പാകിസ്ഥാന്‍ സമഗ്ര പരിവര്‍ത്തനത്തിന് വിധേയമാകണം : ഐഎംഎഫ്

പാകിസ്ഥാന്‍ സമഗ്ര പരിവര്‍ത്തനത്തിന് വിധേയമാകണം : ഐഎംഎഫ്

 

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പുരോഗതിയുടെ പാത സ്വയം വെട്ടിത്തെളിക്കണമെന്നും സാമ്പത്തിക രംഗത്ത് സമഗ്ര പരിവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ ചാടിപ്പിടിക്കണമെന്നും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റിന്‍ ലഗാര്‍ദെ. പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു ലഗാര്‍ദെ.

ഐഎംഎഫ് സഹായത്തോടെ തുടങ്ങിവെച്ച സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ലഗാര്‍ദെ പാകിസ്ഥാനെ അഭിനന്ദിച്ചു. ദേശീയ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനവും ശക്തമായ പബ്ലിക് ഫിനാന്‍സും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉറച്ച അടിത്തറയൊരുക്കും. നികുതിയിളവുകള്‍ പലതും എടുത്തുകളയാന്‍ സര്‍ക്കാരിന് സാധിച്ചു. വികസനകാര്യങ്ങളിലെയും സാമൂഹ്യസുരക്ഷാ മേഖലയിലെയും സര്‍ക്കാര്‍ നിക്ഷേപം വര്‍ധിച്ചു. നിലവില്‍ 1.5 മില്യണ്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സാമൂഹ്യസേവന സഹായങ്ങള്‍ ലഭ്യമാണ്. വൈദ്യുതിക്ഷാമം കുറഞ്ഞുവരുന്നതിനൊപ്പം വൈദ്യുതി രംഗം നല്ല സാമ്പത്തിക സ്ഥിതിയിലുമാണ്. രാജ്യമാകെ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും ഐഎംഎഫ് മാനേജിംഗ് ഡയറക്റ്റര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

വളരെയധികം നേട്ടങ്ങള്‍ കരസ്ഥമാക്കിയെങ്കിലും അത്ര തന്നെ ഇനിയും മുന്നേറാനുണ്ട്. സമ്പദ് വ്യവസ്ഥയിലെ അവശേഷിക്കുന്ന വെല്ലുവിളികള്‍ നേരിടാനുള്ള വലിയ അവസരമാണ് പാകിസ്ഥാന് കൈവന്നിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിത്തറയൊരുക്കണമെന്നും ഐഎംഎഫ് മേധാവി ആവശ്യപ്പെട്ടു.

Comments

comments

Categories: Slider, Top Stories