ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ ജെഎസ്ഡബ്ല്യു സിമന്റ്

ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ ജെഎസ്ഡബ്ല്യു സിമന്റ്

മുംബൈ: ഉല്‍പ്പാദനശേഷി പതിനേഴ് മില്ല്യണ്‍ ടണ്ണായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ 2018ന്റെ തുടക്കത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ജെഎസ്ഡബ്ല്യു സിമന്റ്. പരിസ്ഥിതി-സൗഹൃദ കോണ്‍ക്രീറ്റ് (ഇഎഫ്‌സി) അവതരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓസ്‌ട്രേലിയന്‍ കമ്പനിയായ വാഗണേഴ്‌സിനൊപ്പം ചേര്‍ന്ന് സംയുക്ത സംരംഭത്തിന് രൂപംകൊടുത്തെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

നിലവിലെ 6.8 മില്ല്യണ്‍ ടണ്ണില്‍ നിന്ന് 17 മില്ല്യണ്‍ ടണ്ണിലേക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇത് 2018 ഏപ്രിലോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടകയിലെ വിജയനഗറിലുള്ള പ്ലാന്റിന്റെയും പശ്ചിമ ബംഗാളിലെ പ്ലാന്റിന്റെയും ശേഷി 2.4 മില്ല്യണ്‍ ടണ്‍ വീതവും മഹാരാഷ്ട്ര, മാംഗ്ലൂര്‍, ഒഡീഷ എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ ശേഷി 1.2 മില്ല്യണ്‍ ടണ്‍ വീതവും ഉയര്‍ത്തും. ഇതിന് ആകെ 2,700 കോടി രൂപയുടെ ചെലവ് കണക്കുകൂട്ടുന്നു-ജെഎസ്ഡബ്ല്യു മാനേജിംഗ് ഡയറക്റ്റര്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു. യുഎഇയിലെ ഫുജൈറ പ്ലാന്റിന്റെ ശേഷി ഒരു മില്ല്യണ്‍ ടണ്ണും വര്‍ധിപ്പിക്കും. പതിനെട്ട് മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്- അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ ഇഎഫ്‌സി അവതരിപ്പിക്കുന്നതിന് ഓസ്‌ട്രേലിയന്‍ കമ്പനിയായ വാഗണേഴ്‌സുമായി ചേര്‍ന്ന് ജെഎസ്ഡബ്ല്യു-വാഗണേഴ്‌സ് എന്ന സംരംഭത്തിനും കമ്പനി രൂപം നല്‍കി. ജെഎസ്ഡബ്ല്യു സിമന്റിന്റെ സഹസ്ഥാപനമെന്ന നിലയില്‍ ഇത് പ്രവര്‍ത്തിക്കും. പുതിയ സംരംഭത്തിന്റെ 74 ശതമാനം ഓഹരികളും ജെഎസ്ഡബ്ല്യു ആണ് കൈയാളുക. അവശേഷിക്കുന്ന ഓഹരികള്‍ വാഗണേഴ്‌സ് ഗ്രൂപ്പ് കൈവശംവയ്ക്കും. ജനുവരി മുതല്‍ പുതിയ കമ്പനി പ്രവര്‍ത്തിച്ചു തുടങ്ങും. ഇന്ത്യയില്‍ ഇഎഫ്‌സി പ്രോത്സാഹിപ്പിക്കുക, ജിയോപോളിമര്‍ അടിസ്ഥാനമാക്കിയുള്ള സിമന്റ് വിഭാഗം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും ജിന്‍ഡാല്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ജൂലൈ മുതല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ദക്ഷിണേന്ത്യയില്‍ ലഭ്യമാക്കും.
പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നമായ ഇഎഫ്‌സി വലിയ തോതില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന പോര്‍ട്ട്‌ലാന്‍ഡ് സിമന്റിന് പകരമായി ഉപയോഗിക്കാം. ഇഎഫ്‌സി കോണ്‍ക്രീറ്റില്‍ സിമന്റ് അടങ്ങിയിട്ടില്ല. വ്യവസായിക ഉപ ഉല്‍പ്പന്നങ്ങളായി സ്ലാഗും ഫ്‌ളൈ ആഷും ഉപയോഗിക്കാനും കഴിയും. സ്രോതസുകളുടെ സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയവയ്ക്ക് ഇഎഫ്‌സി സഹായിക്കും. ഇഎഫ്‌സി ബിസിനസിന് ഭാവിയില്‍ വലിയ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ജിന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding