പേടിഎം പേമെന്റ് ബാങ്ക് ദീപാവലിക്ക് മുമ്പ് ഉണ്ടാകില്ല

പേടിഎം പേമെന്റ് ബാങ്ക് ദീപാവലിക്ക് മുമ്പ് ഉണ്ടാകില്ല

 

ന്യൂഡെല്‍ഹി : പേടിഎമ്മിന്റെ പേമെന്റ് ബാങ്ക് ദീപാവലിക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധ്യതയില്ല. റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി നീണ്ടുപോകുന്നതാണ് ദീപാവലിയോടനുബന്ധിച്ച് വ്യാവസായിക അവതരണം നടത്താനുള്ള പേടിഎമ്മിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്.
പേമെന്റ് ബാങ്ക് തുടങ്ങുന്നതിന് എല്ലാതരത്തിലും തയാറെടുത്തുകഴിഞ്ഞെന്നും എന്നാല്‍ ആര്‍ബിഐയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. അനുമതി ലഭിച്ചാലുടന്‍ ബാങ്ക് പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനം തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ പേമെന്റ് ബാങ്ക് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും വിജയ് ശേഖര്‍ ശര്‍മ വ്യക്തമാക്കി.

പേടിഎം പേമെന്റ് ബാങ്ക് ആരംഭിക്കുന്നതിന് ലക്ഷ്യമിട്ട കാലപരിധി കഴിഞ്ഞ ഏപ്രിലിന് ശേഷം ഇത് മൂന്നാം തവണയാണ് തിരുത്തുന്നത്. 300 കോടി രൂപയാണ് പേടിഎം പേമെന്റ് ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം. പേടിഎം അടക്കം ആകെ 11 പേര്‍ക്കാണ് പേമെന്റ് ബാങ്ക് ലൈസന്‍സ് ലഭിച്ചിരുന്നത്. എന്നാല്‍ മൂന്ന് അപേക്ഷകര്‍ ഇതിനകം പദ്ധതിയില്‍ നിന്നു പിന്‍മാറി.

പേമെന്റ് ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളെ കമ്പനി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ശര്‍മ അറിയിച്ചു. വണ്‍97 കമ്യൂണിക്കേഷന്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പേടിഎം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇ-കോമേഴ്‌സ്, പെയ്‌മെന്റ് ബാങ്ക് ബിസിനസുകള്‍ വിഭജിച്ചിരുന്നു. ചൈനീസ് ഭീമനായ ആലിബാബയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായായാണ് പേടിഎം ഇ-കോമേഴ്‌സിനെ കമ്പനി രജിസ്ട്രാറില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തത്.

Comments

comments

Categories: Banking

Related Articles