ആര്‍ബിഐ സൈബര്‍ക്രൈം ഓഡിറ്റ് സംഘടിപ്പിക്കുന്നു

ആര്‍ബിഐ  സൈബര്‍ക്രൈം ഓഡിറ്റ്  സംഘടിപ്പിക്കുന്നു

മുംബൈ: രാജ്യംകണ്ട ഏറ്റവും വലിയ സാമ്പത്തിക വിവര ചോരണം നടന്ന് ഒരു മാസത്തിനുശേഷം ബാങ്കുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). സ്വന്തം നിലക്കുള്ള സുരക്ഷാ കവചമൊരുക്കുന്നതിനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ബാങ്കുകളിലെ ഐടി സംവിധാനത്തിലെ പഴുതുകള്‍ പരിശോധിക്കാന്‍ ആര്‍ബിഐ നേരിട്ട് സൈബര്‍ക്രൈം ഓഡിറ്റ് സംഘടിപ്പിക്കും.

ഐടി സംവിധാനത്തിലെ പഴുതുകളെല്ലാം അടച്ച്, ഭാവിയില്‍ ഇത്തരത്തിലെ സുരക്ഷാ വീഴ്ച സംഭവിക്കാതിരിക്കാനുള്ള വഴികളെപ്പറ്റിയാണ് ആര്‍ബിഐ ആലോചിക്കുന്നത്. എന്നാല്‍, നടപടികള്‍ അന്വേഷണ രൂപത്തിലായിരിക്കുകയില്ല, മറിച്ച് ഓഡിറ്റ് രൂപത്തിലായിരിക്കും. പുറത്തു നിന്നും അകത്തു നിന്നുമുള്ള ബാങ്കുകളുടെ സൈബര്‍ സുരക്ഷയെപ്പറ്റി ആര്‍ബിഐ പരിശോധന നടത്തുമെന്നും അവര്‍ വ്യക്തമാക്കി.
32 ലക്ഷം ഡെബിറ്റ് കാര്‍ഡുകളുടെ സെക്യൂരിറ്റി കോഡ് സുരക്ഷിതമല്ല. ഇവയിലൂടെ നുഴഞ്ഞുകയറിയാണ് തട്ടിപ്പുകാര്‍ ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ് ആഴ്ചകളില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എടിഎമ്മുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ചുയര്‍ന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ബാങ്ക് തട്ടിപ്പ്, ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ സര്‍വാദെയുടെ നേതൃത്വത്തിലെ ഒരു സംഘത്തെ ആര്‍ബിഐ ഇതിനോടകം നിയമിച്ചുകഴിഞ്ഞു. ബാങ്കുകളിലെ ഐടി സംവിധാനം പരിശോധിക്കുന്നതിനായി വരും മാസങ്ങളില്‍ കൂടുതല്‍ ടെക്കികളെ നിയോഗിക്കാനും കേന്ദ്ര ബാങ്ക് പദ്ധതി തയാറാക്കിവരുന്നു. സൈബര്‍ സെക്യൂരിറ്റി സ്ഥാപനങ്ങളുടെ പിന്തുണയോടെ പുറത്തുനിന്നുള്ളവരുടെ സഹായം സ്വീകരിക്കാനും നീക്കമുണ്ട്. പുതിയ സുരക്ഷാ പദ്ധതിയെക്കുറിച്ച് ബാങ്കുകളെ ആര്‍ബിഐ ഇതിനോടകം അറിയിച്ചുകഴിഞ്ഞു.

Comments

comments

Categories: Banking, Slider