വൈദ്യരത്‌നം അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനം

വൈദ്യരത്‌നം അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനം

കൊച്ചി: അഷ്ടവൈദ്യന്‍ തൈക്കാട്ടുമൂസ്സ് വൈദ്യരത്‌നം ആയുര്‍വേദ ഔഷധശാലയുടെ 70ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനം സംഘടിപ്പിക്കുന്നു. സംസ്ഥാന ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും തൃശ്ശൂര്‍ സെന്ററിന്റെയും പിന്തുണയോടെ ‘വജ്ര-2016’ എന്ന പേരില്‍ അടുത്ത വര്‍ഷം ജനുവരി 13,14,15 തീയതികളില്‍ തൃശ്ശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുക.

കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ആയുഷ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളന ത്തില്‍ പങ്കെടുക്കും. 1000 ഡോക്ടര്‍മാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 200ല്‍ പരം വിദേശ പ്രതിനിധികളേയും ലക്ഷ്യമിടുന്നുവെന്ന് വൈദ്യരത്‌നം ഔഷധശാല ഡയറക്ടറും ‘വജ്ര – 2016’ സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറുമായ ഡോ. ഇ.ടി നീലകണ്ഠന്‍ മൂസ് പറഞ്ഞു.

‘ജീവിതശൈലി രോഗങ്ങളും ആയുര്‍വേദ ചികിത്സയും’ എന്നതാണ് സമ്മേളനത്തിന്റെ വിഷയം. രജിസ്‌ട്രേഷന് www.vajra2016.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അന്താരാഷ്ട്ര വിദഗ്ധര്‍ ഈ വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. മൂസ് പറഞ്ഞു. ജീവിതശൈലീ രോഗങ്ങളുമായി ചികിത്സ തേടിവരുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും വ്യായാമശീലം ഇല്ലാത്ത ഉദാസീനമായ ജീവിതരീതിയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുമായി ചേര്‍ന്ന് ആയുര്‍വേദത്തിന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ട് വൈദ്യരത്‌നം ആയുര്‍വേദ ഔഷധശാലകാംപെയ്ന്‍ സംഘടിപ്പിക്കുന്നതിനു വേണ്ടി സെമിനാര്‍ നടത്തുന്നതായും ഡോ. മൂസ് പറഞ്ഞു.

ആയുര്‍വേദ വിപണന രംഗത്ത് വ്യക്തമായ സാന്നിധ്യം ഉള്ള വൈദ്യ രത്‌നം കേരളത്തില്‍ തൈക്കാട്ടുശ്ശേരി, ചുവന്നമണ്ണ് എന്നീ സ്ഥലങ്ങളിലുള്ള ഔഷധ നിര്‍മ്മാണ യൂണിറ്റുകള്‍ക്കു പുറമെ തമിഴ്‌നാട് പൊള്ളാച്ചിയിലുള്ള യൂണിറ്റിലും ഔഷധങ്ങള്‍ നിര്‍മ്മിച്ചുവരുന്നു. ഇന്ത്യയില്‍ 1500ല്‍ പരം ആയുര്‍വേദ വിപണന കേന്ദ്രങ്ങള്‍ ഉള്ള വൈദ്യരത്‌നം നടപ്പ് സാമ്പത്തികവര്‍ഷം ഔഷധവിപണിയില്‍ നിന്നു മാത്രമായി 120 കോടിരൂപ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് നേതൃത്വം നല്‍കി വരുന്നത്.

Comments

comments

Categories: Branding, Slider