപടികളും ഇവിടെ സ്വീകരിക്കുന്നുണ്ട്. സ്വകാര്യ- ഉദാര-ആഗോളവത്കരണ നയങ്ങളുടെ ആവിര്‍ഭാവത്തിലൂടെ മാനേജ്‌മെന്റ് വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ച പ്രാധാന്യം മുന്‍നിര്‍ത്തിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എംബിഎ ബിഎംഐഎമ്മിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചത്. മേഖലയില്‍ വിജയം കൈവരിച്ചിട്ടുള്ള സിഇഒമാരുടെയും ഇന്‍ഡസ്ട്രി പ്രൊഫഷണലുകളുടെയും ഉപദേശങ്ങളും നിര്‍ദേശങ്ങളും ഇവിടെ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പുവരുത്താന്‍ പ്ലേസ്‌മെന്റ് സെല്ലും കോളജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെല്ലിലൂടെ മേഖലയിലേക്ക് കടന്നവരെല്ലാം അവരവരുടെ കര്‍മപഥങ്ങളില്‍ മികവുതെളിയിച്ച് കഴിഞ്ഞിരിക്കുന്നു. എസ്ബിഐ, എസ്ബിടി, കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഐസിഐസിഐബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്‌ഐബി, എസ്ബിഐ ലൈഫ്, റിലയന്‍സ് ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ്, സിന്തൈറ്റ്, എവിടി, വിഡിയോകോണ്‍, എയര്‍ടെല്‍, ഐബിഎസ്, എസിഎസ്, ഐഡിയ, വോഡഫോണ്‍, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ബിഎംഐഎമ്മിന്റെ ഇന്‍ഡസ്ട്രിയല്‍ പാര്‍ട്‌നര്‍മാരാണ്.

ഒരു ഓട്ടോണമസ് കോളെജ് ആയി മാറുകയെന്ന ലക്ഷ്യവുമായാണ് ഭാരത മാത ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനേക്കാളുപരിയായി സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ ഒരു സര്‍വകലാശാല തന്നെയായി വികസിപ്പിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഫാദര്‍ ജേക്കബ് പറയുന്നു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ എല്ലാ തരത്തിലും ഡിജിറ്റലൈസ്ഡായ വിദ്യാഭ്യാസ സ്ഥാപനമായി മാറാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അക്കാദമിക് തലത്തില്‍ ഇതിനായി പ്രയത്‌നിക്കാന്‍ ഞങ്ങള്‍ തയാറാണ്. അധ്യാപകരുടെ മികച്ച നിലവാരവും ഇതിനായി ഉപയോഗപ്പെടുത്തുമെന്നും അതിനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ വികസിപ്പിച്ചെടുക്കുമെന്നും ഫാദര്‍ ജേക്കബ് കൂട്ടിച്ചേര്‍ക്കുന്നു.

Comments

comments

Categories: FK Special