വൈദ്യുത പദ്ധതി: എസ്ബിഐയുടെ നേതൃത്വത്തിലെ കണ്‍സോര്‍ഷ്യം നിക്ഷേപകരെ തേടുന്നു

വൈദ്യുത പദ്ധതി: എസ്ബിഐയുടെ നേതൃത്വത്തിലെ കണ്‍സോര്‍ഷ്യം നിക്ഷേപകരെ തേടുന്നു

ന്യൂഡെല്‍ഹി: എസ്ബിഐയുടെ നേതൃത്വത്തിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 600 മെഗാവാട്ട് വൈദ്യുത പ്ലാന്റ് സ്ഥാപിക്കുന്നതിന് നിക്ഷേപകരെ തേടുന്നു. ചത്തീസ്ഗഡിലെ റായ്ഗഡിലാണ് വൈദ്യുത പ്ലാന്റ് നിര്‍മിക്കുന്നത്. എസ്ബിഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനര്‍ ആന്‍ഡ് ജയ്പൂര്‍, എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ്, പിറ്റിസി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് കൂട്ടായ്മയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിക്ഷേപ സമാഹരണത്തിനുള്ള ഉപദേശക സ്ഥാനത്തേക്ക് ഐഡിബിഐ കാപ്പിറ്റലിനെ നിയോഗിച്ചിട്ടുണ്ട്.

രണ്ടു ഘട്ടങ്ങളിലായി ആകെ 1200 മെഗാവാട്ട് ശേഷിയുള്ള താപ വൈദ്യുത നിലയം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗിക്കുന്നു. പദ്ധതിക്ക് 3,787.20 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിച്ചതെങ്കിലും നടപ്പിലാക്കുന്നതിലെ കാലതാമസം കാരണം അത് 5,673.2 കോടി രൂപയിലെത്തുകയായിരുന്നു.
2011 ജനുവരിയില്‍ അനുമതി ലഭിച്ച പദ്ധതിയുടെ ഒന്നാം യൂണിറ്റ് 2014 ഏപ്രിലിലും രണ്ടാം യൂണിറ്റ് ജൂലൈയിലും കമ്മീഷന്‍ ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍, കരാര്‍ ഏറ്റെടുത്ത കമ്പനി സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് കണ്‍സോര്‍ഷ്യം ചൂണ്ടിക്കാട്ടി. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിനുള്ള തിയതി 2016 മാര്‍ച്ച്, മെയ് മാസങ്ങളിലേക്ക് നീട്ടിയിരുന്നെങ്കിലും അതു പാലിക്കാനും കരാറുകാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ഈ വര്‍ഷം ഡിസംബര്‍ വരെ നീട്ടിനല്‍കുകയായിരുന്നു.

Comments

comments

Categories: Branding